മാവടിയിൽ റോഡ് ഇടിഞ്ഞു; വാഹനങ്ങൾക്കു ഭീഷണി
1590331
Tuesday, September 9, 2025 11:32 PM IST
തീക്കോയി: ഈരാറ്റുപേട്ട-വാഗമൺ റോഡിലെ മാവടിയിൽ സംരക്ഷണഭിത്തി ഇടിഞ്ഞ് റോഡ് അപകടാവസ്ഥയിൽ. മാവടി ബസ് കാത്തിരിപ്പുകേന്ദ്രത്തിനു സമീപത്തെ വളവിലെ സംരക്ഷണഭിത്തിയാണ് ഇടിഞ്ഞത്. റോഡിന്റെ ടാറിംഗിനോടു ചേർന്നുവരെ ഇടിഞ്ഞതോടെ വാഹനങ്ങൾ അപകടത്തിൽപ്പെടാൻ സാധ്യതയേറെയാണ്. ശ്രദ്ധ അല്പം പാളിയാൽ കാൽനടയാത്രക്കാരും ഇരുചക്ര വാഹനയാത്രക്കാരും 20 അടിയോളം താഴ്ചയിലേക്കു വീഴും.
വളവിലെ അപകടം
റോഡ് നവീകരണം നടത്തിയപ്പോൾ സംരക്ഷണഭിത്തി സുരക്ഷിതമാക്കാത്തതാണ് ഇപ്പോഴത്തെ സ്ഥിതിക്കു കാരണമെന്നു നാട്ടുകാർ പറയുന്നു. കഴിഞ്ഞ കാലവർഷത്തിലുണ്ടായ ശക്തമായ വെള്ളമൊഴുക്കിൽ സംരക്ഷണഭിത്തി കൂടുതൽ ദുർബലമായി. വളവിനോടു ചേർന്നാണ് സംരക്ഷഭിത്തി ഇടിഞ്ഞത് അപകടസാധ്യത കൂട്ടുന്നു.
ഈ അപകടാവസ്ഥയിലും ഭാരവാഹനങ്ങൾ അടക്കം ഇതുവഴി കടന്നുപോകുന്നുണ്ട്. ഓണക്കാലത്ത് വാഗമണിലേക്ക് ആയിരക്കണക്കിനു വാഹനങ്ങളാണ് എത്തിയത്. മിക്കവരും സ്ഥലപരിചയമില്ലാത്ത ഡൈവർമാരാണെങ്കിലും അപകടങ്ങൾ ഒന്നും ഉണ്ടായില്ലെന്ന ആശ്വാസത്തിലാണ് നാട്ടുകാർ. അടിയന്തരമായി മുന്നറിയിപ്പ് ബോർഡെങ്കിലും സ്ഥാപിക്കാൻ അധികാരികൾ തയാറാകണം.
തീക്കോയി പഞ്ചായത്തംഗം പി.എസ്. രതീഷിന്റെ നിർദേശപ്രകാരം ഈരാറ്റുപേട്ട പൊതുമരാമത്ത് വകുപ്പ് റോഡ് വിഭാഗം എഇ വി.കെ. രാഗേഷ് സ്ഥലം സന്ദർശിച്ചു. അടുത്ത ദിവസം തന്നെ സൂചനാ ബോർഡും താത്കാലിക സുരക്ഷാവേലിയും നിർമിക്കുമെന്നും തുടർന്നു നടപടിക്രമം പൂർത്തിയാക്കി സ്ഥിരം സംവിധാനം ഒരുക്കമെന്നും എഇ പറഞ്ഞു.