ഓണാഘോഷം അതിരുകടന്നു; ചങ്ങനാശേരി കെഎസ്ആര്‍ടിസി സ്റ്റേഷന് മാസ്റ്റര്‍ക്ക് മര്‍ദനം
1590381
Wednesday, September 10, 2025 12:08 AM IST
ചങ്ങനാശേരി: ചങ്ങനാശേരി കെഎസ്ആര്‍ടിസി ഡിപ്പോയിലെ ഓണാഘോഷ പരിപാടികള്‍ അതിരുകടന്നു. നിശ്ചയിക്കപ്പെട്ട സമയം കഴിഞ്ഞപ്പോള്‍ മൈക്ക് ഓഫ് ചെയ്ത് പരിപാടി അവസാനിപ്പിക്കണമെന്ന് സ്റ്റേഷന് മാസ്റ്റര്‍ നിര്‍ദേശിച്ചു. രണ്ടു പാട്ടുകള്‍ പാടാന്‍ അവസരം നല്‍കണമെന്ന് ജീവനക്കാര്‍ ആവശ്യപ്പെട്ടു. അതുകഴിഞ്ഞപ്പോള്‍ പരിപാടി നിര്‍ത്തണമെന്ന് ആവശ്യപ്പെട്ടപ്പോള്‍ മദ്യലഹരിയിലായിരുന്ന ഒരുവിഭാഗം ജീവനക്കാര്‍ സ്റ്റേഷന് മാസ്റ്ററെ ചവിട്ടിവീഴ്ത്തി. തുടര്‍ന്ന് ആഘോഷം സംഘര്‍ഷത്തില്‍ കലാശിച്ചു.
സ്റ്റേഷന് മാസ്റ്റര്‍ വി.ജെ. വിനു ചങ്ങനാശേരി ജനറല്‍ ആശുപത്രിയില്‍ ചികിത്സതേടി. തുടര്‍ന്ന് എടിഒയ്ക്ക് പരാതി നല്കി. പരാതിയിൽ പ്രത്യേക സ്ക്വാഡ് അന്വേഷണം നടത്തി. ഡിപ്പോയിലെ ഉയര്‍ന്ന ഉദ്യോഗസ്ഥരടക്കം പത്തോളംപേരില്നിന്നു മൊഴിയെടുത്ത് റിപ്പോര്‍ട്ട് തിരുവനന്തപുരത്തുള്ള കേന്ദ്രഓഫീസിലേക്ക് കൈമാറി. ഇതുസംബന്ധിച്ച് ചങ്ങനാശേരി പോലീസും കേസെടുത്ത് അന്വേഷിക്കുന്നുണ്ട്.
കഴിഞ്ഞ രണ്ടിനായിരുന്നു ഓണാഘോഷം. രാവിലെ എട്ടിനാരംഭിച്ച ഓണാഘോഷപരിപാടികള്‍ വൈകുന്നേരം ആറുകഴിഞ്ഞും തുടര്‍ന്നു. മൈക്ക് പ്രവര്‍ത്തനവും കലാപരിപാടികളും തുടര്‍ന്നപ്പോള്‍ എന്‍ക്വയറി ഫോണിന്റെയും ഓഫീസിന്റെയും പ്രവര്‍ത്തനത്തെ ബാധിക്കുന്നതായും മൈക്ക് നിര്‍ത്തണമെന്നും സ്റ്റേഷന് മാസ്റ്റര്‍ ആവശ്യപ്പെട്ടു.
ഓണലഹരിയിലായിരുന്ന ഒരുസംഘം ജീവനക്കാര്‍ ഇതില്‍ കുപിതരായി സ്റ്റേഷന് മാസ്റ്ററെ ചീത്തവിളിക്കുകയും ഇദ്ദേഹത്തെ ചവിട്ടി വീഴ്ത്തുകയും ചെയ്തതായാണ് ചങ്ങനാശേരി എടിഒയ്ക്കും പോലീസിലും പരാതി നല്‍കിയിരിക്കുന്നത്. സംഭവവുമായി ബന്ധപ്പെട്ട് ചീഫ് ഓഫീസിലെ വിജിലന്‍സ് വിഭാഗത്തില്‍ നിന്നുള്ള ഉത്തരവുപ്രകാരം താല്കാലിക ബദലി ജീവനക്കാരനായ ഡ്രൈവര്‍ ദുര്‍ഗപ്രസാദിനെ ഡ്യൂട്ടിയില്‍നിന്ന് ഒഴിവാക്കിയിട്ടുണ്ട്. ചീഫ് ഓഫീസിലെ വിജിലന്‍സ് ഇതുസംബന്ധിച്ച് വിശദമായ അന്വേഷണം നടത്തിവരികയാണ്.