നെടുങ്ങാട്-മാളിയേക്കല്‍ റോഡ് നാടിനു സമർപ്പിച്ചു
1590070
Monday, September 8, 2025 11:42 PM IST
കാഞ്ഞിരപ്പള്ളി: മുപ്പതു വര്‍ഷമായി ഗതാഗതയോഗ്യമല്ലാതായി കിടന്നിരുന്ന റോഡ് കോൺക്രീറ്റ് ചെയ്ത് നാട്ടുകാര്‍ക്കായി തുറന്നുനല്‍കി. പഞ്ചായത്ത് 19-ാം വാര്‍ഡിലെ മാളിയേക്കല്‍ ഭാഗത്തെ നാല്‍പ്പതോളം കുടുംബങ്ങളുടെ ഏക ആശ്രയമായ നെടുങ്ങാട്-മാളിയേക്കല്‍ റോഡാണ് ഗതാഗതയോഗ്യമാക്കിയത്.
പഞ്ചായത്ത് ഫണ്ടില്‍നിന്ന് 9.25 ലക്ഷം രൂപ ചെലവഴിച്ചാണ് നവീകരണ പ്രവര്‍ത്തനങ്ങള്‍ നടത്തിയത്.
പഞ്ചായത്ത് വികസനകാര്യ സ്ഥിരംസമിതി അധ്യക്ഷന്‍ റിജോ വാളാന്തറ റോഡിന്റെ ഉദ്ഘാടനം നിർവഹിച്ചു. തെരഞ്ഞെടുപ്പുകാലത്ത് നല്കിയ വാഗ്ദാനമായിരുന്നു റോഡ് നവീകരണവും കുടിവെള്ളമെത്തിക്കലുമെന്നതും ഇവ രണ്ടും പൂര്‍ത്തിയാക്കിയതായും റിജോ വാളാന്തറ പറഞ്ഞു. ബ്ലോക്ക് പഞ്ചായത്തംഗം ടി.ജെ. മോഹനന്, പഞ്ചായത്തംഗം വി.പി. രാജന്, അജു പനയ്ക്കല്‍, ജോസി കത്തിലാങ്കല്‍, സിജോ കളരിക്കല്‍, ജോര്‍ജുകുട്ടി പുല്‍പ്പേല്‍, സിഡിഎസ് അംഗം സ്മിത രവി തുടങ്ങിയവര്‍ പ്രസംഗിച്ചു.