മെഡിക്കൽ കോളജിൽ ഓണം അടിപൊളി
1589822
Sunday, September 7, 2025 11:31 PM IST
കോട്ടയം: തിരുവോണദിനത്തില്‍ കോട്ടയം മെഡിക്കല്‍ കോളജ് ആശുപത്രിയിലുള്ളവരുടെ വയറും മനസും നിറച്ചു നവജീവന്‍ ട്രസ്റ്റും സന്നദ്ധ സംഘടനകളും. രാവിലെ 10നു കാന്‍സര്‍ വാര്‍ഡില്‍ ഉള്‍പ്പെടെയുള്ള രോഗികള്‍ക്കും കൂട്ടിരിപ്പുകാര്‍ക്കും നവജീവന്റെ നേതൃത്വത്തില്‍ ചിക്കന്‍ ബിരിയാണി വിതരണം ചെയ്തു. തുടര്‍ന്നു രാവിലെ 11ന് എന്റെ ഗ്രാമം പദ്ധതിയുടെ ഭാഗമായി സന്നദ്ധ സംഘടന രോഗികള്‍ക്കും കൂട്ടിരിപ്പുകാര്‍ക്കും ഓണസദ്യ നല്കി.
ഉച്ചയ്ക്കു ഡിവൈഎഫ്ഐയുടെ നേതൃത്വത്തില്‍ പൊതിച്ചോര്‍ വിതരണം നടത്തി. വൈകുന്നേരം നാലിനും നവജീവന്റെ നേതൃത്വത്തില്‍ ചികിത്സയില്‍ കഴിയുന്ന എല്ലാ രോഗികള്‍ക്കും അവരുടെ കൂട്ടിരിപ്പുകാര്‍ക്കും വിഭവസമൃദ്ധമായ ഓണസദ്യ നല്കി. കോട്ടയം, എറണാകുളം, ഇടുക്കി പത്തനംതിട്ട, ആലപ്പുഴ ജില്ലകളില്‍നിന്നുള്ള നൂറുകണക്കിനു രോഗികളും കൂട്ടിരിപ്പുകാരുമാണ് മെഡിക്കല്‍ കോളജ് ആശുപത്രിയിലെ വിവിധ വാര്‍ഡുകളിലായി ചികിത്സയില്‍ കഴിയുന്നത്.
തിരുവോണ ദിനത്തില്‍ രോഗികള്‍ക്കും കൂട്ടിരിപ്പുകാര്‍ക്കും മറക്കാന്‍ സാധിക്കാത്ത രീതിയിലുള്ള ദിവസമാണ് നവജീവന്റെയും മറ്റു സന്നദ്ധ സംഘടനകളുടെയും നേതൃത്വത്തില്‍ സമ്മാനിച്ചത്. വിവിധ രോഗങ്ങള്‍ നിമിത്തം വീടുകളില്‍ ഓണം ആഘോഷിക്കാന്‍ സാധിക്കാത്തവരാണ് മെഡിക്കല്‍ കോളജില്‍ കഴിയുന്ന രോഗികളും കൂട്ടിരിപ്പുകാരും. രോഗികളുടെയും കൂട്ടിരിപ്പുകാരുടെയും മാനസിക പ്രയാസം മുന്നിൽക്കണ്ടാണു നവജീവന്‍ ട്രസ്റ്റി പി.യു. തോമസ് എല്ലാവര്ക്കും ഓണസദ്യ നല്കാന് തീരുമാനിച്ചത്.
വര്‍ഷങ്ങള്‍ക്കു മുമ്പ് ചികിത്സയില്‍ കഴിയുന്ന രോഗികളുടെ ദുരവസ്ഥ മനസിലാക്കി ഭക്ഷണം വിതരണം ചെയ്ത പുണ്യപ്രവൃത്തിയില്നിന്നു പ്രചോദനമുള്‍ക്കൊണ്ടു നിരവധി സംഘടനകള്‍ ഈ മാതൃക പിന്തുടരുന്നതില് ഏറെ സന്തോഷമുണ്ടെന്ന് പി.യു. തോമസ് പറഞ്ഞു.