സമുദായ ശക്തീകരണത്തിനായി പ്രാർഥിക്കണം: മാർ ജോസഫ് കല്ലറങ്ങാട്ട്
1590077
Monday, September 8, 2025 11:43 PM IST
കുറവിലങ്ങാട്: സഭയുടെ ഐക്യത്തിനും സമുദായ ശക്തീകരണത്തിനുമായി പ്രാർഥിക്കാൻ ആഹ്വാനം ചെയ്ത് പാലാ രൂപതാധ്യക്ഷൻ മാർ ജോസഫ് കല്ലറങ്ങാട്ട്. മേജർ ആർക്കി എപ്പിസ്കോപ്പൽ മർത്ത്മറിയം അർക്കദിയാക്കോൻ തീർഥാടന കേന്ദ്രത്തിൽ ദൈവമാതാവിന്റെ ജനനത്തിരുനാളിൽ വിശുദ്ധ കുർബാനയർപ്പിച്ച് സന്ദേശം നൽകുകയായിരുന്നു ബിഷപ്.
സഭയും സമുദായവും പ്രതിസന്ധികളെ തരണം ചെയ്യണം. എല്ലാവരും ഉത്തരവാദിത്വത്തോടെ പ്രവർത്തിക്കണം. എവിടെയാണ് തളരുന്നതെന്നതിന്റെ കാരണവും പരിഹാരങ്ങളും പരിശോധിക്കണമെന്നും ബിഷപ് പറഞ്ഞു. എട്ടുനോമ്പിൽ നസ്രാണിത്തനിമ നിറഞ്ഞുനിൽക്കുന്നു. നസ്രാണിത്വം ഉറഞ്ഞുകൂടിയിരിക്കുന്ന ആചരണമാണിത്.
സഭയുടെ മനഃസാക്ഷി അന്വേഷിച്ചുപോകുന്ന തിരുനാളാണിത്. ഭാരതീയതയും പ്രാദേശിക സ്വഭാവവും ഈ നോമ്പിൽ നിഴലിച്ചു നിൽക്കുന്നു. യുവജനങ്ങളുടെ കൃത്യസമയത്തുള്ള വിവാഹം, സന്താനഭാഗ്യം, തലമുറകളുടെ സമൃദ്ധി, സഭയുടെ വളർച്ച, മക്കൾ പരിശുദ്ധിയിൽ വളർന്ന് വിവാഹത്തിലേക്ക് പ്രവേശിക്കുന്നത് എന്നിവ എട്ടുനോമ്പ് ഓർമപ്പെടുത്തുന്നുവെന്ന് മാർ ജോസഫ് കല്ലറങ്ങാട്ട് പറഞ്ഞു.
വിശുദ്ധ കുർബാനയിൽ ആർച്ച്പ്രീസ്റ്റ് റവ.ഡോ. തോമസ് മേനാച്ചേരി, ഫാ. ജോസ് കോട്ടയിൽ, ഫാ. തോമസ് തയ്യിൽ, ഫാ. സെബാസ്റ്റ്യൻ പേണ്ടാനത്ത് എന്നിവർ സഹകാർമികരായി.