പരിശുദ്ധ മറിയത്തെപ്പോലെ ക്രിസ്തുവിനെ ഉള്‍ക്കൊള്ളണം: മാത്യൂസ് മാര്‍ അപ്രേം
1590309
Tuesday, September 9, 2025 6:54 AM IST
മണര്‍കാട്: പരിശുദ്ധ മറിയം യേശുക്രിസ്തുവിനെ ഉള്‍ക്കൊണ്ടതുപോലെ ക്രിസ്തുവിനെ ജീവിതത്തില്‍ ഉള്‍ക്കൊണ്ട് ദൈവശക്തിയില് നിറയാന്‍ സാധിക്കണമെന്ന് മാത്യൂസ് മാര്‍ അപ്രേം മെത്രാപ്പോലീത്ത.
മണര്‍കാട് സെന്റ് മേരീസ് യാക്കോബായ സുറിയാനി കത്തീഡ്രലിലെ എട്ടുനോമ്പ് പെരുന്നാളിന്റെ പ്രധാനദിനമായ ഇന്നലെ കത്തീഡ്രലില്‍ വിശുദ്ധ മൂന്നിന്മേല് കുര്ബാനയര്പ്പിച്ചശേഷം വചനസന്ദേശം നല്‍കുകയായിരുന്നു അദ്ദേഹം.
കുര്‍ബാനയ്ക്കുശേഷം നമസ്കാരമേശയില് കാണിക്ക സമര്‍പ്പിക്കാനുള്ള തളിക വച്ചു. ആദ്യ കാണിക്ക മാത്യൂസ് മാര്‍ അപ്രേം സമര്‍പ്പിച്ചു. തുടര്‍ന്ന് വൈദികരും വിശ്വാസികളും കാണിക്ക സമര്‍പ്പിച്ചു.
ഉച്ചകഴിഞ്ഞു രണ്ടിന് പെരുന്നാളിന് സമാപനം കുറിച്ചു കരോട്ടെ പള്ളിയിലേക്കുള്ള റാസ നടന്നു. ഫാ. ഗീവര്‍ഗീസ് നടുമുറിയില്, ഫാ. കുര്യന് മാത്യു വടക്കേപ്പറമ്പില്‍, ഫാ. ഏബ്രഹാം കരിമ്പന്നൂര്‍ എന്നിവര്‍ കാര്‍മികത്വം വഹിച്ചു. റാസയ്ക്കുശേഷം ആശീര്‍വാദവും നേര്‍ച്ച വിളമ്പും നടന്നു. തുടര്‍ന്ന് പൂര്‍വിക പാരമ്പര്യമനുസരിച്ച് പള്ളിക്ക് ചുറ്റുമുള്ള വട്ടപ്പാട്ടും തളിക എടുക്കലും നടന്നു.