ആറന്മുള ക്ഷേത്രത്തിൽ ചേനപ്പാടി പാളത്തൈര് സമർപ്പണം 13ന്
1590067
Monday, September 8, 2025 11:42 PM IST
പൊൻകുന്നം: ആറന്മുള പാർഥസാരഥി ക്ഷേത്രത്തിലെ അഷ്ടമിരോഹണി വള്ളസദ്യക്കുള്ള ചേനപ്പാടി കരക്കാരുടെ പാളത്തൈര് സമർപ്പണം 13ന് നടത്തുമെന്ന് രക്ഷാധികാരി സ്വാമി ഗരുഡധ്വജാനന്ദ തീർഥപാദർ പത്രസമ്മേളനത്തിൽ അറിയിച്ചു.
14ന് അഷ്ടമിരോഹിണി വള്ളസദ്യയിൽ വിളമ്പുന്നതിനാണ് ചേനപ്പാടി തൈര്. 12ന് ഉച്ചകഴിഞ്ഞ് മൂന്നിന് വാഴൂർ തീർഥപാദാശ്രമത്തിൽ തൈര് തയാറാക്കും. ആശ്രമത്തിലെ ഗോശാലയിലെ പാൽ ഉപയോഗിച്ചാണ് തൈര് ഉണ്ടാക്കുന്നത്. മഠാധിപതി സ്വാമി പ്രജ്ഞാനാനന്ദ തീർഥപാദർ, കാര്യദർശി സ്വാമി ഗരുഡധ്വജാനന്ദ തീർഥപാദർ എന്നിവർ കാർമികത്വം വഹിക്കും. 1500 ലിറ്റർ തൈരാണ് ആറന്മുളയിലേക്ക് കൊണ്ടുപോകുന്നത്. ആശ്രമത്തിൽ തയാറാക്കുന്ന തൈര് കൂടാതെ ചേനപ്പാടിയിലെ ഭക്തർ വഴിപാടായി സമർപ്പിക്കുന്ന തൈരും ഉപയോഗിക്കും.
നൂറ്റാണ്ട് മുന്പ് പൂർവികർ പാളപ്പാത്രത്തിൽ തൈര് തയാറാക്കി കൊണ്ടുപോയിരുന്നതിനാലാണ് പാളത്തൈര് എന്ന പേര് വന്നത്. അന്നത്തെ രീതി അനുസ്മരിച്ച് ഏതാനും പാളപ്പാത്രങ്ങളിലും തൈര് ആറന്മുള ക്ഷേത്രത്തിൽ സമർപ്പിക്കും.
13ന് ഘോഷയാത്രയായാണ് ആറന്മുളയിലേക്ക് ഭക്തർ പുറപ്പെടുന്നത്. ചേനപ്പാടി എസ്എൻഡിപി യോഗം ശാഖ, പരുന്തന്മല ശ്രീദേവി വിലാസം ഭജനസമിതി, വിഴിക്കിത്തോട് ഭജനസമിതി എന്നിവയുടെ സഹകരണത്തോടെ പ്രത്യേകം അലങ്കരിച്ച് തയാറാക്കിയ വാഹനത്തിൽ തീർഥപാദാശ്രമത്തിൽനിന്ന് തൈര് ചേനപ്പാടി കിഴക്കേക്കര ഭഗവതിക്ഷേത്ര സന്നിധിയിലെത്തിക്കും. തുടർന്നു രാവിലെ ഒന്പതിന് ഇവിടെനിന്ന് നാമസങ്കീർത്തന ഘോഷയാത്രയായി ആറന്മുള ക്ഷേത്രത്തിലേക്ക് പുറപ്പെടും.
എരുമേലി പോലീസ് എസ്എച്ച്ഒ ഇ.ഡി. ബിജു ഘോഷയാത്ര ഉദ്ഘാടനം ചെയ്യും. രാവിലെ 11ന് പാർഥസാരഥി ക്ഷേത്രനടയിൽ തൈര് സമർപ്പണം നടത്തും. ഘോഷയാത്രയ്ക്ക് റാന്നിയിൽ തോട്ടമൺകാവ് ഭഗവതി ക്ഷേത്ര ഭരണസമിതി, അവിട്ടം ജലോത്സവസമിതി എന്നിവർ സ്വകരണം നൽകും. പാർഥസാരഥി ക്ഷേത്രത്തിലെത്തുന്ന തൈര് സമർപ്പണ ഘോഷയാത്രയെ പാർഥസാരഥി പള്ളിയോട സമിതിയുടെ നേതൃത്വത്തിൽ വഞ്ചിപ്പാട്ട് പാടി സ്വീകരിക്കും.
പൂർവകാലത്ത് ഗോക്കളാൽ സമൃദ്ധമായിരുന്ന ചേനപ്പാടി ഗ്രാമത്തിൽനിന്നു ചെറിയ മഠത്തിൽ കേളുച്ചാർ രാമച്ചാരുടെ നേതൃത്വത്തിൽ കമുകിൻപാള കൊണ്ടു നിർമിച്ച പാത്രങ്ങളിലാണ് തൈര് തയാറാക്കി എത്തിച്ചിരുന്നത്. ഇടക്കാലത്ത് മുടങ്ങിപ്പോയ ആചാരം 15 വർഷം മുന്പ് ചരിത്രം തിരിച്ചറിഞ്ഞ് ആറന്മുള കരക്കാരും ചേനപ്പാടി കരക്കാരും ചേർന്ന് പുനരാരംഭിക്കുകയായിരുന്നു.
പത്രസമ്മേളനത്തിൽ പ്രസിഡന്റ് രാജപ്പൻനായർ കോയിക്കൽ, സെക്രട്ടറി കെ.എസ്. ജയകൃഷ്ണൻ കുറ്റിക്കാട്ട്, വൈസ് പ്രസിഡന്റ് സുരേഷ് നാഗമറ്റത്തിൽ, ജോയിന്റ് സെക്രട്ടറി പി.പി. വിജയകുമാർ, ട്രഷറർ അഭിലാഷ് പടത്തിയാനിക്കൽ, എ.കെ. സോമൻ, സുനിൽകുമാർ പഴുക്കാപ്പറമ്പിൽ, ലതാ ബിജു മൂലമ്പുഴ, ബിന്ദുമോൾ ചൂരപ്പാടി, അമ്പിളി അശോകൻ, വിജയപ്പൻനായർ തുടങ്ങിയവർ പങ്കെടുത്തു.