ദേശീയപാതയിലെ സീബ്രാലൈനുകൾ മാഞ്ഞു
1590049
Monday, September 8, 2025 10:41 PM IST
മുണ്ടക്കയം: ദേശീയപാത 183ല് കാഞ്ഞിരപ്പള്ളിക്കും മുണ്ടക്കയത്തിനുമിടയിൽ സീബ്രാലൈനുകളും ഡിവൈഡർ ലൈനുകളും മാഞ്ഞു. അന്തർ സംസ്ഥാന ദേശീയപാതകളിൽ പ്രധാനപ്പെട്ട റോഡാണ് കൊട്ടാരക്കര -ദിണ്ടിഗൽ ദേശീയപാത. എന്നാൽ, ഇന്ന് റോഡിന്റെ അവസ്ഥ പല ഭാഗങ്ങളിലും പഞ്ചായത്ത് റോഡിനേക്കാൾ ശോചനീയമാണ്. സംസ്ഥാനപാതകൾ പോലും ദേശീയ നിലവാരത്തിൽ നവീകരിക്കുമ്പോഴാണ് അവഗണനയുടെ നടുവിൽ കൊട്ടാരക്കര-ദിണ്ടിഗൽ ദേശീയപാതയുള്ളത്.
ദിവസേന ആയിരക്കണക്കിന് വാഹനങ്ങൾ കടന്നുപോകുന്ന ദേശീയപാതയിൽ കാഞ്ഞിരപ്പള്ളിക്കും മുണ്ടക്കയത്തിനുമിടയിൽ പലഭാഗത്തും ഡിവൈഡർ ലൈനുകളും സീബ്രാലൈനുകളും മാഞ്ഞിട്ട് നാളുകൾ പിന്നിട്ടു.
ചിറ്റടി അട്ടിവളവ്, എസ്എൻഡിപി വളവ്, 31-ാംമൈൽ വേബ്രിഡ്ജ് വളവ്, പൈങ്ങനയിലെ പതിവ് അപകട സ്ഥലങ്ങളായ കൊടുംവളവുകളിലൊന്നും ഡിവൈഡർ ലൈനുകളില്ല. കാലപ്പഴക്കത്താൽ വരകൾ മാഞ്ഞതോടെ അപകടങ്ങളും വർധിക്കുകയാണ്.
സീബ്രാലൈനുകളുടെ അഭാവത്തിൽ രാത്രികാലങ്ങളിൽ മൂടൽമഞ്ഞുകൂടി ഇറങ്ങുന്നതോടെ വാഹനയാത്രക്കാർക്ക് വലിയ ബുദ്ധിമുട്ടാകും സൃഷ്ടിക്കുക. ഇത് അപകടങ്ങൾ പെരുകാനിടയാക്കും.
മുണ്ടക്കയം ടൗണിലെ പ്രധാന ജംഗ്ഷനുകളിലും സീബ്രാലൈനുകൾ പൂർണമായും മാഞ്ഞു. ഇതോടെ കാൽനട യാത്രക്കാർ റോഡ് മുറിച്ചുകിടക്കുന്നത് ജീവൻ പണയംവച്ചാണ്.