പുഞ്ചവയലിൽ വെട്ടേറ്റ സ്ത്രീകൾ അപകടനില തരണംചെയ്തു
1590065
Monday, September 8, 2025 11:42 PM IST
മുണ്ടക്കയം: ഭാര്യയെയും ഭാര്യാമാതാവിനെയും വെട്ടി പരിക്കേൽപ്പിച്ച ശേഷം യുവാവ് ആത്മഹത്യ ചെയ്ത സംഭവത്തിൽ വെട്ടേറ്റ സ്ത്രീകൾ അപകടനില തരണം ചെയ്തു.
ഞായറാഴ്ച രാവിലെ 11.45ന് മുണ്ടക്കയം പുഞ്ചവയലിലായിരുന്നു നാടിനെ നടുക്കിയ സംഭവം നടന്നത്. മുണ്ടക്കയം കരിനിലം കുഴിപ്പറമ്പിൽ പ്രദീപ് (49) ഭാര്യയെയും ഭാര്യാമാതാവിനെയും ഇവർ താമസിക്കുന്ന പുഞ്ചവയലിലെ വാടക വീട്ടിലെത്തി വെട്ടിപ്പരിക്കേൽപ്പിച്ച ശേഷം ആത്മഹത്യ ചെയ്യുകയായിരുന്നു.
പ്രദീപിന്റെ ഭാര്യ ചേരിത്തോട്ടത്തിൽ സൗമ്യ (33), ഭാര്യാമാതാവ് ബീന നന്ദൻ (64) എന്നിവർക്കണ് പ്രദീപിന്റെ ആക്രമണത്തിൽ ഗുരുതരമായി പരിക്കേറ്റത്. കോട്ടയം മെഡിക്കൽ കോളജിൽ ചികിത്സയിൽ കഴിയുന്ന ഇരുവരും അപകടനില തരണം ചെയ്തതായി പോലീസ് അറിയിച്ചു.
ഏറെ നാളായി പ്രദീപും കുടുംബവും മക്കളായ പൂജ, പുണ്യ എന്നിവരടക്കം വിശാഖപട്ടണത്താണ് താമസിച്ചിരുന്നത്. കുടുംബ വഴക്കിനെത്തുടർന്ന് ഭാര്യ സൗമ്യ നാട്ടിലേക്ക് മടങ്ങി. പിന്നീട് അഞ്ചു മാസങ്ങൾക്ക് മുമ്പ് സൗമ്യ ഇളയ മകളെയും കൂട്ടി അമ്മ ബീനയ്ക്കൊപ്പം പുഞ്ചവയലിൽ വാടകയ്ക്ക് വീടെടുത്ത് താമസിക്കുകയായിരുന്നു. ഓണാവധിക്ക് ഇളയ മകളെ തിരികെ കൂട്ടിക്കൊണ്ട് പോകുവാനായാണ് പ്രദീപ് നാട്ടിലെത്തിയത്.
എന്നാൽ ഇതുസംബന്ധിച്ച് തർക്കമുണ്ടാകുകയും മുണ്ടക്കയം പോലീസ് സ്റ്റേഷനിൽ എത്തുകയും ചെയ്തു. ഇവിടെ വച്ച് ഇളയ കുട്ടി അമ്മയോടൊപ്പം പോയാൽ മതിയെന്ന് പറഞ്ഞതാണ് പ്രകോപനത്തിന് ഇടയാക്കിയതെന്നും പറയപ്പെടുന്നു.
വിശാഖപട്ടണത്തുള്ള മലയാളി അസോസിയേഷന്റെ നേതൃത്വത്തിൽ മൂത്ത മകൾ പൂജയെ നാട്ടിൽ എത്തിച്ചു. പ്രദീപിന്റെ സംസ്കാരം ഇന്നലെ വീട്ടുവളപ്പിൽ നടത്തി.