ചങ്ങനാശേരി അതിരൂപതയില്‍ ഈശോയുടെ മനുഷ്യാവതാര ജൂബിലി സമാപനം
1590023
Monday, September 8, 2025 7:11 AM IST
പ്രത്യാശാജ്യോതി പ്രയാണം 14 മുതല്‍
ചങ്ങനാശേരി: ചങ്ങനാശേരി അതിരൂപതയില്‍ ഈശോയുടെ മനുഷ്യാവതാര ജൂബിലി സമാപന കര്‍മ പദ്ധതികള്‍ സെപ്റ്റംബര്‍ 14 മുതല്‍ ഡിസംബര്‍ 24 വരെ നടക്കും. പരിപാടിയുടെ ആദ്യഘട്ടമായി ഈ മാസം 14 മുതല്‍ നവംബര്‍ 29 വരെ തീയതികളിലായി അതിരൂപതയിലെ എണ്‍പതിനായിരം കുടുംബങ്ങളിലൂടെ പ്രത്യാശാ ജ്യോതി പ്രയാണം നടത്തും.
സമ്പൂര്‍ണ ബൈബിള്‍, മാര്‍ത്തോമ്മ സ്ലീവ, വിളക്ക്, തിരുക്കുടുംബത്തിന്റെ ഛായാചിത്രം എന്നിവ മുത്തുക്കുടയുടെ അകമ്പടിയോടെ എത്തിക്കും. വീടുകളില്‍ പ്രത്യാശാ ജ്യോതി എത്തുന്നതോടെ പ്രത്യേക പ്രാര്‍ഥനകള്‍ നടക്കും. ഈശോ നല്കുന്ന പ്രത്യാശയില്‍ അതിരൂപതയിലെ കുടുംബങ്ങള്‍ നിറഞ്ഞ് വിശ്വാസ ദീപ്തിയില്‍ നിറയുക എന്നതാണ് പ്രത്യാശാജ്യോതി പ്രയാണത്തിന്റെ ലക്ഷ്യം.
ഒക്ടോബര്‍, നവംബര്‍ മാസങ്ങളില്‍ വിവിധ പ്രത്യാശാ സായാഹ്ന കണ്‍വന്‍ഷനുകളും സംഘടിപ്പിക്കും. പാറേല്‍ മരിയന്തീര്ഥാടന കേന്ദ്രത്തിലേക്ക് ഡിസംബര്‍ ഒന്നുമുതല്‍ 21 വരെ തീര്‍ഥാടനവും സംഘടിപ്പിച്ചിട്ടുണ്ട്. 2025-ാം വര്‍ഷത്തില്‍ ഫ്രാന്‍സിസ് പാപ്പ തുടക്കമിട്ട പ്രത്യാശയുടെ തീര്‍ഥാടകര്‍ എന്ന ജൂബിലിവര്‍ഷം 2026 ജനുവരി ആറിനാണ് സമാപിക്കുന്നത്.
പാറേല്‍പള്ളി അതിരൂപതയുടെ ജൂബിലി തീര്‍ഥാടനകേന്ദ്രം
ജൂബിലിയിലൂടെ പൂര്‍ണ ദണ്ഡവിമോചനം ലഭ്യമാക്കുന്നതിന് ഓരോ രൂപതയിലും തീര്‍ഥാടന കേന്ദ്രങ്ങള്‍ പ്രഖ്യാപിക്കാന്‍ മാര്‍പാപ്പ ചുമതലപ്പെടുത്തിയതുപ്രകാരം പാറേല്‍ സെന്റ് മേരീസ് പള്ളിയെ അതിരൂപതയുടെ ജൂബിലി തീര്‍ഥാടന കേന്ദ്രമായി ആര്‍ച്ച്ബിഷപ് മാര്‍ തോമസ് തറയില്‍ പ്രഖ്യാപിച്ചു. വിശ്വാസത്തോടെ ജൂബിലി കവാടത്തിലൂടെ പ്രവേശിക്കുകയും അനുരഞ്ജന കൂദാശയും വിശുദ്ധ കുര്‍ബാനയുടെ സ്വീകരിക്കുകയും മാര്‍പാപ്പയ്ക്കുവേണ്ടി പ്രാര്‍ഥിക്കുകയും ചെയ്യുന്ന വിശ്വാസികള്‍ക്കു പൂര്‍ണ ദണ്ഡവിമോചനം ലഭിക്കുന്നതാണ്.
പാറേല്‍ തീര്‍ഥാടന കേന്ദ്രത്തിലേക്ക് തീര്‍ഥാടനം നടത്താന്‍ സാധിക്കാത്തവര്‍ക്ക് തീര്‍ഥാടനത്തോട് ആത്മീയമായി ഐക്യപ്പെട്ടും കൂദാശകള്‍ സ്വീകരിച്ചും പൂര്ണദണ്ഡവിമോചനം പ്രാപിക്കാവുന്നതാണ്.
ഡിസംബര്‍ ഒന്നുമുതല്‍ 21വരെ പാറേല്പ്പള്ളിയില് തീര്‍ഥാടകര്‍ക്കായി പ്രത്യേക ക്രമീകരണങ്ങളുണ്ടാകും. ഈ ദിവസങ്ങളില്‍ വിവിധ ഫൊറോനകള്‍ റീജണുകളായി തിരിഞ്ഞ് പാറേല്പള്ളിയിലേക്കു തീര്‍ഥാടനം നടത്തും.
ഡിസംബര്‍ ഒന്നു മുതല്‍ എഴുവരെ: (ചങ്ങനാശേരി, തുരുത്തി, തൃക്കൊടിത്താനം, ചെങ്ങന്നൂര്‍ ഫൊറോനകള്‍) ചങ്ങനാശേരി റീജണ്‍. ഡിസംബര്‍ ഒമ്പത്-12: (മണിമല, നെടുംകുന്നം, കുറുമ്പനാടം ഫൊറോനകള്‍) നെടുംകുന്നം റീജണ്‍.
ഡിസംബര്‍ 13: (മുഹമ്മ, ചമ്പക്കുളം, എടത്വ, പുളിങ്കുന്ന്, ആലപ്പുഴ ഫൊറോനകള്‍) ആലപ്പുഴ, കുട്ടനാട് റീജണ്‍. ഡിസംബര്‍ 15-21: (കോട്ടയം, കുടമാളൂര്‍, അതിരമ്പുഴ ഫൊറോനകള്‍) കോട്ടയം റീജണ്‍. (തിരുവനന്തപുരം, കൊല്ലം-ആയൂര്‍, അമ്പൂരി ഫൊറോനകള്‍)തിരുവനന്തപുരം റീജണ്‍.
കുടുംബങ്ങൾ ജൂബിലി ചൈതന്യത്തിൽ നിറയണം: മാര്‍ തോമസ് തറയില്‍
കുടുംബങ്ങളും വ്യക്തികളും ഇടവകകളും ജൂബിലി ചൈതന്യത്തില്‍ നിറയുകയാണ് ഈശോയുടെ മനുഷ്യാവതാര ജൂബിലി സമാപന കര്‍മ പദ്ധതികളിലൂടെ ലക്ഷ്യം വയ്ക്കുന്നതെന്ന് ആര്‍ച്ച്ബിഷപ് മാര്‍ തോമസ് തറയില്‍ ഇടയലേഖനത്തില്‍ ചൂണ്ടിക്കാട്ടി. ഇന്നലെ അതിരൂപതയിലെ ഇടവകകളില്‍ ഇടയലേഖനം വായിച്ചു.