നെല്ലുസംഭരണം: തൃശൂർ ജില്ലയിൽ 26 കോടി കുടിശിക: മന്ത്രി രാജൻ
1581356
Tuesday, August 5, 2025 1:04 AM IST
തൃശൂർ: നെല്ലുസംഭരണവുമായി ബന്ധപ്പെട്ട പ്രശ്നങ്ങൾ കർഷകരെ ബാധിച്ചെന്നും മേയ് 10 വരെയുള്ള വിലയാണു നൽകാൻ കഴിഞ്ഞതെന്നും റവന്യൂമന്ത്രി കെ. രാജൻ. ഇക്കുറി തൃശൂരിൽമാത്രം 245 കോടിയുടെ നെല്ലു സംഭരിച്ചു. പല തലങ്ങളിൽ 218.76 കോടി വിതരണംചെയ്തു. 3545 കർഷകർക്ക് 26.41 കോടി കുടിശികയുള്ളതു ഗൗരവമായി കാണുന്നതായും മന്ത്രി പറഞ്ഞു. കോൾമേഖലാ കർഷക പ്രതിനിധികളുടെ വാർഷികപൊതുയോഗം തൃശൂർ ടൗണ്‍ഹാളിൽ ഉദ്ഘാടനംചെയ്തു പ്രസംഗിക്കുകയായിരുന്നു അദ്ദേഹം.
നെല്ലിന്റെ സംഭരണവിലയായ 28.20 രൂപയിൽ 23 രൂപ കേന്ദ്രം നൽകേണ്ടതാണ്. ഈ വർഷം കേന്ദ്രസർക്കാർ 1109 കോടി കുടിശിക വരുത്തി. 206 കോടി ജൂണ്‍-ജൂലൈയിൽ ലഭ്യമാക്കുമെന്ന് അറിയിച്ചിട്ടും നൽകിയിട്ടില്ല. നെൽവിലവർധനയിൽ ഓണത്തിനുമുന്പായി ചർച്ച നടത്തുമെന്നും മന്ത്രി പറഞ്ഞു.
23,973 ഹെക്ടർ സ്ഥലത്താണ് നെൽകൃഷി ചെയ്തത്. ഈ സാന്പത്തികവർഷം നാലുകോടി രൂപയ്ക്കു മുകളിൽ കുമ്മായം വിതരണംചെയ്യാൻ കഴിഞ്ഞു. കഴിഞ്ഞതവണത്തെക്കാൾ ഇരട്ടിയോളം ഭൂമി തരിശുരഹിതമായി. ഓപ്പറേഷൻ ഡബിൾ കോൾ പദ്ധതിയിൽ രണ്ടാംകൃഷിക്കായി 15 ലക്ഷം പ്രാഥമികമായി വകയിരുത്തി. ഇതെല്ലാം ഗുണകരമായി വിനിയോഗിക്കേണ്ടതുണ്ടെന്നും മന്ത്രി പറഞ്ഞു.
കോൾ കർഷകസംഘം ജില്ലാ പ്രസിഡന്റ് മുരളി പെരുനെല്ലി എംഎൽഎ, ജനറൽ സെക്രട്ടറി കെ.കെ. കൊച്ചുമുഹമ്മദ്, ജില്ലാ കളക്ടർ അർജുൻ പാണ്ഡ്യൻ, സബ് കളക്ടർ അഖിൽ വി. മേനോൻ എന്നിവർ പങ്കെടുത്തു.
ഇറിഗേഷൻ ഉപദേശക
സമിതി രൂപീകരിച്ചു
തൃശൂർ: കോൾപ്പടവ് കർഷകരുടെ പ്രതിനിധിയോഗത്തിൽ 11 അംഗ ഇറിഗേഷൻ ഉപദേശകസമിതി രൂപീകരിച്ചു. ഇറിഗേഷൻ എക്സിക്യുട്ടീവ് എൻജിനീയറാണ് അധ്യക്ഷൻ. സമിതിയുടെ നേതൃത്വത്തിലാണു വിവിധ കോൾപ്പടവുകളിലേക്കുള്ള ജലവിതരണം സംബന്ധിച്ച തീരുമാനമെടുക്കുക.
മുരളി പെരുനെല്ലി എംഎൽഎ, തൃശൂർ ജില്ല കോൾ കർഷകസംഘം പ്രസിഡന്റ് കെ.കെ. കൊച്ചുമുഹമ്മദ്, എൻ.കെ. സുബ്രഹ്മണ്യൻ, കെ.കെ. രാജേന്ദ്രബാബു, കെ.കെ. ഷൈജു, പി.ആർ. വർഗീസ്, കൊളങ്ങാട്ട് ഗോപിനാഥൻ, എ.ആർ. രാജീവ്, കെ.എസ്. അർജുനൻ, അഡ്വ. വി. സുരേഷ് കുമാർ, സി.എ. പോൾ എന്നിവരാണ് അംഗങ്ങൾ.