ലോട്ടറിയുടെ ജിഎസ്ടി വര്‍ധന: ടിക്കറ്റ് വില കൂട്ടാനോ, സമ്മാനം കുറയ്ക്കാനോ അനുവദിക്കില്ലെന്ന്
1590311
Tuesday, September 9, 2025 6:54 AM IST
കോട്ടയം: ലോട്ടറിയുടെ ജിഎസ്ടി 28 ശതമാനത്തില്‍നിന്നും 40 ശതമാനമായി വര്‍ധിപ്പിക്കാനുള്ള തീരുമാനംമൂലം കേരള ലോട്ടറി ടിക്കറ്റിന്റെ വില കൂട്ടാനോ പൊതുജനങ്ങള്‍ക്ക് നല്കുന്ന സമ്മാനങ്ങളുടെ എണ്ണം കുറയ്ക്കാനോ തീരുമാനിച്ചാല്‍ ലോട്ടറി ബന്ദ് ഉള്‍പ്പെടെ അനിശ്ചിതകാല സമരം ആരംഭിക്കുമെന്ന് ഓള് കേരള ലോട്ടറി ഏജന്റ് ആന്‍ഡ് സെല്ലേഴ്സ് കോണ്‍ഗ്രസ് ഐഎന്‍ടിയുസി സംസ്ഥാന കമ്മിറ്റി അറിയിച്ചു.
ജിഎസ്ടിയുടെ പകുതി സംസ്ഥാന സര്‍ക്കാരിനും പകുതി കേന്ദ്ര സര്‍ക്കാരിനും ലഭിക്കുമെന്നതിനാല്‍ രണ്ട് സര്‍ക്കാരുകളും ഒത്തുകളിച്ചാണ് ലോട്ടറിക്ക് രാജ്യത്തെ ഉയര്‍ന്ന നികുതി ഏര്‍പ്പെടുത്തിയത്. സംസ്ഥാന സര്‍ക്കാരിന് പ്രതിവര്‍ഷം പതിനയ്യായിരം കോടി വരുമാനവും മൂവായിരം കോടി ലാഭവും ലോട്ടറിയില്‍നിന്നു ലഭിക്കുന്നതിനു പുറമേ സമ്മാനാര്‍ഹരുടെ നികുതിയും സമ്മാനാര്‍ഹര്‍ വാങ്ങാത്ത സമ്മാനത്തുകയും ഇപ്പോള്‍ ലഭിക്കുന്നുണ്ട്. വർധിപ്പിക്കുന്ന ജിഎസ്ടി തുകയും സര്‍ക്കാരിനുതന്നെ ലഭിക്കുന്നതിനാല്‍ വര്‍ധനയിലൂടെ ലഭിക്കുന്ന തുക സബ്സിഡിയായി ലോട്ടറി മേഖലയ്ക്ക് നല്‍കണം.
ഭിന്നശേഷിക്കാരും രോഗബാധിതരുമായവര്ക്ക് ഒരു തൊഴിലും വരുമാനവുമെന്ന് പ്രഖ്യാപിച്ചു കേരള സര്‍ക്കാര്‍ ആരംഭിച്ച ലോട്ടറി, സര്‍ക്കാര്‍ കൊള്ളലാഭം ഉണ്ടാക്കുന്നതുവഴി വലിയ തകര്‍ച്ച നേരിടുകയാണ്. ഇടതുസര്‍ക്കാര്‍ ടിക്കറ്റുവില 30ല്‍നിന്ന് 50 രൂപ ആക്കിയതും 5,000 രൂപ ഉള്‍പ്പെടെ നിരവധി സമ്മാനങ്ങളുടെ എണ്ണം കുറച്ചതും മൂലം ലോട്ടറിത്തൊഴിലാളികള്‍ക്ക് മുമ്പു വിറ്റിരുന്നതിന്റെ മൂന്നിലൊന്നു ടിക്കറ്റാണ് വിറ്റഴിക്കാനാകുന്നത്. മുന്‍കൂര്‍ പണമടച്ച് വാങ്ങുന്ന ടിക്കറ്റുകള്‍ മിച്ചം വന്നും വരുമാനം കുറഞ്ഞും വലിയ പ്രതിസന്ധി നേരിടുന്ന ലോട്ടറി വില്പന മേഖലയ്ക്ക് കനത്ത തിരിച്ചടിയാണ് സര്‍ക്കാരിന്റെ പുതിയ തീരുമാനം ഉണ്ടാക്കുന്നത്.
ലോട്ടറി നിരോധിത സംസ്ഥാനങ്ങളില്‍ കരിഞ്ചന്തയില്‍ വില്പന നടത്താന്‍ ഇതരസംസ്ഥാന ലോട്ടറി മാഫിയകള്‍ക്ക് സംസ്ഥാന സര്‍ക്കാര്‍ ഒത്താശ ചെയ്യുന്നതിനാല്‍ ടിക്കറ്റ് വില്പന ഇടിയില്ലെന്ന കണക്കാണ് അധികൃതര്‍ ബോധ്യപ്പെടുത്തുന്നത്. ദിവസേന അച്ചടിക്കുന്ന ഒരു കോടി എട്ടു ലക്ഷം ടിക്കറ്റുകളില്‍ കേരളത്തില്‍ വില്‍ക്കുന്നത് 70 ശതമാനത്തില്‍ താഴെ മാത്രമാണ്.
കേരള ഖജനാവിനു വലിയ വരുമാനവും മൂന്നു ലക്ഷം ലോട്ടറി വില്പനത്തൊഴിലാളികളുടെ ജീവിതമാര്‍ഗവുമായ കേരള ലോട്ടറി സംരക്ഷിക്കാന്‍ സര്‍ക്കാര്‍ അടിയന്തര നടപടി സ്വീകരിക്കണമെന്നാവശ്യപ്പെട്ട് ലോട്ടറി മേഖലയിലെ മറ്റു സംഘടനകളുമായി ചേര്‍ന്നു സമരമാരംഭിക്കുന്നതിനും തീരുമാനിച്ചതായി ഓള് കേരള ലോട്ടറി ഏജന്റ്സ് ആന്‍ഡ് സെല്ലേഴ്സ് കോണ്‍ഗ്രസ് ഐഎന്‍ടിയുസി സംസ്ഥാന പ്രസിഡന്റ് ഫിലിപ്പ് ജോസഫ് അറിയിച്ചു.