കുമരകം ജലോത്സവം: തുരുത്തിത്തറയ്ക്ക് ജയം
1590024
Monday, September 8, 2025 7:11 AM IST
കുമരകം: വാശിയേറിയ പോരാട്ടത്തില്‍ ഇഞ്ചുകളുടെ വ്യത്യാസത്തില്‍ പി.ജി കര്‍ണ്ണനെ തുരത്തി തുരുത്തിത്തറ 122-ാമത് ശ്രീനാരായണ ജയന്തി ട്രോഫി സ്വന്തമാക്കി. ഇക്കുറി കളിവള്ളങ്ങളുടെ സാന്നിധ്യം കുറവായിരുന്നെങ്കിലും ഫൈനല്‍ മത്സരങ്ങള്‍ എല്ലാംതന്നെ ഒന്നിനൊന്ന് ആവേശം ജനിപ്പിക്കുന്നവയായിരുന്നു.
ട്രോഫി നേടിയ തുരുത്തിത്തറ വള്ളം തുഴഞ്ഞത് കുമരകം സൗത്ത് ബോട്ട് ക്ലബാണ്. കുമരകം യുവശക്തി ബോട്ട് ക്ലബിന്റെ പി.ജി. കര്‍ണനാണ് രണ്ടാം സ്ഥാനം. രണ്ടാം തരം ഇരുട്ടുകുത്തി വിഭാഗത്തില്‍ സെന്റ് ജോസഫിനെ പരാജയപ്പെടുത്തി എബിസി അറുപറയുടെ ശ്രീഗുരുവായൂരപ്പന് ജേതാക്കളായി.
ചുരുളന്‍ ഒന്നാം തരത്തില്‍ കോടിമതയും മുഴിയും കാഴ്ചവച്ചത് കാണികളെ ത്രസിപ്പിക്കുന്ന മത്സരമായിരുന്നു. കവണാര് സിറ്റിയുടെ കോടിമതയെ വിജയികളായി പ്രഖ്യാപിച്ചു. ചുരുളന്‍ രണ്ടാം തരത്തില്‍ ആര്‍പ്പുക്കര ബോട്ട് ക്ലബിന്റെ തോട്ടില്‍ ഡായി നമ്പര്‍-2 വിനെ തോല്പിച്ചു. മത്സരത്തില്‍ പങ്കെടുത്ത കളിവള്ളങ്ങളില്‍ ശ്രീമുത്തപ്പന്‍ ഒഴികെയുള്ള എല്ലാ കളിവള്ളങ്ങള്‍ക്കും ഫൈനലില്‍ മത്സരിക്കാന്‍ അവസരം നല്‍കിയെന്നത് സംഘാടക മികവായിരുന്നു.
ഇന്നലെ ഉച്ചയ്ക്ക് രണ്ടിന് ശ്രീകുമാരമംഗലം ക്ഷേത്രക്കടവില്നിന്നാരംഭിച്ച വര്‍ണ്ണാഭമായ ജലഘോഷയാത്രയില്‍ ഒട്ടനവധി കേരളീയ കലാരൂപങ്ങള്‍ അണിനിരന്നിരുന്നു. നാല് എസ്എന്‍ഡിപി അംഗ ശാഖകളും അലങ്കരിച്ച തട്ടിന് വള്ളത്തില്‍ ശ്രീനാരായണ ഗുരുവിന്റെ ഛായ ചിത്രവും വഹിച്ച കൊണ്ടുള്ള ഹംസരഥത്തിനു പിന്നില്‍ അണിചേര്‍ന്നിരുന്നു. ജലഘോഷായാത്ര കോട്ടത്തോട്ടില്‍ എത്തിയതോടെ വള്ളംകളിയുടെ ഉദ്ഘാടന സമ്മേളനം ആരംഭിച്ചു.
ക്ലബ് പ്രസിഡന്റ് വി.പി.അശോകന്റെ അധ്യക്ഷതയില്‍ മന്ത്രി വി.എന്‍ വാസവന് ഉദ്ഘാടനം നിര്‍വഹിച്ചു. ഫ്രാന്‍സിസ് ജോര്‍ജ് എംപി. ജില്ലാ പഞ്ചായത്തംഗം കെ.വി. ബിന്ദു, കുമരകം പഞ്ചായത്ത് പ്രസിഡന്റ് ധന്യാ സാബു, വി. എസ്. മനുലാല്‍, ആര്‍ഷാ ബൈജു തുടങ്ങിയവര്‍ പ്രസംഗിച്ചു.
യോഗത്തില്‍ കുമരകം സ്വദേശികളായ ഒരുമ്പെട്ടവന്‍ ഫെയിം ബാലനടി കാശ്മീര സുജീഷിനെയും കേരള ക്രിക്കറ്റ് ലീഗ് രണ്ടാം സീസണില്‍ ആലപ്പി ടീം അംഗമായ യുവക്രിക്കറ്റര്‍ ആദിത്യ ബൈജുവിനെയും മന്ത്രി ആദരിച്ചു.
മത്സരാനന്തരം എസ്കെഎം ദേവസ്വം മൈതാനിയില്‍ സാല്‍വിന്‍ കൊടിയന്ത്രയുടെ അധ്യക്ഷതയില്‍ ചേര്‍ന്ന യോഗത്തില്‍ ജില്ലാ പഞ്ചായത്തംഗം കെ.വി. ബിന്ദു വിജയികള്‍ക്ക് ട്രോഫികള്‍ സമ്മാനിച്ചു. കെ.പി. ആനന്ദക്കുട്ടന്, പി.ജി. ചന്ദ്രന്, വി.എസ്. കലാധരന്‍, പി.എന്‍. സാബു ശാന്തി തുടങ്ങിയവര്‍ പ്രസംഗിച്ചു.