ഒടുവിൽ നടപ്പാലം നടപ്പാകുന്നു
1590334
Tuesday, September 9, 2025 11:32 PM IST
മുക്കൂട്ടുതറ: പ്രളയത്തിന്റെ കെടുതികളിൽ മറുകരയെത്താനാവാതെ ദിവസങ്ങളോളം നാട്ടുകാർ വിഷമിച്ച ഇടകടത്തിയിലെ അറയാഞ്ഞിലിമണ്ണിലും തൊട്ടടുത്ത കുരുമ്പൻമൂഴിയിലും ഇനി ആശ്രയമായി നടപ്പാലമുണ്ടാകും.
പാലങ്ങളുടെ നിർമാണോദ്ഘാടനം നാളെ ഉച്ചകഴിഞ്ഞ് മൂന്നിനു പട്ടികജാതി-പട്ടികവർഗ വികസനമന്ത്രി ഒ.ആർ. കേളു നിർവഹിക്കും.
സ്റ്റീൽ പാലങ്ങൾ
സ്റ്റീൽ പാലങ്ങളാണ് രണ്ടിടത്തും നിർമിക്കുക. 2.68 കോടി രൂപയാണ് അറയാഞ്ഞിലിമണ്ണിലേക്കുള്ള പാലത്തിനു ചെലവഴിക്കുക. കേരള സ്റ്റേറ്റ് കൺസ്ട്രക്ഷൻ കോർപറേഷനാണ് നിർമാണച്ചുമതല.
3.97കോടി രൂപ ചെലവഴിച്ചു നിർമിക്കുന്ന കുരുമ്പൻമൂഴി പാലത്തിന്റെ നിർമാണം പൊതുമേഖലാ സ്ഥാപനമായ സ്റ്റീൽ ഇൻഡസ്ട്രീസ് ലിമിറ്റഡ് കേരളയാണ് ഏറ്റെടുത്തിരിക്കുന്നത്.
എട്ടു മാസത്തിനുള്ളിൽ ഇരു പാലങ്ങളുടെയും നിർമാണം ഒരുപോലെ പൂർത്തീകരിക്കാൻ സാധിക്കുമെന്നാണ് ഉദ്യോഗസ്ഥർ അറിയിച്ചിരിക്കുന്നതെന്ന് പ്രമോദ് നാരായൺ എംഎൽഎ പറഞ്ഞു.
വെള്ളത്തിൽ മുങ്ങുന്ന കോസ്വേ
അറയാഞ്ഞിലിമണ്ണിലും കുരുമ്പൻമൂഴിയിലും പതിറ്റാണ്ടുകൾക്ക് മുമ്പ് ജനകീയ പങ്കാളിത്തത്തോടെ നിർമിച്ച ഉയരം കുറഞ്ഞ ഇടുങ്ങിയ കോസ്വേ പാലം മാത്രമാണ് ഈ പ്രദേശത്തേക്കുള്ള ഗതാഗത മാർഗം. അറയാഞ്ഞിലിമണ്ണിൽ പഴയ തൂക്കുപാലം വെള്ളപ്പൊക്കത്തിൽ തകർന്നുപോയ ശേഷം ജില്ലാ പഞ്ചായത്ത് നിർമിച്ച നടപ്പാലം 2018ലെ മഹാപ്രളയത്തിൽ ഒലിച്ചുപോയിരുന്നു. പ്രളയത്തിനു ശേഷം കോസ്വേ പാലങ്ങളും ദുർബലമായി. പ്രളയത്തിൽ വൻ തോതിൽ മണൽ അടിഞ്ഞതു മൂലം മഴ പെയ്താൽ കുരുമ്പൻമൂഴിയിലെ കോസ്വേ പാലം വെള്ളത്തിൽ മുങ്ങുന്ന സ്ഥിതിയായിരുന്നു.
ഇഴഞ്ഞിഴഞ്ഞ്
യാത്ര വഴിമുട്ടിയതോടെ നാട്ടുകാർ പിരിവെടുത്ത് അറയാഞ്ഞിലിമണ്ണിൽ നടപ്പാലം നിർമിക്കാനൊരുങ്ങി. ഇതിനിടെ, സർക്കാർതന്നെ പാലം നിർമിക്കാൻ പദ്ധതിയിട്ടു. ഇതോടെ നാട്ടുകാർ പാലം നിർമാണം ഉപേക്ഷിച്ചു. എന്നാൽ, സർക്കാർ പദ്ധതി അനിശ്ചിതമായി നീണ്ടു. വീണ്ടും ജനരോഷമുയർന്നു. അനുമതികൾ വേഗത്തിലാക്കി നിർമാണത്തിലേക്ക് എത്തുകയായിരുന്നു. സ്റ്റീൽ നിർമിത പാലങ്ങൾ പൂർത്തിയാകുന്നതോടെ പ്രദേശങ്ങൾക്ക് വലിയ ആശ്വാസമാകും.