മണര്‍കാട് പള്ളിയിൽ വൻ ഭക്തജനത്തിരക്ക്
1590305
Tuesday, September 9, 2025 6:54 AM IST
മണര്‍കാട്: മരിയന്‍ തീര്‍ഥാടന കേന്ദ്രമായ സെന്റ് മേരീസ് യാക്കോബായ സുറിയാനി കത്തീഡ്രലില്‍ ഭക്തജന തിരക്ക്. എട്ടുനോമ്പ് പെരുന്നാളിന്റെ പ്രധാന പെരുന്നാള്‍ ദിനമായ ഇന്നലെ കത്തീഡ്രലില്‍ അത്യപൂര്‍വമായ ഭക്തജനതിരക്കായിരുന്നു അനുഭവപ്പെട്ടത്.
പെരുന്നാളിനോടനുബന്ധിച്ചു വര്‍ഷത്തിലൊരിക്കല്‍ മാത്രം വിശ്വാസികള്‍ക്ക് ദര്‍ശനത്തിനായി തുറക്കുന്ന വിശുദ്ധ ദൈവമാതാവിന്റെയും ഉണ്ണിയേശുവിന്റെയും ഛായാചിത്രം ദര്‍ശിക്കുന്നതിനു നാനാജാതിമതസ്ഥരായ വിശ്വാസികള്‍ നാടിന്റെ നാനാഭാഗങ്ങളില്‍നിന്ന് എത്തിയിരുന്നു. രാത്രി വൈകിയും പള്ളിയിലേക്ക് ഭക്തജനങ്ങളുടെ പ്രവാഹമായിരുന്നു.
സ്ലീബാ പെരുന്നാള്‍ ദിനമായ 14 വരെ വിശ്വാസികള്‍ക്ക് ദൈവമാതാവിന്റെയും ഉണ്ണിയേശുവിന്റെയും ഛായാചിത്രം ദര്‍ശിക്കുന്നതിനു അവസരമുണ്ടായിരിക്കും. 14ന് സന്ധ്യാപ്രാര്ഥനയെത്തുടര്ന്നാണ് നട അടയ്ക്കല്‍ ശുശ്രൂഷ നടക്കും. 14 വരെ വിശുദ്ധ കുര്‍ബാനയ്ക്ക് സഭയിലെ വിവിധ മെത്രാപ്പോലീത്തമാര്‍ മുഖ്യകാര്‍മികത്വം വഹിക്കും.
ഇന്ന് രാവിലെ 7.30ന് യാക്കോബ് മാര്‍ അന്തോണിയോസും നാളെ രാവിലെ 7.30ന് കുര്യാക്കോസ് മാര്‍ ഗ്രീഗോറിയോസും 11ന് രാവിലെ 7.30ന് മാത്യൂസ് മാര്‍ അന്തീമോസും 12ന് രാവിലെ 7.30ന് ഏലിയാസ് മാര്‍ യൂലിയോസും 13ന് രാവിലെ 7.30ന് ഗീവര്‍ഗീസ് മാര്‍ സ്തേഫാനോസും വിശുദ്ധ കുര്‍ബാനയ്ക്ക് പ്രധാന കാര്‍മികത്വം വഹിക്കും.
സ്ലീബാ പെരുന്നാള്‍ ദിനമായ 14ന് രാവിലെ 7.30ന് പ്രഭാത പ്രാര്‍ഥന. 8.30ന് വിശുദ്ധ മൂന്നിന്മേല് കുര്‍ബാനയ്ക്ക് കുര്യാക്കോസ് മാര്‍ ക്ലീമീസ് മുഖ്യകാര്‍മികത്വം വഹിക്കും. വൈകുന്നേരം അഞ്ചിന് സന്ധ്യാപ്രാര്‍ഥനയ്ക്കും തുടര്‍ന്നുള്ള നടയടയ്ക്കല്‍ ശുശ്രൂഷയ്ക്കും സുന്നഹദോസ് സെക്രട്ടറി തോമസ് മാര്‍ തീമോത്തിയോസ് മുഖ്യകാര്‍മികത്വം വഹിക്കും. എട്ടുനോമ്പ് പെരുന്നാളിനോടനുബന്ധിച്ചുള്ള വൈദ്യുത ദീപാലങ്കാരങ്ങള്‍ 14 വരെ ഉണ്ടായിരിക്കും.