പരിശുദ്ധ അമ്മയോടുള്ള ഭക്തി ഏറെ പ്രാധാന്യമുള്ളത്: മാർ ജോസ് പുളിക്കൽ
1590072
Monday, September 8, 2025 11:42 PM IST
കാഞ്ഞിരപ്പള്ളി: പരിശുദ്ധ അമ്മയോടുള്ള ഭക്തി വിശ്വാസ ജീവിതത്തിന്റെ ഭാഗമായി ഏറെ പ്രാധാന്യമുള്ളതാണെന്ന് കാഞ്ഞിരപ്പള്ളി രൂപതാധ്യക്ഷൻ മാർ ജോസ് പുളിക്കൽ. സീറോ മലബാർ മേജർ ആർക്കി എപ്പിസ്കോപ്പൽ തീർഥാടന കേന്ദ്രമായ കാഞ്ഞിരപ്പള്ളി പഴയപള്ളിയിൽ എട്ടുനോന്പ് തിരുനാളിന്റെ സമാപനദിവസമായ ഇന്നലെ വിശുദ്ധ കുർബാന അർപ്പിച്ച് സന്ദേശം നൽകുകയായിരുന്നു ബിഷപ്.
വിശുദ്ധിയുടെ തികവിൽ ജീവിച്ചവളാണ് പരിശുദ്ധ കന്യകമറിയം. വിശുദ്ധിയിൽ വളരാനും സുവിശേഷത്തിന്റെ സാക്ഷികളാകാനും വിളിക്കപ്പെട്ടവരാണ് നാമെല്ലാവരും. നാം ജീവിക്കുന്ന ജീവിതപരിസരങ്ങളിലാണ് സുവിശേഷത്തിന്റെ സാക്ഷികളായി മാറേണ്ടത്. ചെറിയവരെയും വേദനിക്കുന്നവരെയും ചേർത്തുപിടിക്കാൻ സാധിക്കുന്ന സുവിശേഷസാക്ഷ്യമായി നമ്മുടെ ജീവിതം മാറണം. വിശുദ്ധിയിൽ വ്യാപരിച്ചുകൊണ്ട് ഈ കാലഘട്ടത്തിൽ സുവിശേഷത്തിന്റെ സാക്ഷ്യമായി നമ്മുക്ക് ജീവിക്കാൻ കഴിയണമെന്നും മാർ ജോസ് പുളിക്കൽ കൂട്ടിച്ചേർത്തു.
തിരുനാളിന്റെ അവസാന ദിവസമായ ഇന്നലെ രാവിലെ മുതൽ രാത്രിവരെ പഴയപള്ളിയിൽ വിശ്വാസികളുടെ പ്രവാഹമായിരുന്നു. രാവിലെ മുതൽ വിശ്വാസികൾക്ക് നേർച്ചക്കഞ്ഞിയും വിതരണവും ചെയ്തു. വൈകുന്നേരം കുരിശിടിയിലേക്കു നടന്ന പ്രദക്ഷിണത്തിൽ ആയിരക്കണക്കിന് വിശ്വാസികൾ പങ്കെടുത്തു.
കത്തീഡ്രൽ വികാരിയും ആർച്ച്പ്രീസ്റ്റുമായ റവ.ഡോ. കുര്യൻ താമരശേരി, അസിസ്റ്റന്റ് വികാരിമാരായ ഫാ. ജോസഫ് ആലപ്പാട്ടുകുന്നേൽ, ഫാ. തോമസ് മുളങ്ങാശേരി, പഴയപള്ളി റെക്ടർ ഫാ. തോമസ് നല്ലൂർകാലായിപറമ്പിൽ എന്നിവർ നേതൃത്വം നൽകി.