അധോലോകത്തെ മലർത്തിയടിച്ച് പവർഫുൾ ഗേൾസ്
1590027
Monday, September 8, 2025 7:11 AM IST
ശ്രീകണ്ഠമംഗലത്ത് വനിതാ വടംവലിമത്സരം ആവേശമായി
അതിരമ്പുഴ: അധോലോകത്തെ തറപറ്റിച്ച് പവർഫുൾ ഗേൾസ്. ഓണാഘോഷത്തോടനുബന്ധിച്ച് അതിരമ്പുഴ ശ്രീകണ്ഠമംഗലം കുറ്റിയേൽ കവലയിൽ നടന്ന വനിതാ വടംവലി മത്സരം ആവേശമായി. നാഷണൽ ആർട്സ് ആൻഡ് സ്പോർട്സ് ക്ലബ്ബിന്റെ നേതൃത്വത്തിൽ അവിട്ടം നാളിൽ നടത്തിയ ഓണാഘോഷങ്ങളുടെ ഭാഗമായാണ് വടംവലി മത്സരം നടന്നത്.
ഞങ്ങളും വടംവലിക്കട്ടെ എന്നു ചോദിച്ച് വനിതകൾ എത്തുകയായിരുന്നു. വനിതകൾ ഗൗരവത്തിലാണെന്നു മനസിലാക്കിയ സംഘാടകർ സമ്മതിച്ചു. അതിവേഗം ടീമുകൾ റെഡിയായി - അധോലോകവും പവർഫുൾ ഗേൾസും.
വനിതകളുടെ വടംവലി മത്സരം നടക്കുന്നുവെന്ന അനൗൺസ്മെന്റ് കേട്ടതോടെ നാട്ടുകാർ ഒഴുകിയെത്തി. അവരുടെ പ്രോത്സാഹനംകൂടി ആയതോടെ മത്സരം കടുത്തു. പൊരിഞ്ഞ പോരാട്ടത്തിൽ അധോലോകത്തിനു മേൽ പവർഫുൾ ഗേൾസിന് ജയം.
ജയശ്രീ കുറ്റിയേൽ നയിച്ച പവർഫുൾ ഗേൾസ് ടീമിൽ അശ്വതി കുറ്റിയേൽ, രമ്യ ചിറ്റേട്ട്, ആദിത്യ ഉള്ളാട്ടുപറമ്പിൽ, ധന്യ രാജ് തോട്ടുങ്കൽപറമ്പിൽ, അമല സാജൻ, പ്രതീക്ഷ നടക്കൽ എന്നിവരും രാജമ്മ കുറ്റിയേൽ നയിച്ച അധോലോകം ടീമിൽ ശാരി ഗോപൻ, ലൂസി തോമസ്, പൊന്നി ജോസ്, രമ ഉത്തമൻ, രാജി, അസിൻ സാബു എന്നിവരുമാണ് അങ്കത്തിനിറങ്ങിയത്.
പഞ്ചായത്ത് മെംബർ കെ.എ. അശ്വതിമോൾ ഉദ്ഘാടനം ചെയ്ത പൊതുസമ്മേളനത്തിൽ ലിസ്യു പള്ളി വികാരി ഫാ. മാർട്ടിൻ ഇലയ്ക്കാട്ടു നാലുപറയിൽ സമ്മാനദാനം നിർവഹിച്ചു. ക്ലബ്ബ് സെക്രട്ടറി പി.ജി. അനിൽകുമാർ അധ്യക്ഷത വഹിച്ചു.