എട്ടുനോമ്പാചരണത്തിനു സമാപനം : ഭക്തിനിർഭരമായി കന്യകമറിയത്തിന്റെ പിറവിത്തിരുനാൾ
1590312
Tuesday, September 9, 2025 6:54 AM IST
വെച്ചൂർ: കുടവെച്ചൂർ സെന്റ് മേരീസ് പള്ളിയിൽ പരിശുദ്ധ കന്യകമറിയത്തിന്റെ പിറവിത്തിരുനാൾ ആഘോഷം ഭക്തിനിർഭരമായി. തിരുനാൾ ദിനമായ ഇന്നലെ രാവിലെ അഞ്ചു മുതൽ ഒൻപതുവരെ തുടർച്ചയായി നടന്ന വിശുദ്ധ കുർബാനയ്ക്ക് ഫാ. പോൾ ആത്തപ്പിള്ളി, ഫാ. ആന്റണി കളത്തിൽ, ഫാ. സെബാസ്റ്റ്യൻ മാണിക്കത്താൻ, ഫാ. ജോർജ് തേലേക്കാട്ട്, ഫാ. ജോസ് വല്ലയിൽ തുടങ്ങിയവർ കാർമികത്വം വഹിച്ചു.
പത്തിനു നടന്ന തിരുനാൾ കുർബാനയ്ക്ക് ഫാ. വിപിൻ കുരിശുതറ മുഖ്യകാർമികത്വം വഹിച്ചു. ഫാ. സച്ചിൻ മാമ്പുഴയ്ക്കൽ, ഫാ. ജോസഫ് മേച്ചേരി എന്നിവർ സഹകാർമികത്വം വഹിച്ചു. ഉച്ചകഴിഞ്ഞ് രണ്ടിനും മൂന്നിനും നടന്ന വിശുദ്ധ കുർബാനയിൽ ഫാ. ജോസഫ് മാക്കോതക്കാട്ട്, ഫാ. ജിത്ത് പള്ളിപ്പാട്ട് എന്നിവർ കാർമികത്വം വഹിച്ചു.
തുടർന്ന് പള്ളിയിൽനിന്നു വേമ്പനാട്ട് കായലോരത്തെ കുരിശടിയിലേക്ക് നടന്ന തിരുനാൾ പ്രദക്ഷിണത്തിൽ ആയിരങ്ങൾ പ്രാർഥനാനിരതരായി. വെച്ചൂർ മുത്തിയുടെ കൃപാവരത്തിനായി മുത്തിയമ്മയുടെ തിരുസ്വരൂപത്തിൽ വെറ്റിലയെറിഞ്ഞ് വിശ്വാസികൾ ഉള്ളുരുകി പ്രാർഥിച്ചു. പ്രദക്ഷിണം പള്ളിയിൽ സമാപിച്ചതിനെത്തുടർന്ന് നടന്ന വിശുദ്ധ കുർബാനയ്ക്ക് ഫാ.സുരേഷ് മൽപ്പാൻ കാർമികത്വം വഹിച്ചു.
ഇന്നു മരിച്ചവരുടെ ഓർമദിനം. രാവിലെ ആറിനും 9.30നും വിശുദ്ധ കുർബാന ഫാ.സനീഷ് കാഞ്ഞിരക്കാട്ടുകരി, വൈകുന്നേരം അഞ്ചിന് വിശുദ്ധ കുർബാന- ഫാ. ജിനു പള്ളിപ്പാട്ട്. 15ന് എട്ടാമിടം തിരുനാളോടെ ആഘോഷങ്ങൾക്കു സമാപനമാകും.
തിരുനാൾ പരിപാടികൾക്ക് വികാരി ഫാ. പോൾ ആത്തപ്പിള്ളി, സഹവികാരി ഫാ. ആന്റണി കളത്തിൽ, കൈക്കാരൻ വക്കച്ചൻ മണ്ണത്താലിൽ, ഏബ്രഹാം റോജിഭവൻ, വൈസ് ചെയർമാൻ സേവ്യർ മീനപ്പള്ളി, പ്രസുദേന്തി ജോബ് അനുഗ്രഹ, ജനറൽ സെക്രട്ടറി ബിജു മിത്രംപള്ളി, പാരീഷ് കൗൺസിൽ സെക്രട്ടറി റോബിൻ മണ്ണത്താലിൽ തുടങ്ങിയവർ നേതൃത്വം നൽകി.
താഴത്തുപള്ളിയിൽ
കടുത്തുരുത്തി: സെന്റ് മേരീസ് ഫൊറോനാ താഴത്തുപള്ളിയില്‍ പരിശുദ്ധ കന്യകമറിയത്തിന്റെ പിറവിത്തിരുനാളും എട്ടുനോമ്പാചരണവും നടത്തി. തിരുനാളിനോടനുബനധിച്ച് എട്ടു ദിവസങ്ങളിലും ജപമാലയും വിശുദ്ധ കുര്‍ബാനയും ലദീഞ്ഞും ഉണ്ടായിരുന്നു. തിരുനാളിന്റെ സമാപനദിനമായ ഇന്നലെ പെരുന്തുരുത്ത് സെന്റ് മാത്യൂസ് പള്ളി വികാരി ഫാ. ഇമ്മാനുവേല്‍ കാഞ്ഞിരത്തുങ്കല്‍ പാട്ടുകുര്ബാനയര്പ്പിച്ചു സന്ദേശം നല്കി.
തുടര്‍ന്ന് ദൈവമാതാവിന്റെ തിരുസ്വരൂപവും വഹിച്ചുകൊണ്ടുള്ള പ്രദക്ഷിണവും നേര്‍ച്ച വിതരണവും നടന്നു. നൂറുകണക്കിനു വിശ്വാസികള്‍ തിരുക്കര്മങ്ങളിലും പ്രദക്ഷിണത്തിലും പങ്കെടുത്തു. വികാരി ഫാ. മാത്യു ചന്ദ്രന്‍കുന്നേല്‍, സഹവികാരിമാരായ ഫാ. ജോണ്‍ നടുത്തടം, ഫാ. ഏബ്രഹാം പെരിയപ്പുറം എന്നിവര്‍ തിരുക്കർമങ്ങൾക്കു നേതൃത്വം നല്കി.
വലിയ പള്ളിയില്‍
കടുത്തുരുത്തി: വലിയ പള്ളിയില്‍ പരിശുദ്ധ കന്യകമറിയത്തിന്റെ ജനനത്തിരുനാളും പള്ളിയുടെ കല്ലിട്ട തിരുനാളും ആഘോഷിച്ചു. തിരുനാളിനോടനുന്ധിച്ചു ജപമാലയും വിശുദ്ധ കുര്‍ബാനയും പ്രദക്ഷിണവും നടന്നു. ഫാ. ബോബി കൊച്ചുപറമ്പില്‍ വിശുദ്ധ കുര്‍ബാനയര്‍പ്പിച്ചു സന്ദേശം നല്കി.
തിരുനാളിനോടനുബന്ധിച്ച് എട്ട് ദിവസമായി നടന്ന നോന്പാചാരണവും സമാപിച്ചു.
അഞ്ചാം നൂറ്റാണ്ടില്‍ ആരംഭിച്ച ഇടവക ദേവാലയത്തിന്റെ കല്ലിട്ട തിരുനാളും ഇതോടുനുബന്ധിച്ച് അനുസ്മരിച്ചു. വികാരി.ഫാ. ജോണ്സണ് നീലനിരപ്പേല്‍ തിരുനാളിനു നേതൃത്വം നല്കി.