ജനാധിപത്യത്തിന്റെ സ്വാദ് പിന്നാക്ക സമുദായത്തിന് ലഭിച്ചിട്ടില്ല: വെള്ളാപ്പള്ളി നടേശൻ
1590034
Monday, September 8, 2025 7:14 AM IST
എരുമേലി: മതാധിപത്യത്തിന്റെ കടന്നുകയറ്റം മൂലം ജനാധിപത്യത്തിന്റ യഥാർഥ സ്വാദ് അനുഭവിക്കാൻ പിന്നാക്ക സമുദായത്തിന് ഇന്നും സാധിച്ചിട്ടില്ലെന്ന് എസ്എൻഡിപി യോഗം ജനറൽ സെക്രട്ടറി വെള്ളാപ്പള്ളി നടേശൻ.
എരുമേലിയിൽ ചതയ ദിനാഘോഷ പൊതുസമ്മേളനം ഉദ്ഘാടനം ചെയ്തു പ്രസംഗിക്കുകയായിരുന്നു അദ്ദേഹം. ജാതിമത വിവേചനത്തിന്റെ യാതനകൾ ഏറെ സഹിച്ച പിന്നാക്ക സമുദായത്തിന് ജനാധിപത്യം വന്ന് കാലമേറെയായിട്ടും ഈ വിവേചനങ്ങളിൽനിന്ന് മോചനം സാധ്യമായിട്ടില്ല. സാമുദായിക ശക്തിസമാഹരണത്തിലൂടെ മാത്രമേ വിവേചനങ്ങളിൽനിന്ന് മോചനവും സാമൂഹികനീതിയും ലഭിക്കുകയുള്ളൂവെന്ന് അദ്ദേഹം പറഞ്ഞു.
മന്ത്രി വീണാ ജോർജ് വിശിഷ്ടാതിഥിയായി പങ്കെടുത്തു. യൂണിയൻ ഏർപ്പെടുത്തിയ വിദ്യാഭ്യാസ എൻഡോവ്മെന്റ് അവാർഡുകൾ സെബാസ്റ്റ്യൻ കുളത്തുങ്കൽ എംഎൽഎ വിതരണം ചെയ്തു.
എരുമേലി യൂണിയൻ ചെയർമാൻ കെ. പദ്മകുമാർ അധ്യക്ഷത വഹിച്ചു. യൂണിയൻ ഭാരവാഹികൾ ജനറൽ സെക്രട്ടറി വെള്ളാപ്പള്ളി നടേശനെ ആദരിച്ചു.