ട്രെയിനുകൾക്ക് ഏറ്റുമാനൂരിൽ സ്റ്റോപ്പ്: നിവേദനം കൊടുത്തെന്ന് എംപി
1590026
Monday, September 8, 2025 7:11 AM IST
ഏറ്റുമാനൂർ: ഏറ്റുമാനൂരിൽ കൂടുതൽ ട്രെയിനുകൾക്ക് സ്റ്റോപ്പ് അനുവദിക്കുന്നതിനും ബാംഗ്ലൂർ-എറണാകുളം ഇന്റർസിറ്റി എക്സ്പ്രസ് ട്രെയിൻ കോട്ടയത്തേക്ക് നീട്ടുന്നതും സംബന്ധിച്ച് റെയിൽവേ മന്ത്രിക്ക് നിവേദനം കൊടുത്തതായും തുടർ ചർച്ചകൾ നടക്കുന്നതായും ഫ്രാൻസിസ് ജോർജ് എംപി. കോട്ടയം, ഏറ്റുമാനൂർ റെയിൽവേ സ്റ്റേഷനുകളുടെ വികസനവും കോട്ടയം ബൈപ്പാസ് റോഡിന്റെ നിർമാണവും സാധ്യമാകുമെന്നു പ്രതീക്ഷിക്കുന്നതായും എംപി പറഞ്ഞു. ഏറ്റുമാനൂർ ജനകീയ വികസന സമിതി ഓണാഘോഷ പരിപാടിയുടെ ഭാഗമായി സംഘടിപ്പിച്ച സാംസ്കാരിക സമ്മേളനം ഉദ്ഘാടനം ചെയ്തു പ്രസംഗിക്കുകയായിരുന്നു അദ്ദേഹം.
സമ്മേളനത്തിൽ സമിതി പ്രസിഡന്റ് ബി. രാജീവ് അധ്യക്ഷത വഹിച്ചു. വേൾഡ് പീസ് മിഷൻ ഡയറക്ടർ ബോർഡ് അംഗം ഫിലിപ്പ് ജോസഫ് മണിയാലിൽ, കേരള സീനിയർ സിറ്റിസൺ സംസ്ഥാന പ്രസിഡന്റ് എൻ. അരവിന്ദാക്ഷൻ നായർ, ജോയ് പൂവംനിൽക്കുന്നതിൽ, പ്രഫ. പി.എസ്. ശങ്കരൻ നായർ, വിമല എം. നായർ, മോഹൻകുമാർ മംഗലത്ത്, ബെന്നി ഫിലിപ് തുടങ്ങിയവർ പ്രസംഗിച്ചു.
മികവു തെളിയിച്ച മാധ്യമ പ്രവർത്തകരെ ഫ്രാൻസിസ് ജോർജ് എംപി ആദരിച്ചു. ഓണാഘോഷങ്ങളുടെ ഭാഗമായി തിരുവാതിരകളിയും കുട്ടികളുടെ വിവിധ കലാപരിപാടികളും അരങ്ങേറി.