പ്രിന്‍സ് ലൂക്കോസ് പൊതുപ്രവര്‍ത്തനരംഗത്തെ സൗമ്യസാന്നിധ്യം
1590114
Tuesday, September 9, 2025 12:21 AM IST
കോട്ടയം: തൂവെള്ള വസ്ത്രത്തില്‍ സദാ പുഞ്ചിരിയോടെ കോട്ടയത്തെ പൊതുപ്രവര്‍ത്തന രംഗത്തെ നിറസാന്നിധ്യമായിരുന്നു ഇന്നലെ പുലര്‍ച്ചെ അന്തരിച്ച പ്രിന്‍സ് ലൂക്കോസ്. കെഎസ്സിയില് കെ.എം. മാണിയുടെ തണലില്‍ രാഷ്ട്രീയത്തിനു തുടക്കമിട്ട പ്രിന്‍സ് പില്ക്കാലത്ത് കെഎസ്സി-എം, യൂത്ത് ഫ്രണ്ട് -എം സംസ്ഥാന പ്രസിഡന്റായി പ്രവർത്തിച്ചു. പാര്‍ട്ടിയിലുണ്ടായ ഭിന്നതയെത്തുടര്‍ന്ന് ആറു വര്‍ഷം മുന്‍പ് ജോസഫ് വിഭാഗത്തിലെത്തി.
പിതാവ് ഒ.വി. ലൂക്കോസിന്റെ വഴിയേ വിദ്യാര്‍ഥിരാഷ്ട്രീയത്തിലൂടെയാണ് പ്രിന്‍സ് പൊതുപ്രവര്‍ത്തനത്തില്‍ എത്തുന്നത്. പാറമ്പുഴ ഹോളി ഫാമിലി സ്കൂളിലെ പഠനത്തിനുശേഷം കോട്ടയം സിഎംഎസ് കോളജില്‍നിന്ന് പ്രീഡിഗ്രിയും മാന്നാനം കെഇ കോളജില്‍നിന്ന് ഡിഗ്രിയും തിരുവനന്തപുരം ലോഅക്കാദമിയില്നിന്ന് എല്‍എല്‍ബിയും എല്‍എല്‍എമ്മും പാസായി. കോട്ടയം ടൗണിലെ ഓട്ടോറിക്ഷ, ലോട്ടറി തൊഴിലാളികളെ സംഘടിപ്പിച്ച് കെടിയുസി യൂണിയനുണ്ടാക്കി. കേരള കോണ്‍ഗ്രസ് ജോസഫ് വിഭാഗം ഉന്നതാധികാര സമിതിയംഗമായി പ്രവര്‍ത്തിച്ചു വരികയായിരുന്നു.
കഴിഞ്ഞ നിയമസഭാ തെരഞ്ഞെടുപ്പില്‍ ഏറ്റുമാനൂരില്‍ വി.എന്‍. വാസവനെതിരേ യുഡിഎഫ് സ്ഥാനാര്‍ഥിയായി മത്സരിച്ചപ്പോള്‍ മികച്ച പ്രകടനമാണു കാഴ്ചവച്ചത്. മഹിളാ കോണ്‍ഗ്രസ് നേതാവായിരുന്ന ലതികാ സുഭാഷിനെയാണ് കോണ്‍ഗ്രസ് സ്ഥാനാര്‍ഥിയായി പരിഹണിച്ചിരുന്നത്. സീറ്റ് കേരള കോണ്‍ഗ്രസിന് നല്കിയപ്പോള് പ്രിന്‍സിന് നിയോഗം ലഭിക്കുകയായിരുന്നു. തെരഞ്ഞെടുപ്പ് ചിഹ്നമായിരുന്ന ട്രാക്ടര്‍ ഓടിച്ചും പ്രചാരണ യാത്ര നടത്തിയിരുന്നു. വി.എന്‍. വാസവന് 58,289 വോട്ടും പ്രിന്‍സിന് 43,986 വോട്ടും സ്വതന്ത്രയായി മത്സരിച്ച ലതിക സുഭാഷിന് 7,624 വോട്ടും ബിജെപിയുടെ പി.എന്‍. ഹരികുമാറിന് 13,746 വോട്ടും ലഭിച്ചു.
നെല്‍കര്‍ഷക പ്രശ്നങ്ങള്‍ ഉയര്‍ത്തി കേരള കോണ്‍ഗ്രസും കര്‍ഷക യൂണിയനും നടത്തിയ സമരങ്ങളില്‍ സജീവ സാന്നിധ്യമായിരുന്നു. ചിങ്ങം ഒന്നിന് കര്‍ഷകദിനത്തില്‍ ചങ്ങനാശേരി അതിരൂപതയുടെയും എകെസിസിയുടെയും നേതൃത്വത്തില്‍ മങ്കൊമ്പില്‍ ആര്‍ച്ച്ബിഷപ് മാര്‍ തോമസ് തറയില്‍ നടത്തിയ സമരത്തിലും സജീവമായിരുന്നു.
