നടന് വിജയരാഘവന് നാടിന്റെ ആദരം
1590306
Tuesday, September 9, 2025 6:54 AM IST
ജില്ലാതല ഓണാഘോഷത്തിനു സമാപനം
കോട്ടയം: ജില്ലാ ഭരണകൂടവും ജില്ലാ ടൂറിസം പ്രൊമോഷന് കൗണ്‍സിലും കോട്ടയം നഗരസഭയും സംയുക്തമായി സംഘടിപ്പിച്ച ഓണാഘോഷപരിപാടി- ചിങ്ങനിലാവ് 2025ന് സമാപിച്ചു. തിരുനക്കര മൈതാനത്ത് നടന്ന സമാപന സമ്മേളനം മന്ത്രി വി.എന്‍. വാസവന് ഉദ്ഘാടനം ചെയ്തു. പരാതിരഹിതമായി ഓണം ആഘോഷിക്കുന്നതിന് സര്‍ക്കാര്‍ എല്ലാ ക്രമീകരണങ്ങളും ഏര്‍പ്പെടുത്തിയിരുന്നതായി അദ്ദേഹം പറഞ്ഞു.
ദേശീയ ചലച്ചിത്ര പുരസ്കാരജേതാവ് നടന് വിജയരാഘവനെ മന്ത്രി പൊന്നാടയണിയിച്ച് ആദരിച്ചു. തിരുവഞ്ചൂര്‍ രാധാകൃഷ്ണന് എംഎല്‍എ അധ്യക്ഷത വഹിച്ചു.
ചീഫ് വിപ്പ് ഡോ. എന്‍. ജയരാജ്, എംഎല്‍എമാരായ സെബാസ്റ്റ്യന്‍ കുളത്തുങ്കല്‍, മോന്‍സ് ജോസഫ്, ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് ഹേമലത പ്രേംസാഗര്‍, ജില്ലാ കളക്ടര്‍ ചേതന്‍കുമാര്‍ മീണ, നഗരസഭാധ്യക്ഷ ബിന്‍സി സെബാസ്റ്റ്യന്‍, നഗരസഭാംഗങ്ങളായ ഷീജ അനില്‍, ജയമോള്‍ ജോസഫ് എന്നിവര്‍ പ്രസംഗിച്ചു.
ഓണാഘോഷത്തോടനുബന്ധിച്ചു നടത്തിയ വിവിധ മത്സരങ്ങളിലെ വിജയികള്‍ക്ക് ചടങ്ങില്‍ സമ്മാനങ്ങള്‍ വിതരണം ചെയ്തു. തുടര്‍ന്ന് പ്രസീത ചാലക്കുടിയുടെ നാടന്‍പാട്ടു മേള നടന്നു. ഉദ്ഘാടനസമ്മേളനത്തിനു മുന്നോടിയായി പോലീസ് പരേഡ് ഗ്രൗണ്ടില്‍ ആരംഭിച്ച സാംസ്കാരിക ഘോഷയാത്ര തിരുനക്കര മൈതാനത്ത് സമാപിച്ചു.