മണർകാട് പെരുന്നാൾ: കറിനേർച്ച വിതരണം ആരംഭിച്ചു
1590025
Monday, September 8, 2025 7:11 AM IST
മണര്‍കാട്: മണര്‍കാട് സെന്റ് മേരീസ് യാക്കോബായ സുറിയാനി കത്തീഡ്രലിലെ പ്രധാന പെരുന്നാള്‍ ഇന്ന് ആഘോഷിക്കും. കറിനേര്‍ച്ച തയാറാക്കുന്നതിനുള്ള പന്തിരുനാഴി ഘോഷയാത്ര ഇന്നലെ ഉച്ചയ്ക്കു നടന്നു. പാച്ചോര്‍ നേര്‍ച്ചയുടെ കൂപ്പണെടുത്തവര്ക്ക് ഇന്നു പുലര്‍ച്ചെ 12ന് നേര്ച്ചവിതരണമാരംഭിച്ചു.
പാച്ചോര്‍ കമ്മിറ്റി ജോയിന്റ് കണ്‍വീനര്‍ രഞ്ജിത്ത് കെ. ഏബ്രഹാം കാരയ്ക്കാട്ടിന്റെ കൈയ്യില്‍ നെയ് നിറച്ച വിളഞ്ഞ തേങ്ങമുറിയിലെ തിരിയില്‍ പ്രധാന ത്രോണോസിലെ മെഴുകുതിരിയില്‍നിന്ന് കത്തീഡ്രല്‍ സഹവികാരി ജെ. മാത്യു കോര്‍എപ്പിസ്കോപ്പ മണവത്ത് തീപകര്‍ന്നു.
തുടർന്ന് പള്ളിമേടയിലെത്തി വൈദികരുടെ നേതൃത്വത്തില്‍ പ്രാര്‍ഥനകള്‍ നടത്തിയ ശേഷം പന്തിരുനാഴി കൈകളിലേന്തി വാദ്യമേളങ്ങളുടെ അകമ്പടിയോടെ ആഘോഷപൂര്‍വം പുറപ്പെട്ടു. പള്ളിക്ക് ചുറ്റും മൂന്നു പ്രാവശ്യം വലംവച്ച ശേഷം കറിനേര്‍ച്ച തയാറാക്കുന്ന സെന്റ് മേരീസ് ഇംഗ്ലീഷ് മീഡിയം സ്കൂളില്‍ പന്തിരുനാഴി എത്തിച്ചു.
ഫാ. ലിറ്റു തണ്ടാശേരിലിന്റെ നേതൃത്വത്തില്‍ പ്രാര്‍ഥനകള്‍ക്കു ശേഷം പാച്ചോര്‍ കമ്മിറ്റി ജോയിന്റ് കണ്‍വീനര്‍ തേങ്ങാമുറിയിലെ തിരിയില്‍നിന്ന് അടുപ്പിലേക്ക് തീ പകര്‍ന്നു. പന്തിരുനാഴി അടുപ്പില്‍ വച്ചശേഷം ജെ. മാത്യു മണവത്തും ട്രസ്റ്റിമാരും സെക്രട്ടറിയും നെയ്യും ആദ്യഅരിയും ഇട്ടു കറിനേര്‍ച്ച തയാറാക്കലിനു തുടക്കംകുറിച്ചു.
വൈകുന്നേരം അഞ്ചിന് സന്ധ്യാപ്രാര്‍ഥനയെത്തുടര്‍ന്ന് നാടകശാലയില്‍ നടവിളക്ക് തെളിച്ചു. കോട്ടയം ഭദ്രാസനാധിപന്‍ തോമസ് മാര്‍ തീമോത്തിയോസ്, സഹവികാരിമാരായ ജെ. മാത്യു കോര്‍എപ്പിസ്കോപ്പ മണവത്ത്, ഫാ. കുറിയാക്കോസ് കാലായില്‍, ഫാ. എം.ഐ. തോമസ് മറ്റത്തില്‍, ഫാ. കുര്യന് മാത്യു വടക്കേപറമ്പില്‍, ഫാ. ഗീവര്‍ഗീസ് നടുമുറിയില്, ഫാ.ലിറ്റു തണ്ടാശേരില്‍, കത്തീഡ്രല്‍ ട്രസ്റ്റിമാരായ സുരേഷ് കെ. എബ്രഹാം കണിയാംപറമ്പില്‍,
ബെന്നി ടി. ചെറിയാന് താഴത്തേടത്ത്, ജോര്‍ജ് സഖറിയ ചെമ്പോല, കത്തീഡ്രല്‍ സെക്രട്ടറി പി.എ. ചെറിയാന് പാണാപറമ്പില്‍ എന്നിവര്‍ നടവിളക്ക് തെളിച്ചു. 7.30ന് കരോട്ടെ പള്ളി ചുറ്റിയുള്ള പ്രദക്ഷിണവും ആശീര്‍വാദവും നടന്നു. തുടര്‍ന്ന് ആകാശവിസ്മയവും മാര്‍ഗംകളിയും പരിചമുട്ടുകളിയും നടത്തി.