അശാസ്ത്രീയതയുടെ എസി റോഡ്
1590325
Tuesday, September 9, 2025 7:20 AM IST
ചമ്പക്കുളം: ആലപ്പുഴയിലെ കളർകോടുനിന്ന് ആരംഭിച്ച് ചങ്ങനാശേരി-പെരുന്നയിൽ അവസാനിക്കുന്ന, ദേശീയ പാതയെയും എംസി റോഡിനെയും ബന്ധിപ്പിക്കുന്ന എസി റോഡ് അതിന്റെ പുനർനിർമാണ സമയത്ത് ഏറെ വിവാദത്തിലായിരുന്നു. റോഡ് നിർമാണ ശൈലിക്കെതിരേ ജനരോഷവും ഇരമ്പിയിരുന്നു. എന്നാൽ, അവയെല്ലാം ബധിരകർണങ്ങളിലാണ് പതിച്ചത്. കുട്ടനാടിന്റെ ഭൂപ്രകൃതിക്ക് ഒട്ടും അനുയോജ്യമല്ലാത്ത നിർമാണ രീതിയാണ് ഇവിടെ അവലംബിച്ചതെന്ന പരാതി അരക്കിട്ട് ഉറപ്പിക്കുന്നതാണ് എസി റോഡിന്റെ നിലവിലെ സ്ഥിതി.
പാർക്കിംഗ്?
റോഡ് നിർമാണം ഏകദേശം പൂർത്തിയായിരിക്കുമ്പോൾ റോഡിന്റെ പാർശ്വങ്ങളിൽ പാർക്കിംഗ് സൗകര്യങ്ങൾ തീരെയില്ലാത്തത് അനധികൃത പാർക്കിംഗിന് വഴിവയ്ക്കുകയും അതുവഴി നിരവധി അപകടങ്ങൾ ദിവസേന സംഭവിക്കുന്നതിനു കാരണമാകുന്നു. റോഡ് പുനർനിർമിക്കുന്നതിനു മുന്പ് റോഡിന്റെ ഇരുവശങ്ങളിലും ആവശ്യത്തിനു പാർക്കിംഗ് സൗകര്യം ഉണ്ടായിരുന്നത് റോഡ് നിർമാണത്തോടെ ഇല്ലാതായി.
റോഡിന്റെ ഇരുവശങ്ങളിലും റോഡിനേക്കാൾ ഉയരത്തിൽ ഓടയും നടപ്പാതയും നിർമിച്ചതാണ് പാർക്കിംഗ് ഇത്ര ദുഷ്കരമാക്കിയത്. ഇത് പലപ്പോഴും റോഡിൽത്തന്നെ വാഹനങ്ങൾ പാർക്ക് ചെയ്യാൻ ആളുകളെ നിർബന്ധിതരാക്കുന്നു.
റോഡിന്റെ വശത്തുള്ള വീടുകളിലും ഓഡിറ്റോറിയങ്ങളിലും മരണം, വിവാഹം തുടങ്ങിയ എന്തെങ്കിലും വിശേഷങ്ങൾ ഉണ്ടായാൽ വാഹനങ്ങളുടെ നീണ്ടനിര തന്നെയാണ് റോഡിൽ കാണാനാകുക. പാർക്കിംഗ് കൂടി റോഡിലാക്കാൻ സാധിച്ചുവെന്നതാണ് പുതിയ റോഡ് നിർമാണം കൊണ്ട് സാധിതമായത്.
ഓടകൾ നോക്കുകുത്തി
റോഡിന് വശത്ത് എസി കനാൽ ഉണ്ടെങ്കിലും ഇരുവശത്തും റോഡിനേക്കാൾ ഉയരത്തിൽ നടപ്പാതയും ഓടയും നിർമിച്ചിട്ടുണ്ട്. എന്നാൽ, മഴ പെയ്താൽ വെള്ളം ഒഴുകിപ്പോകാതെ മിക്കയിടത്തും റോഡിൽത്തന്നെ കെട്ടിക്കിടക്കുന്നത് ഇരുചക്രവാഹനക്കാർക്കും കാൽനടക്കാർക്കും ദുരിതം വിതയ്ക്കുന്നു. വാഹനങ്ങൾ പോകുമ്പോൾ കാൽനടയാത്രക്കാരുടെമേൽ വെള്ളം തെറിക്കുന്നതിനും ഇതു കാരണമാകുന്നുണ്ട്. അപ്രതീക്ഷിതമായി വെള്ളത്തിൽ ഇറങ്ങുന്ന ഇരുചക്ര വാഹനങ്ങൾ പലപ്പോഴും അപകടത്തിൽപ്പെടാറുമുണ്ട്.
റോഡിൽനിന്നു വെള്ളമൊഴുകി ഓടയിലേക്കു പോകാൻ നിർമിച്ചിരിക്കുന്ന വശങ്ങളിൽ സ്ഥാപിച്ച ദ്വാരങ്ങൾ പലതും റോഡിനെക്കാൾ ഉയർന്നാണ് നില്ക്കുന്നത്. അതിനാൽ മഴ പെയ്താൽ മണിക്കൂറുകളോളം (ചിലപ്പോൾ ദിവസങ്ങൾ) റോഡിൽനിന്ന് വെള്ളം ഒഴുകി മാറാറില്ല. കരാർ കമ്പനിയുടെ തൊഴിലാളികൾ പല ദിവസങ്ങളിലും ഓടയിലേക്ക് വെള്ളം ഒഴുക്കിവിടുന്ന ജോലിയിൽ ഏർപ്പെടുന്നത് ഈ റോഡിലെ സ്ഥിരം കാഴ്ചയാണ്. ഇത്ര വിശാലമായ കനാൽ റോഡിനോടു ചേർന്നുള്ളപ്പോൾ റോഡിന്റെ ഇരുവശങ്ങളും ഉയർത്തി ഓട നിർമിച്ചതിന്റെ സാങ്കേതികത ഓർത്ത് അദ്ഭുതപ്പെടുകയാണ് നാട്ടുകാർ.
