മാലിന്യശേഖരണ ബൂത്തുകൾ നോക്കുകുത്തി : ജനം ദുരിതത്തിൽ
1590032
Monday, September 8, 2025 7:11 AM IST
തലയോലപ്പറമ്പ്: മറവൻതുരുത്ത് പഞ്ചായത്തിന്റെ വിവിധ ഭാഗങ്ങളിൽ സ്ഥാപിച്ചിട്ടുള്ള മാലിന്യശേഖരണ ബൂത്തുകളിൽ ചിലത് പ്രധാന കവലകളിൽ മാലിന്യം നിറഞ്ഞ് ദുർഗന്ധം പരത്തുന്നതായി പരാതി. പ്ലാസ്റ്റിക് കുപ്പികളും മറ്റും നിക്ഷേപിക്കാൻ സ്ഥാപിച്ച ബോട്ടിൽ ബൂത്തുകളിൽ ചിലത് കാടുകയറി ഉപയോഗശൂന്യമായി.
ഇത്തരം കേന്ദ്രങ്ങളുടെ തുടർപ്രവർത്തനങ്ങളിൽ ഉദ്യോഗസ്ഥരും ജനപ്രതിനിധികളും ശ്രദ്ധ പതിപ്പിക്കാത്തതു മൂലമാണ് ലക്ഷങ്ങൾ മുടക്കി നടപ്പാക്കിയ പദ്ധതികൾ ലക്ഷ്യം കാണാതെ പോകുന്നതെന്ന് നാട്ടുകാർ ആരോപിക്കുന്നു.
പാലാംകടവിലെ ബസ് കാത്തിരിപ്പു കേന്ദ്രത്തിൽ മാലിന്യക്കൂമ്പാരം
എറണാകുളം, വൈക്കം തുടങ്ങിയ സ്ഥലങ്ങളിലേക്ക് സ്വകാര്യ ബസുകൾ സർവീസ് ആരംഭിക്കുന്ന മറവൻതുരുത്ത് പാലംകടവിലെ ബസ് കാത്തിരിപ്പുകേന്ദ്രത്തോടു ചേർന്നാണ് വേസ്റ്റ്ബിൻ സ്ഥാപിച്ചിരിക്കുന്നത്. നൂറുകണക്കിന് യാത്രക്കാർ എത്തുന്ന ബസ് കാത്തിരിപ്പ് കേന്ദ്രത്തിലെ വേസ്റ്റ് ബിന്നിൽ പേപ്പർ മാത്രമാണ് ഇടേണ്ടതെങ്കിലും രാത്രിയുടെ മറവിൽ സ്നഗിയും ഡയപ്പറും അടക്കമുള്ള മാലിന്യങ്ങളും ജൈവ-അജൈവ മാലിന്യങ്ങളും പ്ലാസ്റ്റിക് കൂടുകളിൽ കെട്ടി ഇവിടെ നിക്ഷേപിക്കുകയാണ്.
ചിലരെയൊക്കെ കൈയോടെ പിടികൂടി മാലിന്യം തിരിച്ചേൽപ്പിച്ചു വിട്ടിട്ടുണ്ടെന്ന് ഓട്ടോറിക്ഷാ ഡ്രൈവറർമാർ പറയുന്നു. മാലിന്യം ചീഞ്ഞളിഞ്ഞ് ദുർഗന്ധം അസഹ്യമാകുന്നത് യാത്രക്കാരെയും വീർപ്പുമുട്ടിക്കുന്നു. ഇവിടെ സിസിടിവി സ്ഥാപിക്കുന്നതിനോ വേസ്റ്റ്ബിൻ നീക്കുന്നതിനോ പഞ്ചായത്ത് അധികൃതർ നടപടി സ്വീകരിക്കണമെന്നാണ് യാത്രക്കാരുടെയും ഓട്ടോറിക്ഷാ തൊഴിലാളികളുടേയും ആവശ്യം.
കാടുപിടിച്ച് ബോട്ടിൽ ബൂത്ത്
മറവൻതുരുത്തു പഞ്ചായത്തിലെ ടോൾ ജംഗ്ഷനിലെ ബസ് സ്റ്റോപ്പും ഓട്ടോറിക്ഷാ സ്റ്റാൻഡും പിന്നിട്ട് വിജനമായ പുതുക്കുളങ്ങര ഭാഗത്ത് സ്ഥാപിച്ച ബോട്ടിൽ ബൂത്ത് കാടുകയറിയ നിലയിലാണ് .ഇഴജന്തുക്കളെ ഭയന്ന് ഒരാളും ഈഭാഗത്തേക്ക് പോകുന്നില്ല.ബോട്ടിൽ ബൂത്ത് ജനങ്ങൾ വന്നുപോകുന്നിടത്തേക്ക് മാറ്റി സ്ഥാപിക്കണമെന്ന് പ്രദേശവാസികളും ഏറെ കാലമായി ആവശ്യപ്പെട്ടുവരികയാണ്.
2024- 25 സാമ്പത്തിക വർഷത്തിൽ ശുചിത്വമിഷന്റെ ഫണ്ടും പദ്ധതിപ്പണവും ഉപയോഗിച്ചാണ് 25 ബോട്ടിൽ ബൂത്തുകളും 26 വേസ്റ്റ് ബിന്നും പഞ്ചായത്തിലെ വിവിധ വാർഡുളിൽ സ്ഥാപിച്ചത്. ഡയപ്പറും ഭക്ഷണാവശിഷ്ടങ്ങളും ഇതിനുള്ളിൽ കെട്ടിവയ്ക്കുന്നതിനെത്തുടർന്ന് ഹരിതകർമസേനാംഗങ്ങളെക്കൊണ്ട് മാലിന്യം നീക്കാൻ കഴിയാത്തതുമൂലം പുറത്തുനിന്നു രണ്ടുപേരെ നിയോഗിച്ചാണ് ഒരുതവണ മാലിന്യങ്ങൾ പഞ്ചായത്ത് നീക്കം ചെയ്തത്.
നിലവിലുണ്ടായിട്ടുള്ള മാലിന്യങ്ങൾ പഞ്ചായത്ത് പണം മുടക്കി നീക്കം ചെയ്യും. തുടർന്ന് വേസ്റ്റ് ബിന്നുകൾ പൊതുസ്ഥലങ്ങളിൽ സ്ഥാപിക്കാതെ സ്കൂളുകളിലും അങ്കണവാടികളിലും വ്യാപാരസ്ഥാപനങ്ങളിലും വീടുകളിലും നൽകാനാണ് തീരുമാനിച്ചിട്ടുള്ളത്.
പി. പ്രീതി, പ്രസിഡന്റ്,
മറവൻതുരുത്ത് പഞ്ചായത്ത്