ശുചിമുറിവെള്ളം ഒഴുക്കിവിടുന്നതായി പരാതി
1590304
Tuesday, September 9, 2025 6:54 AM IST
കോട്ടയം: ഹോട്ടലില്‍നിന്ന് ഇരുട്ടിന്റെ മറവില്‍ ശുചിമുറി വെള്ളം ഒഴുക്കിവിടുന്നതായി പരാതി. തിരുനക്കര ക്ഷേത്രത്തിന് എതിര്‍വശത്തു പ്രവര്‍ത്തിക്കുന്ന ഹോട്ടലില്‍നിന്നുമാണ് വെള്ളം പുറത്തേക്കൊഴുക്കുന്നതെന്ന് ആക്ഷേപമുയര്‍ന്നിരിക്കുന്നത്. ഒഴുകിയെത്തുന്ന മലിനജലം വ്യാപാരസ്ഥാപനങ്ങള്‍ക്കു മുന്നില്‍ കെട്ടിക്കിടക്കുകയാണ്. ഇതു വഴിയാത്രക്കാർക്കും വ്യാപാരികൾക്കും സമീപത്തെ ഓട്ടോത്തൊഴിലാളികൾക്കും ബുദ്ധിമുട്ടാകുന്നതായാണ് പരാതി.
ഈ വെള്ളം തിരുനക്കര അമ്പലത്തിന്റെ കല്‍വിളക്കിനു സമീപത്തേക്കും ഒഴുകിയെത്തുന്നുണ്ട്. അവിടെനിന്നാണ് ഓട്ടോ സ്റ്റാന്‍ഡിലേക്കു വെള്ളമെത്തുന്നത്. വെള്ളം കെട്ടിനിന്നു പ്രദേശമാകെ മലിനമാണ്. ഇതുമൂലം യാത്രക്കാര്‍ ഓട്ടം വിളിക്കാന്‍ വരുന്നില്ലെന്ന് ഓട്ടോറിക്ഷാ ഡ്രൈവർമാർ പറയുന്നു.
ഓട്ടോയിലേക്ക് കയറണമെങ്കില്‍ ഈ വെള്ളത്തില്‍ ചവിട്ടി വേണമെന്നുള്ളതാണ് നിലവിലെ സ്ഥിതി. തിരുവോണനാളിലും തുടർന്നുള്ള ദിവസങ്ങളിലും ഓട്ടംപോകാന്‍ ഈ തൊഴിലാളികള്‍ക്കു സാധിച്ചിട്ടില്ല. വെള്ളം കെട്ടിക്കിടന്ന് കൊതുകും പെറ്റുപെരുകുകയാണ്. നഗരസഭയിലും ആരോഗ്യവകുപ്പിലും പരാതി നല്‍കിയിട്ട് ആഴ്ചകള്‍ പിന്നിട്ടെങ്കിലും അധികൃതര്‍ അറിഞ്ഞമട്ടില്ല.
ഹോട്ടലുടമയോട് ഓട്ടോറിക്ഷാ തൊഴിലാളികളും നാട്ടുകാരും പ്രശ്നത്തെപ്പറ്റിസംസാരിച്ചപ്പോള് തങ്ങളുടെ വെള്ളമല്ലെന്നാണ് മറുപടി നല്‍കിയത്. നഗരസഭയുടെ മൂക്കിന്‍തുമ്പിലാണ് ഇരുട്ടിന്റെ മറവില്‍ ശുചിമുറി വെള്ളം ഒഴുക്കിവിടുന്നതെന്നിരിക്കെ ചെയര്‍പേഴ്സണോ ബന്ധപ്പെട്ട വകുപ്പധികൃതരോ പ്രശ്നം കണ്ട ഭാവം കാണിക്കുന്നില്ലെന്ന് ആക്ഷേപമുണ്ട്.