ആടുമാടുകള്‍ക്കും നല്‍കാം, പേവിഷ പ്രതിരോധ കുത്തിവയ്പ്
1590373
Wednesday, September 10, 2025 12:07 AM IST
കോട്ടയം: പേവിഷ ബാധ വരാതിരിക്കാന്‍ പശു, ആട്, എരുമ, പോത്ത് തുടങ്ങിയവയ്ക്കും പ്രതിരോധ വാക്സിന് നല്‍കാമെന്നിരിക്കേ തദ്ദേശസ്ഥാപനങ്ങളും മൃഗസംരക്ഷണ വകുപ്പും ജില്ലയില്‍ നടപടിയെടുക്കുന്നില്ല. ജില്ലയില്‍ ഇതോടകം അന്‍പതിലേറെ ആടുമാടുകള്‍ പേ വിഷബാധയില്‍ വിവിധയിടങ്ങളിലായി ചത്തൊടുങ്ങിട്ടുണ്ട്. റബര്‍ത്തോട്ടങ്ങളിലും വനാതിര്‍ത്തിയിലും മേയാന്‍ കെട്ടുകയോ അഴിച്ചുവിടുകയോ ചെയ്യുന്ന ആടുമാടുകളെ നരിയും കുറുക്കനും കടിച്ചാണ് ഏറെയിടങ്ങളിലും പേവിഷ ബാധയുണ്ടായത്.
തൊഴുത്തില്‍ ഒന്നിലേറെ ആടുമാടുകളുണ്ടെങ്കില് അവയ്ക്കും വൈറസ് ബാധിക്കാനുള്ള സാധ്യത കൂടുതലാണ്. ഇവയെ പരിപാലിക്കുന്നവര്‍ക്കും പേവിഷ ബാധ സാധ്യത തള്ളിക്കളയാനാവില്ല. പാലക്കാട്, തൃശൂര്‍ ജില്ലകളില്‍ കാലികള്‍ പേ ഇളകി ചത്ത സാഹചര്യത്തില്‍ വിവിധ പഞ്ചായത്തുകളില്‍ മുഴുവന്‍ ആടുമാടുകള്‍ക്കും പ്രതിരോധ വാക്സിന് കുത്തിവച്ചിരുന്നു. മേയാന്‍ അഴിച്ചുവിടുന്ന പശുക്കള്‍ക്കും കുത്തിവയ്പ് നല്കി.
റബര്‍ മേഖലയില്‍ ഒട്ടേറെ തോട്ടങ്ങള്‍ കാടു കയറിയും ടാപ്പിംഗ് മുടങ്ങിയും കിടക്കുന്നതിനാല്‍ ജില്ലയില്‍ നരിയും കുറുക്കനും പെരുകി വളരുകയാണ്. പേവിഷ ബാധ വൈറസുള്ള നരിയും കുറുക്കനും നാട്ടില്‍ വളര്‍ത്തുന്നതും അലഞ്ഞു തിരിയുന്നതുമായ നായകളെ കടിക്കുന്നത് പതിവാണ്. പേയിളകിയാല്‍ നായയും നരിയും നാല്പതു കിലോമീറ്റര്‍വരെ ഓടി മനുഷ്യരെയും മൃഗങ്ങളെയും കടിക്കാറുണ്ട്.
കേരളത്തില്‍ വിവിധയിടങ്ങളില്‍ നാട്ടാനകള്‍ ചരിഞ്ഞപ്പോള്‍ പോസ്റ്റ്മോര്‍ട്ടം പരിശോധനയില്‍ റാബിസ് കണ്ടെത്തിയ അപൂര്‍വം സംഭവവുമുണ്ട്. മരങ്ങളില്‍ തളയ്ക്കുന്ന ആനയെ രാത്രി നായോ നരിയോ കടിച്ചാണ് റാബിസ് ബാധയുണ്ടായത്. പലയിടങ്ങളിലും മാര്‍ക്കറ്റുകളിലേക്കും വഴിയോരങ്ങളിലേക്കും മേയാന്‍ പശുക്കളെയും ആടുകളെയും ഉടമകള്‍ അഴിച്ചുവിടാറുണ്ട്.
കുറുനരികള്‍ക്ക് പ്രതിരോധ ശേഷി കൂടുതലായതിനാല്‍ പേ ബാധിച്ചാലും ഉടനെ ചത്തുവീഴില്ല. ഇങ്ങനെയുള്ളവയാണ് റാബിസ് വൈറസിന്റെ പ്രധാന വാഹകര്‍.
നായയും നരിയും മൃഗങ്ങളെ മാത്രമല്ല മനുഷ്യരെയും പൂച്ച, കോഴി, മുയല് തുടങ്ങിയവയെയും ആക്രമിക്കാറുണ്ട്. നെടുങ്കുന്നം, കടുത്തുരുത്തി, വെള്ളാവൂര്‍, തലയോലപ്പറമ്പ്, വൈക്കം പഞ്ചായത്തുകളില്‍ അടുത്തയിടെ പേയിളകി പശുക്കള്‍ ചത്തൊടുങ്ങിയതോടെ കര്‍ഷകര്‍ വലിയ ആശങ്കയിലാണ്. പാല്, മാസം എന്നിവ തിളപ്പിച്ച് ഉപയോഗിച്ചാല്‍ പ്രശ്നമില്ലെങ്കിലും ഇവയെ കറന്നെടുക്കാനും കശാപ്പുചെയ്യാനും ഭയപ്പെടേണ്ട സാഹചര്യമുണ്ട്.
അറവുശാലകളില്‍ എത്തിക്കുന്ന മാടുകള്‍ക്ക് രോഗബാധയുണ്ടോ എന്നറിയാല്‍ നിലവില്‍ സംവിധാനമില്ല. പശു, എരുമ എന്നിവ ചത്താല്‍ അവയെ മറവു ചെയ്യാൻ കഷ്ടപ്പാടും ചെലവും ഏറെയാണ്.