പ്രിൻസ് ലൂക്കോസിന് നാടിന്റെ അന്ത്യാഞ്ജലി
1590379
Wednesday, September 10, 2025 12:07 AM IST
ഏറ്റുമാനൂർ: കേരള കോൺഗ്രസ് ഉന്നതാധികാര സമിതി അംഗം പ്രിൻസ് ലൂക്കോസിന് നാടിന്റെ അന്ത്യാഞ്ജലി.
2021ൽ തെരഞ്ഞെടുപ്പ് പ്രചാരണത്തിനായി വാഹന ഘോഷയാത്രയായി നീങ്ങിയ വഴികളിലൂടെ അനേകം വാഹനങ്ങളുടെ അകമ്പടിയോടെ പ്രിൻസ് ലൂക്കോസിന്റെ മൃതദേഹവുമായി വിലാപയാത്ര കടന്നുപോയി. വഴികളിലുടനീളം നൂറുകണക്കിന് ആളുകൾ പ്രിയനേതാവിന് ആദരാഞ്ജലികൾ അർപ്പിച്ചു.
തെള്ളകത്തെ സ്വകാര്യ ആശുപത്രി മോർച്ചറിയിൽ സൂക്ഷിച്ചിരുന്ന മൃതദേഹം അവിടെനിന്നു വിലാപയാത്രയായി ആദ്യം ഏറ്റുമാനൂരിലാണ് എത്തിച്ചത്. ഒട്ടേറെ രാഷ്ട്രീയ സമ്മേളനങ്ങളിൽ പ്രസംഗിച്ചിട്ടുള്ള പ്രൈവറ്റ് ബസ് സ്റ്റാൻഡ് മൈതാനിയിൽ പ്രത്യേകം തയാറാക്കിയ പന്തലിൽ പൊതുദർശനം. ഏറ്റുമാനൂർ ക്രിസ്തുരാജ പള്ളി വികാരി ഫാ. തോമസ് കുത്തുകല്ലുങ്കൽ, സഹവികാരി ഫാ. ജേക്കബ് ചക്കാത്ര എന്നിവർ പ്രാർഥനകൾക്ക് നേതൃത്വം നൽകി. മന്ത്രി വി.എൻ. വാസവൻ, മോൻസ് ജോസഫ് എംഎൽഎ, ചാണ്ടി ഉമ്മൻ എംഎൽഎ, ഡിസിസി പ്രസിഡന്റ് നാട്ടകം സുരേഷ്, പി.സി. തോമസ്, ജോയി ഏബ്രഹാം, അപു ജോൺ ജോസഫ്, സ്റ്റീഫൻ ജോർജ്, ജോണി നെല്ലൂർ, വിവിധ രാഷ്ട്രീയ പാർട്ടി നേതാക്കൾ, സാമൂഹ്യ, സാംസ്കാരിക നായകർ ഉൾപ്പെടെ വൻ ജനാവലി അന്തിമോപചാരമർപ്പിച്ചു.
അതിരമ്പുഴ പഞ്ചായത്ത് ഓഫീസ് പടിക്കലും സഹകരണ ബാങ്കിനു മുന്നിലും മൃതദേഹം വഹിച്ച വാഹനം നിർത്തി അന്തിമോപചാരമർപ്പിച്ചു. മാർക്കറ്റ് ജംഗ്ഷനിൽ അതിരമ്പുഴ പൗരാവലി ആദരവർപ്പിച്ചു.
യൂണിവേഴ്സിറ്റി ജംഗ്ഷൻ, ഗാന്ധിനഗർ, മെഡിക്കൽ കോളജ്, പനമ്പാലം, ചുങ്കം, ദീപിക എന്നിവിടങ്ങളിൽ അന്തിമോപചാരം അർപ്പിച്ച ശേഷം മൃതദേഹം ലോഗോസ് സെന്ററിൽ പ്രിൻസിന്റെ ഓഫീസിൽ എത്തിച്ചു. തുടർന്ന് കോട്ടയം ബാർ അസോസിയേഷൻ ഹാളിൽ പൊതുദർശനം. ജില്ലാ ആശുപത്രി ജംഗ്ഷനിലും അന്ത്യാഞ്ജലി അർപ്പിച്ച ശേഷം കേരള കോൺഗ്രസ് സംസ്ഥാന കമ്മിറ്റി ഓഫീസിൽ എത്തിയപ്പോൾ പാർട്ടി നേതാക്കളും പ്രവർത്തകരുമടക്കം നൂറു കണക്കിന് ആളുകളാണ് ആദരാഞ്ജലി അർപ്പിച്ചത്.
കുമാരനല്ലൂർ, സംക്രാന്തി ജംഗ്ഷനുകളിലും ജനസഞ്ചയം കാത്തുനിന്നിരുന്നു. തുടർന്ന് മൃതദേഹം പാറമ്പുഴ മാമൂട് ജംഗ്ഷനു സമീപമുള്ള ഭവനത്തിൽ എത്തിച്ചു.