വഴിയോര കച്ചവടക്കാരുടെ കൈയേറ്റം
റോഡിന്റെ വശങ്ങളിൽ നിർമിച്ചിരിക്കുന്ന നടപ്പാത മിക്കയിടത്തും വഴിയോരക്കച്ചവടക്കാർ കൈയടക്കിയിരിക്കുന്നതിനാൽ കാൽനടക്കാർ റോഡിലിറങ്ങി നടക്കുന്നു. ഇതുമൂലമുണ്ടായ അപകടങ്ങളും ഈ റോഡിൽ നിരവധിയാണ്. കിടങ്ങറ, മാമ്പുഴക്കരി, രാമങ്കരി, മങ്കൊമ്പ്, പൊങ്ങ, നെടുമുടി, പള്ളാത്തുരുത്തി തുടങ്ങിയ സ്ഥലങ്ങളിൽ നടപ്പാതയും കനാലും കൈയേറി നടത്തുന്ന കച്ചവടം യാത്രക്കാരെയും അതോടൊപ്പം ഇന്നാട്ടിലെ അംഗീകൃത കച്ചവടക്കാരെയും ദോഷകരമായി ബാധിക്കുന്നു.
ഇക്കാര്യത്തിൽ നടപടിയെടുക്കേണ്ട സർക്കാർ വകുപ്പുകളുടെ നിസംഗത കൈയേറ്റങ്ങൾ അനുദിനം വർധിക്കാൻ കാരണമാകുകയും അപകടങ്ങൾ വർധിപ്പിക്കുകയും ചെയ്യുന്നു. വാഹന യാത്രക്കാർക്കും കാൽനട യാത്രക്കാർക്കും ഇത് വലിയ ഉപദ്രവമായി മാറിയിട്ടുണ്ട്.
പൈപ്പുകൊണ്ട് ബാരിക്കേഡ്
ആലപ്പുഴ-ചങ്ങനാശേരി റോഡിന്റെ തെക്കുവശത്തു റോഡിനു മുകളിൽ കനാലിനോടു ചേർന്ന് സ്ഥാപിച്ചുകൊണ്ടിരിക്കുന്ന വലിയ ജലവിതരണ പൈപ്പുകൾ റോഡും കനാലും തമ്മിൽ വേർതിരിക്കുന്ന ബാരിക്കേഡായി നിലകൊള്ളുന്നു. കേരളത്തിൽ ഒരു സ്ഥലത്തും ഇത്ര അശാസ്ത്രീയമായ രീതിയിൽ ജലവിതരണ പൈപ്പുകൾ സ്ഥാപിച്ചു കാണില്ലെന്നാണ് നാട്ടുകാർ പറയുന്നത്.
എസി റോഡിൽനിന്നു കനാലിലേക്ക് ഇറങ്ങാനുള്ള എല്ലാ സൗകര്യങ്ങളും തടസപ്പെടുന്ന തരത്തിൽ സ്ഥാപിച്ച പൈപ്പുകൾ കനാലിന്റെയും റോഡിന്റെയും എല്ലാ പ്രകൃതിദത്ത സൗന്ദര്യത്തെയും നശിപ്പിച്ചു കളഞ്ഞിരിക്കുന്നു. വ്യക്തമായ രൂപരേഖ ഇല്ലാതെ റോഡ് നിർമിച്ചതിന്റെ ബാക്കിപത്രമാണ് ഈ ബാരിക്കേഡ്.
കൊട്ടിഘോഷം മാത്രം
കുട്ടനാട്ടിൽ എത്ര വലിയ പ്രളയം വന്നാലും എസി റോഡ് ഉയർന്നു നില്ക്കുമെന്ന് കൊട്ടിഘോഷിച്ച് നിർമാണമാരംഭിച്ച കുട്ടനാടിന് അനുയോജ്യമല്ലാത്ത ഈ റോഡ് വെള്ളപ്പൊക്ക കാലത്തും കുട്ടനാട്ടുകാർക്ക് പ്രയോജനപ്പെടുന്നില്ലെന്നതാണ് യാഥാർഥ്യം. ഇക്കഴിഞ്ഞ രണ്ടു വർഷങ്ങളിലും ഉണ്ടായ വെള്ളപ്പൊക്കത്തിൽ റോഡിന്റെ പല ഭാഗത്തും കനാലിൽനിന്നു വെള്ളം കയറിയിരുന്നു.
ഓരോ വർഷവും നിശ്ചിത അളവു താഴ്ന്നു കൊണ്ടിരിക്കുന്ന റോഡ് വെള്ളപ്പൊക്ക കാലത്ത് കുട്ടനാടിന് പ്രയോജനപ്പെടുമെന്ന പ്രതീക്ഷയും നാട്ടുകാർക്കു നഷ്ടപ്പെട്ടിരിക്കുന്നു.
ദീർഘവീക്ഷണമില്ലാത്ത കുട്ടനാടൻ പദ്ധതികളിൽ മറ്റൊന്നായി ആലപ്പുഴ-ചങ്ങനാശേരി റോഡിന്റെ ഈ പുനർനിർമാണവും ചരിത്രത്തിൽ സ്ഥാനംപിടിക്കുമെന്ന കാര്യത്തിൽ സംശയമില്ല.