ചങ്ങനാശേരി നഗരത്തില്‍ വഴിവിളക്കുകള്‍ തെളിയുന്നില്ല
1590323
Tuesday, September 9, 2025 7:16 AM IST
താലൂക്ക് വികസനസമിതിയില്‍ വിമര്‍ശനം
ചങ്ങനാശേരി: നഗരത്തില്‍ വഴിവിളക്കുകള്‍ തെളിയാത്തതിലും തെരുവുനായ്ക്കളെ നിയന്ത്രിക്കാന്‍ സര്‍ക്കാര്‍ നിര്‍ദേശിച്ച ആനിമല്‍ ബര്‍ത്ത് കണ്ട്രോള് (എബിസി) പ്രോജക്റ്റ് നടപ്പാക്കാത്തതിലും നഗരസഭയ്ക്കെതിരേ വിമര്‍ശനം ഉയര്‍ന്നു.
ഈ വിഷയങ്ങളില്‍ എംഎല്‍എയടക്കം നിരന്തരം നിര്‍ദേശിച്ചിട്ടും നഗരസഭ നടപടി സ്വീകരിക്കുന്നില്ലെന്ന് അംഗങ്ങള്‍ ആക്ഷേപം ഉന്നയിച്ചു. വഴിവിളക്കില്ലാത്തതിനാല്‍ ചങ്ങനാശേരി ബൈപാസില്‍ രാത്രികാലങ്ങളില്‍ ക്രമിനില്‍, സാമൂഹ്യവിരുദ്ധസംഘങ്ങളുടെ ശല്യം വ്യാപകമാണെന്നും ഇതു യാത്രക്കാര്‍ക്ക് ഭീഷണിയാണെന്നും അഭിപ്രായം ഉയര്‍ന്നു.
ചങ്ങനാശേരി ഡിപ്പോയില്‍നിന്നു രാത്രി 9.40ന് മണിമലയ്ക്ക് നടത്തിയിരുന്ന കെഎസ്ആര്‍ടിസി ബസ് സര്‍വീസ് പുനരാരംഭിക്കണം. എസ്ബി ഹൈസ്കൂളിന് സമീപം വെയ്റ്റിംഗ് ഷെഡ് സ്ഥാപിക്കാന്‍ പിഡബ്ല്യൂഡി നടപടികള്‍ സ്വീകരിക്കണം. സെന്റ് ആന്‍സ് സ്കൂളിനു മുമ്പില്‍ റോഡിലെ വെള്ളക്കെട്ട് പരിഹരിക്കണം തുടങ്ങിയ ആവശ്യങ്ങളും യോഗത്തില്‍ ഉന്നയിക്കപ്പെട്ടു. ജോസി കല്ലുകളം അധ്യക്ഷത വഹിച്ചു.
വനിതാ ജീവനക്കാര്‍ക്കു ജൗളി വ്യാപാര സ്ഥാപനങ്ങളില്‍ വേണ്ടത്ര സൗകര്യങ്ങളുണ്ടോയെന്ന കാര്യം ലേബര്‍ ഡിപ്പാര്‍ട്ട്മെന്റ് ഉറപ്പുവരുത്തണമെന്നു യോഗത്തിൽ ആവശ്യമുയർന്നു. പാചകവാതക സിലിണ്ടര്‍ വീടുകളിലെത്തിക്കുമ്പോള്‍ നിബന്ധനകള്‍ മറികടന്ന് കൂടുതല്‍ വാഹനക്കൂലി ഈടാക്കുന്നതായും അംഗങ്ങള്‍ അഭിപ്രായപ്പെട്ടു. സ്കൂള്‍ പരിസരങ്ങളിലും ബസുകളിലും ലഹരിവസ്തുക്കളുടെ വിതരണം നടക്കുന്നുണ്ടോയെന്ന് എക്സൈസ്, പോലീസ് വിഭാഗങ്ങള്‍ പരിശോധിക്കണം. കുരിശുംമൂട് ജംഗ്ഷനില്‍ പൈപ്പ് പൊട്ടുന്നതിനു ശാശ്വതപരിഹാരം വേണം തുടങ്ങിയ നിര്‍ദേശങ്ങളും യോഗത്തിലുയര്‍ന്നു.
താലൂക്ക് സഭാംഗങ്ങളായ ലിനു ജോബ്, സബീഷ് നെടുമ്പറമ്പില്‍, ജോണ്‍ മാത്യു, പി.എന്‍. കബീര്‍, മന്‍സൂര്‍ പുതുവീട്, കെ.എസ്. സോമനാഥ് എന്നിവര്‍ പ്രസംഗിച്ചു. വിവിധ വകുപ്പ് ഉദ്യോഗസ്ഥര്‍ പങ്കെടുത്തു.