തൊഴില്‍ കോഡുകള്‍ തൊഴിലാളിവിരുദ്ധം: മന്ത്രി വി.എന്‍. വാസവന്
1590378
Wednesday, September 10, 2025 12:07 AM IST
കോട്ടയം: രാജ്യത്ത് നടപ്പാക്കുന്ന തൊഴില്‍ നിയമഭേദഗതി തൊഴിലാളി വിരുദ്ധമെന്ന് മന്ത്രി വി.എന്‍. വാസവന്.
വര്‍ഷങ്ങളായി രാജ്യത്തുണ്ടായിരുന്ന തൊഴില്‍നിയമങ്ങള്‍ മാറ്റി തൊഴില്‍ കോഡുകളുടെ രൂപത്തില്‍ വന്നത് തൊഴിലാളികളുടെ ഇടയില്‍ അസന്തുലിതാവസ്ഥ ഉണ്ടാക്കുന്നുവെന്നും അദ്ദേഹം പറഞ്ഞു. കേരള ന്യൂസ് പേപ്പര്‍ എംപ്ലോയീസ് ഫെഡറേഷന് സംസ്ഥാന സമ്മേളനത്തോടനുബന്ധിച്ചു നടന്ന ട്രേഡ് യൂണിയന് സമ്മേളനം ഉദ്ഘാടനം ചെയ്തു പ്രസംഗിക്കുകയായിരുന്നു അദ്ദേഹം.
കെഎന്‍ഇഎഫ് സംസ്ഥാന പ്രസിഡന്റ് വി.എസ്. ജോണ്സണ് അധ്യക്ഷതവഹിച്ചു. എഐടിയുസി സംസ്ഥാന സെക്രട്ടറി ആര്. സജിലാല്‍, ബിഎംഎസ് സെന്‍ട്രല്‍ കമ്മിറ്റിയംഗം ഉണ്ണികൃഷ്ണന് ഉണ്ണിത്താന്, ബാങ്ക് എംപ്ലോയീസ് ഫെഡറേഷന് ഓഫ് ഇന്ത്യ സംസ്ഥാന പ്രസിഡന്റ് എന്‍. സനില്‍ ബാബു എന്നിവര്‍ പ്രസംഗിച്ചു.
കെഎന്‍ഇഎഫ് ജനറല്‍ സെക്രട്ടറി ജയിസണ്‍ മാത്യു സ്വാഗതവും ജനറല്‍ കണ്‍വീനര്‍ ജയകുമാര്‍ തിരുനക്കര നന്ദിയും പറഞ്ഞു. സമ്മേളനത്തിനു മുന്നോടിയായി നടന്ന വിളംബര റാലി മുനിസിപ്പല്‍ ചെയര്‍പേഴ്സണ്‍ ബിന്‍സി സെബാസ്റ്റ്യന്‍ ഫ്ലാഗ് ഓഫ് ചെയ്തു. വിവിധ ജില്ലകളിലെ പത്രസ്ഥാപനങ്ങളില്‍ നിന്നെത്തിയ നൂറുകണക്കിനു പ്രവര്‍ത്തകര്‍ റാലിയില്‍ അണിനിരുന്നു. വാദ്യമേളങ്ങളും കലാരൂപങ്ങളും റാലിയെ വര്‍ണാഭമാക്കി.
ഇന്ന് രാവിലെ 9.30ന് കെപിഎസ് മേനോന് ഹാളില്‍ പ്രതിനിധിസമ്മേളനം മോന്‍സ് ജോസഫ് എംഎല്‍എ ഉദ്ഘാടനം ചെയ്യും. ദേശാഭിമാനി ജനറല്‍ മാനേജര്‍ കെ.ജെ. തോമസ് മുഖ്യപ്രഭാഷണം നടത്തും. 11ന് പൊതുസമ്മേളനം നിയമസഭാ സ്പീക്കര്‍ എ.എന്‍. ഷംസീര്‍ ഉദ്ഘാടനം ചെയ്യും.
സംസ്ഥാന പ്രസിഡന്റ് വി.എസ്. ജോണ്സണ് അധ്യക്ഷത വഹിക്കും. ഫ്രാന്‍സിസ് ജോര്‍ജ് എംപി, തിരുവഞ്ചൂര്‍ രാധാകൃഷ്ണന് എംഎല്‍എ, സ്വാഗതസംഘം ചെയര്മാന് ടി.ആര്. രഘുനാഥന്, ജനറല്‍ സെക്രട്ടറി ജയിസണ്‍ മാത്യു, എഐഎന്‍ഇഎഫ് ജനറല്‍ സെക്രട്ടറി വി. ബാലഗോപാല്‍, പത്രപ്രവര്‍ത്തക യൂണിയന് സംസ്ഥാന പ്രസിഡന്റ് കെ.പി. റെജി, എന്‍ജെപിയു സംസ്ഥാന പ്രസിഡന്റ് കെ.എന്‍. ലതാനാഥന്‍, സീനിയര്‍ നോണ്‍ ജേര്‍ണലിസ്റ്റ് അസോസിയേഷന് പ്രസിഡന്റ് വര്‍ഗീസ് ചെമ്പോല, സംസ്ഥാന ട്രഷറര്‍ ജമാല്‍ ഫൈറൂസ്, ജയകുമാര്‍ തിരുനക്കര, കോര സി. കുന്നുംപുറം, സിജി ഏബ്രഹാം, ബിജു ആര്. തുടങ്ങിയവര്‍ പ്രസംഗിക്കും.