കുറവിലങ്ങാട്ടെ മരിയൻ പ്രത്യക്ഷീകരണങ്ങൾ നേരിൽക്കണ്ട് ആയിരങ്ങൾ
1590313
Tuesday, September 9, 2025 6:54 AM IST
കുറവിലങ്ങാട്: ദ്യശ്യവിസ്മയങ്ങളുടെ നേരനുഭവും വിശ്വാസത്തിന്റെ തീവ്രതയും മാതൃഭക്തിയുടെ നേർക്കാഴ്ചയും ചേർത്തൊരുക്കിയ വിരുന്ന് വിളമ്പി എസ്എംവൈഎം യൂണിറ്റ്. എട്ടുനോമ്പാചരണത്തോടനുബന്ധിച്ചാണ് എസ്എംവൈഎം യൂണിറ്റ് കുറവിലങ്ങാട്ടെ മരിയൻ പ്രത്യക്ഷീകരണങ്ങളുടെ ദ്യശ്യാവതരണം നടത്തിയത്.
കല്ലുകൾ അപ്പമാക്കിയും തെളിനീർ തെളിച്ചുനൽകിയും കൽക്കുരിശ് ഉയർത്തിനാട്ടിയുമൊക്കെയുള്ള മാതൃപ്രത്യക്ഷീകരണങ്ങളെ മികവുറ്റ രീതിയിൽ അവതരിപ്പിക്കാൻ സംഘാടകർക്ക് കഴിഞ്ഞു.
കാട്ടിലകപ്പെട്ട വൈദികന് വഴികാട്ടിയായും വിശ്വാസം ഏറ്റുപറയാൻ അക്രൈസ്തവനോട് നിർദേശിച്ചും ദേവാലയ അഭിവൃദ്ധിക്കായി പലതവണ നിർദേശം നൽകിയുമൊക്കെയുള്ള മരിയൻ പ്രത്യക്ഷീകരണങ്ങൾ മരിയഭക്തിയുടെ ആഴങ്ങളിലേക്ക് പ്രേക്ഷകനെ കൂട്ടിക്കൊണ്ടുപോയതിനൊപ്പം സാങ്കേതിക ക്രമീകരണങ്ങളിലും വേറിട്ടുനിന്നു.
സംഘാടകരെ ആർച്ച്പ്രീസ്റ്റ് റവ.ഡോ. തോമസ് മേനാച്ചേരി, സീനിയർ അസി. വികാരി ഫാ. ജോസഫ് മണിയഞ്ചിറ, എസ്എംവൈഎം ഡയറക്ടർ ഫാ. ജോസഫ് ചൂരയ്ക്കൽ എന്നിവർ അഭിനന്ദിച്ചു. ഭാരവാഹികളായ സെബാസ്റ്റ്യൻ പൊയ്യാനി, അമല ആൻ ബെന്നി, എബിൻ സജി, നേഹ ലിജു തുടങ്ങിയവർ നേതൃത്വം നൽകി.