മാലിന്യംതള്ളൽ: കാലുകുത്താനാവാതെ മണ്ണാറക്കയം-കറിപ്ലാവ്-പട്ടിമറ്റം റോഡ്
1590339
Tuesday, September 9, 2025 11:32 PM IST
കാഞ്ഞിരപ്പള്ളി: മണ്ണാറക്കയം-പട്ടിമറ്റം റോഡില്‍ മാലിന്യംതള്ളൽ രൂക്ഷമായതായി പരാതി. മണ്ണാറക്കയം-കറിപ്ലാവ്-പട്ടിമറ്റം റോഡില്‍ കറിപ്ലാവ് ഭാഗത്ത് പാതയോരത്താണ് ചാക്കില്‍കെട്ടി മാലിന്യങ്ങള്‍ തള്ളിയിരിക്കുന്നത്. റോഡിന്റെ ഇരുവശങ്ങളിലുമായി മാലിന്യങ്ങള്‍ തള്ളിയ നിലയിലാണ്.
നിരവധി വാഹനങ്ങളും കാല്‍നടയാത്രക്കാരും കടന്നുപോകുന്ന റോഡില്‍ മാലിന്യങ്ങള്‍ കിടക്കുന്നത് യാത്രക്കാര്‍ക്കും ബുദ്ധിമുട്ട് സൃഷ്ടിക്കുന്നു. മാലിന്യങ്ങളുടെ ദുർഗന്ധം മൂലം കാൽനടയാത്രക്കാർ മൂക്കുംപൊത്തി നടക്കേണ്ട സ്ഥിതിയാണുള്ളത്. മുമ്പും ഈ റോഡിൽ മാലിന്യംതള്ളൽ രൂക്ഷമായിരുന്നു. രാത്രികാലങ്ങളിൽ വാഹനങ്ങളിൽ വന്നാണ് മാലിന്യം തള്ളുന്നതെന്ന് നാട്ടുകാർ ആരോപിച്ചു.
കാഞ്ഞിരപ്പള്ളി ടൗണില്‍ ഗതാഗതക്കുരുക്കുണ്ടാകുമ്പോള്‍ എരുമേലി റോഡില്‍ പ്രവേശിക്കുന്നതിനായി ബൈപാസായി ഉപയോഗിക്കുന്ന റോഡാണിത്. മുന്‍പ് ഇവിടെ മാലിന്യംതള്ളലിനെതിരേ പഞ്ചായത്ത് നടപടി സ്വീകരിച്ചിരുന്നതായി പഞ്ചായത്ത് പ്രസിഡന്റ് കെ.ആര്. തങ്കപ്പന് പറഞ്ഞു. മാലിന്യം നീക്കി ശുചിയാക്കി മാലിന്യം തള്ളുന്നവര്‍ക്കെതിരേ താക്കീത് നല്‍കിയിരുന്നതാണ്. നിലവിലുള്ള മാലിന്യങ്ങള്‍ പഞ്ചായത്ത് നീക്കം ചെയ്ത് മാലിന്യം ഇടരുതെന്ന് കാണിച്ച് ബോര്‍ഡ് സ്ഥാപിക്കുമെന്നും കെ.ആര്. തങ്കപ്പന് പറഞ്ഞു.
മാലിന്യംതള്ളുന്നവർക്കെതിരേ കടുത്ത നടപടി സ്വീകരിക്കണമെന്നും അല്ലാത്തപക്ഷം മാലിന്യങ്ങൾ തള്ളുന്നത് ഇനിയും വ്യാപകമാകുമെന്നും നാട്ടുകാർ പറഞ്ഞു. ഇത്തരം സ്ഥലങ്ങളില്‍ നിരീക്ഷണ കാമറകള്‍ സ്ഥാപിച്ച് കുറ്റക്കാരെ കണ്ടെത്തി നടപടി സ്വീകരിക്കണമെന്ന ആവശ്യവും ഇതോടൊപ്പം ശക്തമായിരിക്കുകയാണ്.