ജില്ലാതല ഓണാഘോഷത്തിന് ഇന്നു സമാപനം
1589823
Sunday, September 7, 2025 11:31 PM IST
കോട്ടയം: ജില്ലാതല ഓണാഘോഷപരിപാടി ചിങ്ങനിലാവ് 2025ന് ഇന്നു സമാപനം. വൈകുന്നേരം നാലിന് പോലീസ് പരേഡ് ഗ്രൗണ്ടില്‍നിന്ന് ആരംഭിക്കുന്ന സാംസ്കാരിക ഘോഷയാത്ര തിരുനക്കര മൈതാനത്ത് സമാപിക്കും.
തുടര്‍ന്ന് 5.30ന് തിരുനക്കര മൈതാനത്ത് നടക്കുന്ന സമാപന സമ്മേളനം മന്ത്രി വി.എന്‍. വാസവന് ഉദ്ഘാടനം ചെയ്യും. തിരുവഞ്ചൂര്‍ രാധാകൃഷ്ണന് എംഎല്‍എ അധ്യക്ഷത വഹിക്കും. ദേശീയ ചലച്ചിത്ര പുരസ്കാരജേതാവ് നടന് വിജയരാഘവനെ ചടങ്ങില്‍ ആദരിക്കും. ചീഫ് വിപ്പ് ഡോ. എന്‍. ജയരാജ്, എംപിമാരായ കെ. ഫ്രാന്‍സിസ് ജോര്‍ജ്, ജോസ് കെ. മാണി, കൊടിക്കുന്നില്‍ സുരേഷ്, ആന്റോ ആന്റണി, എംഎല്‍എമാരായ മോന്‍സ് ജോസഫ്, സി.കെ. ആശ, മാണി സി. കാപ്പന്, ജോബ് മൈക്കിള്‍, സെബാസ്റ്റ്യന്‍ കുളത്തുങ്കല്‍, ചാണ്ടി ഉമ്മന്‍, ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് ഹേമലത പ്രേംസാഗര്‍, ജില്ലാ കളക്ടര്‍ ചേതന്‍കുമാര്‍ മീണ, നഗരസഭാധ്യക്ഷ ബിന്‍സി സെബാസ്റ്റ്യന്‍, ജില്ലാ പോലീസ് മേധാവി എ. ഷാഹുല്‍ ഹമീദ്, അഡീഷണല്‍ ജില്ലാ മജിസ്ട്രേറ്റ് എസ്. ശ്രീജിത്ത്, നഗരസഭാംഗങ്ങളായ അഡ്വ. ഷീജ അനില്‍, ജയമോള്‍ ജോസഫ്, വിനോദസഞ്ചാര വകുപ്പ് ഡെപ്യൂട്ടി ഡയറക്ടര്‍ റൂബി ജേക്കബ്, സ്പോര്‍ട്സ് കൗണ്‍സില്‍ പ്രസിഡന്റ് ഡോ. ബൈജു വര്‍ഗീസ് ഗുരുക്കള്‍ എന്നിവര്‍ പങ്കെടുക്കും.
സമാപന സമ്മേളനത്തിനു ശേഷം പ്രസീത ചാലക്കുടിയുടെ നാടന്‍പാട്ടു മേള നടക്കും. ജില്ലാ ഭരണകൂടവും ജില്ലാ ടൂറിസം പ്രൊമോഷന് കൗണ്‍സിലും കോട്ടയം നഗരസഭയും ചേര്‍ന്നാണു തിരുനക്കര മൈതാനത്ത് ഓണാഘോഷം സംഘടിപ്പിച്ചത്.
തിരുവാതിര മത്സരം
കോട്ടയം: ജില്ലാതല ഓണാഘോഷ പരിപാടി -ചിങ്ങനിലാവ് 2025നോടനുബന്ധിച്ച് ദര്‍ശന സാംസ്കാരിക കേന്ദ്രം നടത്തിയ തിരുവാതിര മത്സരത്തില്‍ നട്ടാശേരി ശ്രീരുദ്ര തിരുവാതിര സംഘം ഒന്നാം സ്ഥാനം നേടി. ഓണംതുരുത്ത് ശിവപാര്‍വതി തിരുവാതിര സംഘത്തിനാണ് രണ്ടാം സ്ഥാനം. സമ്മാനങ്ങള്‍ സമാപന സമ്മേളനത്തില്‍ വിതരണം ചെയ്യും.