ഭക്തിയും ആവേശവും നിറച്ച് ഉത്തൃട്ടാതി ഊരുചുറ്റ് വള്ളംകളി
1590375
Wednesday, September 10, 2025 12:07 AM IST
കോട്ടയം: ദേശവഴികളില്‍ ഭക്തിയും ആവേശവും ഒരുപോലെ നിറച്ച് ഉത്തൃട്ടാതി ഊരുചുറ്റ് വള്ളംകളി.
ഇന്നലെ രാവിലെ എട്ടിന് ദേവീ ചൈതന്യം സിംഹവാഹനത്തില്‍ ആവാഹിച്ച് കുമാരനല്ലൂര്‍ ക്ഷേത്രനടയില്‍നിന്നു വാദ്യ മേളത്തിന്റെയും കരവഞ്ചിയുടെയും അകമ്പടിയോടെ ആറാട്ട്കടവായ പുത്തന്‍കടവിലെത്തി. തുടര്‍ന്ന് സിംഹവാഹനം ക്ഷേത്രത്തില്‍നിന്നു കരവഞ്ചിയായി വഞ്ചിപ്പാട്ടിന്റെ അകമ്പടിയോടെ ആറാട്ടുകടവിലെത്തി ചുണ്ടന്‍വള്ളത്തില്‍ പ്രതിഷ്ഠിച്ചു.
സിംഹവാഹനവുമായി യാത്രതിരിച്ച പള്ളിയോടം മീനച്ചിലാറിന്റെ ഇരുകരകളിലെയും കടവുകളിൽ ഭക്തര്‍ ഒരുക്കിയ പറ വഴിപാട് സ്വീകരിച്ചു വൈകുന്നേരത്തോടെ ആറാട്ടുകടവില്‍ തിരിച്ചെത്തി. തുടര്‍ന്ന് കരവഞ്ചിയോടെ ക്ഷേത്രസന്നിധിയിലെത്തി സിംഹവാഹനം തിരികെ സമര്‍പ്പിച്ചതോടെ ഊരുചുറ്റു വള്ളംകളി സമാപിച്ചു. ശ്രീവിനായക ചുണ്ടനിലായിരുന്നു ഇത്തവണ സിംഹവാഹനം വഹിച്ചത്.
കരയോഗങ്ങളുടെ നിരവധി ഓടിവള്ളങ്ങളും ചെറുബോട്ടുകളും ചുണ്ടന്‍വള്ളത്തിനു അകമ്പടി സേവിച്ചു.