മരങ്ങാട്ടുപിള്ളിയുടെ കലവറ നിറഞ്ഞു; ഇനി കർഷകകരുത്തിന്റെ രാപകലുകൾ
1590318
Tuesday, September 9, 2025 7:16 AM IST
മരങ്ങാട്ടുപിള്ളി: കാർഷികമേഖലയുടെ ജനകീയ ആഘോഷമായ കാർഷികോത്സവത്തിനുള്ള കലവറ നിറഞ്ഞു. നാടറിഞ്ഞുള്ള വിഭവ സമാഹരണം പൂർത്തീകരിച്ചതോടെ ഇനി ഉത്സവത്തിന്റെ നാളുകൾ തുടരുകയായി. 11 വരെയുള്ള തീയതികളിൽ ഇനി അറിവും അനുഭവവും ഉല്ലാസവും മത്സരവുമായി കാർഷികമേഖല അരങ്ങുതകർക്കും.
കർഷകരും വ്യാപാരികളും സമ്മാനിച്ച വിഭവങ്ങൾ സംഘാടക സമിതിക്കായി പഞ്ചായത്ത് പ്രസിഡന്റ് ബെൽജി ഇമ്മാനുവൽ ഏറ്റുവാങ്ങി. പഞ്ചായത്തിലെ 14 വാർഡുകളുടെയും പങ്കാളിത്തം വിഭവസമാഹരണത്തിൽ വ്യക്തമായിരുന്നു. 10, 11 തീയതികളിലെത്തുന്നവർക്കെല്ലാം ഭക്ഷണം നൽകുന്നതിനായാണ് ഈ വിഭവങ്ങൾ പ്രയോജനപ്പെടുത്തുന്നത്.
കർഷകരും കർഷകതൊഴിലാളികളുമടക്കമുള്ളവരുടെ നേതൃത്വം വിഭവസമാഹരണത്തിൽ ജനപ്രതിനിധികൾക്കൊപ്പമുണ്ടായിരുന്നുവെന്നത് ശ്രദ്ധേയമായി. വിവിധ സർക്കാർ വകുപ്പുകളിൽനിന്നുള്ള ഉദ്യോഗസ്ഥരും പങ്കാളികളായി.
പഞ്ചായത്തിന്റെ നേതൃത്വത്തിൽ കൃഷിഭവൻ, മൃഗസംരക്ഷണവകുപ്പ്, മരങ്ങാട്ടുപിള്ളി സഹരണബാങ്ക്, കാർഷിക വികസന സമിതി, ക്ഷീര വികസന വകുപ്പ്, കുടുംബശ്രീ, വായനശാലകൾ, ആർപിഎസുകൾ എന്നിവയുടെ സഹകരണത്തോടെയാണ് കാർഷികോത്സവം സംഘടിപ്പിച്ചിരിക്കുന്നതെന്ന് പഞ്ചായത്ത് പ്രസിഡന്റ് ബെൽജി ഇമ്മാനുവലും വൈസ് പ്രസിഡന്റ് ഉഷ രാജുവും പറഞ്ഞു.
ഇന്ന് പഞ്ചായത്ത് കമ്യൂണിറ്റി ഹാളിൽ വിവിധ കലാമത്സരങ്ങൾ നടക്കും. 11ന് 5.30ന് സംസ്ഥാന ആസൂത്രണ ബോർഡംഗം സന്തോഷ് ജോർജ് കുളങ്ങര സമാപനസമ്മേളനത്തിൽ മുഖ്യപ്രഭാഷണം നടത്തും.