പാറേമാക്കല്‍ മാര്‍ തോമ്മാ കത്തനാരുടെ 290-ാം ജന്മദിനാഘോഷം നാളെ
1590066
Monday, September 8, 2025 11:42 PM IST
കടനാട്: മലങ്കരയിലെ മാര്‍ത്തോമ്മാ നസ്രാണി സമുദായത്തിന്റെ ഐക്യത്തിനും സ്വാതന്ത്ര്യത്തിനും വേണ്ടി അക്ഷീണം യത്നിക്കുകയും യാത്രാവിവരണ ഗ്രന്ഥമായ വര്‍ത്തമാന പുസ്തകത്തിന്റെ രചനയിലൂടെ മലയാളഭാഷയ്ക്കും സാഹിത്യത്തിനും അതുല്യ സംഭാവനകള്‍ നല്‍കുകയും ചെയ്ത ഗോവര്‍ണദോര്‍ പാറേമാക്കല്‍ മാര്‍ തോമ്മാ കത്തനാരുടെ 290-ാം ജന്മദിനാഘോഷം ജന്മസ്ഥലമായ കടനാട്ടില്‍ നടത്തും.
നാളെ വൈകുന്നേരം അഞ്ചിനു നടക്കുന്ന പൊതുസമ്മേളനത്തില്‍ സീറോമലബാര്‍ എക്യുമെനിക്കല്‍ കമ്മീഷന് ചെയര്മാന് മാര്‍ ജോസഫ് കല്ലറങ്ങാട്ട്, കേരള കൗണ്‍സില്‍ ഓഫ് ചര്‍ച്ചസ് ചെയര്മാന് അലക്സിയോസ് മാര്‍ യൗസേബിയൂസ് എന്നിവര്‍ അനുഗ്രഹപ്രഭാഷണം നടത്തും. വികാരി ജനറാൾ മോണ്‍. ജോസഫ് മലേപ്പറമ്പില്‍, കടനാട് ഫൊറോന പള്ളി വികാരി ഫാ. ജോസഫ് പാനാന്പുഴ, രാമപുരം ഫൊറോന പള്ളി വികാരി ഫാ. ബെര്‍ക്കുമാന്‍സ് കുന്നുംപുറം, ടോമി കല്ലാനി, ഷെവ. ഉമ്മച്ചന് വേങ്കടത്ത് തുടങ്ങിയവര്‍ പ്രസംഗിക്കും.
1736 സെപ്റ്റംബര്‍ 10ന് കടനാട്ടില്‍ ജനിച്ച മാര്‍ തോമ്മാ കത്തനാരുടെ പതിനെട്ടാം നൂറ്റാണ്ടിന്റെ ഉത്തരാര്‍ധത്തിലുള്ള എട്ടു വര്‍ഷം നീണ്ട ക്ലേശകരമായ റോമാ, പോര്‍ച്ചുഗല്‍ യാത്രയും മടങ്ങിവന്നതിനുശേഷമുള്ള സഭാ സമുദായ നേതൃത്വവും ടിപ്പുസുല്‍ത്താന്റെ പടയോട്ടക്കാലത്തെ സാഹസിക നേതൃത്വവും യാത്രാവിവരണ ഗ്രന്ഥമായ വര്‍ത്തമാന പുസ്തകത്തിന്റെ രചനയും അദ്ദേഹത്തെ പ്രശസ്തനാക്കി. സഭാചരിത്രത്തിന്റെ അറിവും ശ്രേഷ്ഠതയും അയവിറക്കാനും പുതിയ തലമുറയിലേക്ക് പകരാനുമാണ് പാറേമ്മാക്കല്‍ ജയന്തി ആഘോഷംകൊണ്ട് ഉദ്ദേശിക്കുന്നതെന്ന് പത്രസമ്മേളനത്തില്‍ പങ്കെടുത്ത വികാരി ജനറാള്‍ മോണ്‍. ജോസഫ് മലേപ്പറമ്പില്‍, ഫാ. സിറിള്‍ തയ്യില്‍, സെന്നിച്ചന് കുര്യന്, ബിനു വള്ളോംപുരയിടം, ബെന്നി ഈന്തനാക്കുന്നേല്‍, തോമസ് കാവുംപുറം എന്നിവര്‍ പറഞ്ഞു.