ടെറ്റ് സുപ്രീംകോടതി വിധി: കേന്ദ്രനിയമം ഭേദഗതി ചെയ്യണമെന്ന് കേരള സ്റ്റേറ്റ് സ്കൂള്‍ ടീച്ചേഴ്സ് ഫ്രണ്ട്
1590075
Monday, September 8, 2025 11:43 PM IST
പാലാ: അധ്യാപക യോഗ്യതാ പരീക്ഷ (ടെറ്റ്) നേടാത്തവര്‍ക്ക് രണ്ടുവര്‍ഷം കഴിഞ്ഞാല്‍ നിര്‍ബന്ധിത വിരമിക്കല്‍ നല്‍കണമെന്ന സുപ്രീംകോടതി വിധിക്കെതിരേ കേന്ദ്ര-സംസ്ഥാന ഗവണ്മെന്റുകള് അടിയന്തരമായി ഇടപെടണമെന്നും ടെറ്റുമായി ബന്ധപ്പെട്ട കേന്ദ്രനിയമത്തില്‍ ഭേദഗതി കൊണ്ടുവരണമെന്നും കെഎസ്എസ്ടിഎഫ് സംസ്ഥാന പ്രസിഡന്റ് ടോബിന് കെ. അലക്സ് ആവശ്യപ്പെട്ടു. അധ്യാപകരുടെ യോഗ്യതാ പരീക്ഷയായ ടെറ്റുമായി ബന്ധപ്പെട്ട് സുപ്രീംകോടതിയില്‍ കക്ഷി ചേരുന്നതിനും സംഘടന തീരുമാനിച്ചു.
ഈ വിധി കേരളത്തിലെ വിദ്യാഭ്യാസരംഗത്ത് അരക്ഷിതാവസ്ഥ സൃഷ്ടിക്കുമെന്നും സുപ്രീംകോടതി വിധിയില്‍ കേരളം നിയമനടപടിക്ക് തയാറാകണമെന്നും സംഘടന ആവശ്യപ്പെട്ടു.
50,000ത്തിലധികം അധ്യാപകരെ ബാധിക്കുന്ന ഈ കോടതിവിധിയുമായി ബന്ധപ്പെട്ട് മുഖ്യമന്ത്രിക്കും പൊതുവിദ്യാഭ്യാസ മന്ത്രിക്കും നിവേദനം നല്‍കുമെന്നും ടോബിന് കെ. അലക്സ് പറഞ്ഞു.