രൂപതാധ്യക്ഷനൊപ്പം മരിയകീർത്തനം പാടി 2213 മേരിമാർ കുറവിലങ്ങാട് മുത്തിയമ്മയ്ക്കരികിൽ
1590113
Tuesday, September 9, 2025 12:21 AM IST
കുറവിലങ്ങാട്: 2213 മേരിമാർ മുത്തിയമ്മയ്ക്കരുകിൽ ഒരുമിച്ച് മരിയ കീർത്തനം പാടി.
മേരിമാർക്കായി പ്രാർഥിച്ചും ആശംസകൾ നേർന്നും രൂപതാധ്യക്ഷനും വൈദികരും എത്തിയതോടെ സംഗമത്തിന് ആത്മീയതയുടെ കരുത്തുമായി. മേജർ ആർക്കിഎപ്പിസ്കോപ്പൽ മർത്ത്മറിയം അർക്കദിയാക്കോൻ തീർഥാടന കേന്ദ്രത്തിൽ പരിശുദ്ധ ദൈവമാതാവിന്റെ പിറവിത്തിരുനാളിനോട് ചേർന്നാണ് മേരിമാരുടെ സംഗമം നടത്തിയത്. മുത്തിയമ്മയ്ക്കരികിൽ 21 കള്ളപ്പം വീതം സമർപ്പിച്ചാണ് മേരിമാർ സംഗമത്തിന്റെ ഭാഗമായത്. മുഴുവൻ മേരിമാർക്കും ഇടവക പ്രത്യേക ഉപഹാരങ്ങളും നൽകി. ദൈവമാതാവ് പ്രത്യക്ഷപ്പെട്ട് ഉയർത്തിനാട്ടിയ ഒറ്റക്കൽകുരിശിൻ ചുവട്ടിലാണ് മേരിമാർ മരിയ കീർത്തനമായ ‘ബറ് മറിയം’ എന്ന സുറിയാനി ഗീതം ആലപിച്ചത്.
മേരി, മറിയം, നിർമല, വിമല, അമല എന്നിങ്ങനെ ദൈവമാതാവിന്റെ പേരുകൾ മാമ്മോദീസായിലൂടെയും പ്രത്യേക നിയോഗാർഥവും സ്വീകരിച്ചവരാണ് സംഗമത്തിനെത്തിയത്.
പാലാ ബിഷപ് മാർ ജോസഫ് കല്ലറങ്ങാട്ട്, ആർച്ച്പ്രീസ്റ്റ് റവ. ഡോ. തോമസ് മേനാച്ചേരി, സീനിയർ അസി. വികാരി ഫാ. ജോസഫ് മണിയഞ്ചിറ, അസി. വികാരിമാരായ ഫാ. പോൾ കുന്നുംപുറത്ത്, ഫാ. ആന്റണി വാഴക്കാലായിൽ, ഫാ. ജോസഫ് ചൂരയ്ക്കൽ, ഫാ. തോമസ് താന്നിമലയിൽ, പാസ്റ്ററൽ അസിസ്റ്റന്റുമാരായ ഫാ. ജോസ് കോട്ടയിൽ, ഫാ. പോൾ മഠത്തിക്കുന്നേൽ, ദേവമാതാ കോളജ് വൈസ് പ്രിൻസിപ്പൽ ഫാ. മാത്യു കവളമ്മാക്കൽ എന്നിവർ പ്രാർഥനാ ശുശ്രൂഷകളിൽ സഹകാർമികരായി. മുഴുവൻ മേരിമാരെയും പരിശുദ്ധ ദൈവമാതാവിന്റെ ദാസരായി പ്രഖ്യാപിച്ചാണ് സംഗമം അവസാനിച്ചത്.
നോമ്പ് വീടലിന്റെ ഭാഗമായി കത്തോലിക്കാ കോൺഗ്രസ് യൂണിറ്റിന്റെ നേതൃത്വത്തിൽ സ്നേഹവിരുന്നും നടത്തി. മേരിമാർ എത്തിച്ച നേർച്ചയപ്പമാണ് വിളമ്പി നൽകിയത്.