നായശല്യത്തിനെതിരേ പരാതി പറഞ്ഞ ഗൃഹനാഥനെയും കുടുംബത്തെയും ആക്രമിച്ചു
1590315
Tuesday, September 9, 2025 7:16 AM IST
ചിങ്ങവനം: അയല്‍വാസിയുടെ നായ്ക്കളുടെ ശല്യം സഹിക്കവയ്യാതെ വന്നതോടെ ഉടമയോടു പരാതി പറഞ്ഞ ഗൃഹനാഥനെയും കുടുംബത്തെയും വീട്ടില്‍ക്കയറി മൃഗീയമായി മര്‍ദിച്ച കേസില്‍ ഈസ്റ്റ് പോലീസ് ആറുപേരെ അറസ്റ്റ് ചെയ്തു. പൂവന്തുരുത്ത് കിഴക്ക് ഭാഗത്ത് ഇഞ്ചിപ്പറമ്പില്‍ മനീഷ്, ഭാര്യ ശാരി, പതിമൂന്നുകാരനായ മകന്, ബന്ധുക്കളായ രണ്ടു പേര് എന്നിവരാണ് ക്രൂരമര്‍ദനത്തിന് ഇരയായത്.
അയല്പക്കത്തു വാടകയ്ക്കു താമസിക്കുന്ന അനിലിന്റെ നായ്ക്കളുടെയും പൂച്ചകളുടെയും മതില് ചാടിക്കടന്നുള്ള ശല്യം പതിവായതോടെ മനീഷ്, അനിലിന്റെ ഭാര്യയോട് പരാതി പറഞ്ഞതാണ് ആക്രമണത്തിനു കാരണമായതെന്ന് ഈസ്റ്റ് പോലീസ് പറഞ്ഞു.
പരാതി പറഞ്ഞതിനെത്തുടര്‍ന്ന് വാഹനങ്ങളില്‍ എത്തിയ ഗുണ്ടാസംഘം ആക്രമണം അഴിച്ചുവിടുകയായിരുന്നുവെന്ന് ദൃക്സാക്ഷികള്‍ പറയുന്നു. മനീഷിന്റെ തലയ്ക്കേറ്റ പരിക്കില്‍ ആറു തുന്നലുകള്‍ ഉണ്ട്.
നാട്ടുകാര്‍ വിളിച്ചറിയിച്ചതിനെത്തുടര്‍ന്ന് സ്ഥലത്തെത്തിയ പോലീസ് ആറുപേരെ അറസ്റ്റ് ചെയ്തു. കോടതിയില്‍ ഹാജരാക്കിയ പ്രതികളെ റിമാൻഡ് ചെയ്തു.