കെ-റെയില്‍ വിരുദ്ധ സമിതിയുടെ നേതൃത്വത്തില്‍ പാറമ്പുഴയ്ക്കു സമീപം കുഴിയാലിപ്പടിയില്‍ നടത്തിയ കെ-റെയില്കുറ്റി പിഴുതെറിയല്‍ സമരം സംസ്ഥാന ശ്രദ്ധ പിടിച്ചുപറ്റി. യുവദീപ്തി-കെസിവൈഎം ഫൊറോന പ്രസിഡന്റായി പ്രവര്‍ത്തിച്ച പ്രിന്‍സ് നിലവില്‍ ചങ്ങനാശേരി അതിരൂപത പാസ്റ്ററല്‍ കൗണ്‍സില്‍ അംഗമാണ്. കോവിഡ് കാലം മുതല്‍ സബര്‍മതി ചാരിറ്റബിള്‍ ട്രസ്റ്റ് രൂപീകരിച്ചു കോട്ടയം മെഡിക്കല്‍ കോളജില്‍ ഭക്ഷണ വിതരണം നടത്തിവന്നിരുന്നു.
ജില്ലാ ആശുപത്രി വികസന സമിതിയംഗവുമാണ്. കോട്ടയം ബാര്‍ അസോസിയേഷന്റെ ഓണാഘോഷത്തില്‍ പങ്കെടുത്ത ശേഷമാണ് കുടുംബസമേതം പ്രിന്‍സ് ശനിയാഴ്ച വേളാങ്കണ്ണിക്കു പോയത്. ചതയദിന ആശംസകള്‍ നേര്‍ന്ന് ഫേസ്ബുക്കില്‍ പോസ്റ്റ് ചെയ്തിരുന്നു.
ഏറ്റുമാനൂരിലും കോട്ടയത്തും പൊതുദർശനം
കോട്ടയം: പ്രിന്‍സ് ലൂക്കോസിന്റെ നിര്യാണത്തില്‍ ദുഃഖസൂചകമായി അനുശോചനം രേഖപ്പെടുത്തി ഒരാഴ്ചത്തേക്ക് പാർട്ടിയുടെ എല്ലാ പൊതുപരിപാടികളും മാറ്റിവച്ചു ദുഃഖാചരണം പ്രഖ്യാപിച്ചതായി കേരള കോണ്‍ഗ്രസ് ചെയര്മാന് പി.ജെ. ജോസഫ് എംഎല്‍എ അറിയിച്ചു.
ആദരസൂചകമായി ഇന്ന് ഉച്ചകഴിഞ്ഞു രണ്ടിനു കാരിത്താസ് ആശുപത്രിയില്‍നിന്നു നിരവധി വാഹനങ്ങളുടെ അകമ്പടിയോടുകൂടി വിലാപയാത്ര ആരംഭിച്ച് ഏറ്റുമാനൂര്‍ പ്രൈവറ്റ് ബസ് സ്റ്റാന്‍ഡിനോട് ചേര്‍ന്നു പ്രത്യേകം സജ്ജമാക്കുന്ന പന്തലില്‍ പൊതുദര്‍ശനവും നടക്കും. തുടര്‍ന്ന് അതിരമ്പുഴ-യൂണിവേഴ്സിറ്റി-മെഡിക്കല്‍ കോളജ്-പനമ്പാലം-ബേക്കര്‍ ജംഗ്ഷന്-ശാസ്ത്രി റോഡ് വഴി എത്തി കേരള കോണ്‍ഗ്രസ് സംസ്ഥാന കമ്മിറ്റി ഓഫീസിലും പൊതുദര്‍ശനത്തിനു വയ്ക്കും.
തുടര്‍ന്ന് വിലാപയാത്രയായി ആറിനു പാറന്പുഴയിലുള്ള വസതിയില്‍ ഭൗതികശരീരം എത്തിക്കും. തെങ്കാശിയില്‍നിന്നു മൃതദേഹം കാരിത്താസ് ആശുപത്രിയില്‍ എത്തിച്ചപ്പോള്‍ ആശുപത്രി ഡയറക്ടര്‍ റവ.ഡോ. ബിനു കുന്നത്ത്, പാറമ്പുഴ പള്ളി വികാരി ഫാ. മാത്യു ചൂരവടി, റവ.ഡോ. ജയിംസ് മുല്ലശേരി എന്നിവരുടെ നേതൃത്വത്തില്‍ പ്രാര്‍ഥന നടത്തി. എംഎല്‍എമാരായ തിരുവഞ്ചൂര്‍ രാധാകൃഷ്ണന്, മോന്‍സ് ജോസഫ്, ചാണ്ടി ഉമ്മന്‍, നേതാക്കളായ സുരേഷ് കുറുപ്പ്, ജോയി ഏബ്രഹാം, ഡിസിസി പ്രസിഡന്റ് നാട്ടകം സുരേഷ്, ഫില്‍സണ്‍ മാത്യൂസ്, അപു ജോണ്‍ ജോസഫ്, കേരള കോണ്‍ഗ്രസ് ജില്ലാ പ്രസിഡന്റ് ജയ്സണ്‍ ജോസഫ്, ബിനു ചെങ്ങളം, എ.കെ. ജോസഫ് എന്നിവര്‍ കാരിത്താസ് ആശുപത്രിയില്‍ എത്തി അന്തിമോപചാരം അറിയിച്ചു.