നിസ്വാര്‍ഥ സേവനത്തിന്റെ മാതൃക
1590115
Tuesday, September 9, 2025 12:21 AM IST
ചങ്ങനാശേരി: ശാന്തതയോടെയും സൗമ്യതയോടെയും അഭിഭാഷകവൃത്തിയിലും പൊതുപ്രവര്‍ത്തനത്തിലും ഏര്‍പ്പെട്ടിരുന്ന അഡ്വ. പ്രിന്‍സ് ലൂക്കോസ് നിസ്വാര്‍ഥ സേവനത്തിന്റെ മാതൃകയായിരുന്നു. ക്രിസ്തീയ വിശ്വാസവും മൂല്യങ്ങളും മുറുകെപ്പിടിച്ചിരുന്ന അദ്ദേഹം സഭയോടും ചങ്ങനാശേരി അതിരൂപതയോടും ചേര്‍ന്നു പ്രവര്‍ത്തിച്ചിരുന്നു.
സഭാ സംഘടനകളായ മിഷന്‍ലീഗ്, യുവദീപ്തി എന്നിവയിലൂടെ സംഘാടകപാടവം നേടിയെടുത്ത അദ്ദേഹം യുവദീപ്തിയുടെ അതിരമ്പുഴ ഫൊറോന പ്രസിഡന്റായിരുന്നു. നിലവിൽ അതിരൂപത പാസ്റ്ററല്‍ കൗണ്‍സിലിലും അംഗമാണ്. രാഷ്ട്രീയരംഗത്തെ ഒരു പ്രഗത്ഭവ്യക്തിത്വത്തെയാണ് നമുക്ക് നഷ്ടമായിരിക്കുന്നത്. അദ്ദേഹത്തിന്റെ ആകസ്മിക വേര്‍പാടില്‍ ദുഃഖം രേഖപ്പെടുത്തുന്നതോടൊപ്പം കുടുംബത്തെ അനുശോചനമറിയിക്കുകയും ചെയ്യുന്നു.
മാര്‍ തോമസ് തറയില്‍
ചങ്ങനാശേരി ആര്‍ച്ച്ബിഷപ്
സ്നേഹവും സൗഹൃദവും
സ്മരിക്കുന്നു
കോട്ടയം: കേരള കോണ്‍ഗ്രസ് നേതാവായിരുന്ന പ്രിന്‍സ് ലൂക്കോസന്റെ അപ്രതീക്ഷിത വേര്‍പാടില്‍ ദുഃഖവും അനുശോചനവും രേഖപ്പെടുത്തുന്നു. ശാന്തനും സൗമ്യനുമായിരുന്ന പ്രിന്‍സിന്റെ സ്നേഹവും സൗഹൃദവും സ്മരിക്കുന്നു.
കുടുംബത്തിനുണ്ടായ ദുഃഖത്തില്‍ പങ്കുചേരുന്നു. കുടുംബത്തെ ദൈവം ആശ്വസിപ്പിക്കുകയും ശക്തിപ്പെടുത്തുകയും ചെയ്യട്ടെ.
മാര്‍ തോമസ് പാടിയത്ത്
ഷംഷാബാദ് സഹായമെത്രാന്‍