ജൂബിലി നിറവിൽ അവർ ഒന്നുചേർന്നു
1590337
Tuesday, September 9, 2025 11:32 PM IST
കാഞ്ഞിരപ്പള്ളി: കാഞ്ഞിരപ്പള്ളി രൂപത ഫാമിലി അപ്പൊസ്തലേറ്റിന്റെ നേതൃത്വത്തില്‍ വിവാഹത്തിന്റെ സുവര്‍ണ ജൂബിലി ആഘോഷിക്കുന്നവരുടെ സംഗമം തണല്‍ 2k25 വേറിട്ട അനുഭവമായി. സംഗമത്തോടനുബന്ധിച്ച് പൊടിമറ്റം സെന്റ് മേരീസ് പള്ളിയില്‍ രൂപത സിഞ്ചെല്ലൂസ് റവ.ഡോ. സെബാസ്റ്റ്യന്‍ കൊല്ലംകുന്നേല്‍ വിശുദ്ധ കുര്‍ബാന അര്‍പ്പിച്ചു.
തുടര്‍ന്നു നടന്ന പൊതുസമ്മേളനം ബിഷപ് മാർ ജോസ് പുളിക്കൽ ഉദ്ഘാടനം ചെയ്തു. വാര്‍ധക്യം അനുഗ്രഹമാണെന്നും സ്വര്‍ഗത്തിനായി സുകൃതങ്ങള്‍ ശേഖരിക്കാനുള്ള അവസരമായി അതിനെ അംഗീകരിക്കണമെന്നും അദ്ദേഹം ഉദ്ബോധിപ്പിച്ചു.
മാതൃവേദി രൂപത പ്രസിഡന്റ് ജിജി ജേക്കബ് പുളിയംകുന്നേല്‍ അധ്യക്ഷത വഹിച്ചു. ഫാ. തോമസ് കപ്പിയാങ്കല്‍, സിസ്റ്റർ അന്ന മരിയ സിഎംസി എന്നിവര്‍ പ്രസംഗിച്ചു. മണിമലക്കുന്നേല്‍ ഫിലിപ്പ്-റോസമ്മ ദമ്പതികള്‍ അനുഭവങ്ങള്‍ പങ്കുവച്ചു. ജൂബിലി ആഘോഷിക്കുന്നവർക്ക് മെമന്റോയും സമ്മാനങ്ങളും നല്കി.
ഫാമിലി അപ്പൊസ്തലേറ്റ് ഡയറക്ടര്‍ ഫാ. മാത്യു ഓലിക്കല്‍, അനിമേറ്റര്‍ സിസ്റ്റർ റോസ്മി എസ്എബിഎസ്, ബ്രദര്‍ കെവിന്, മാതൃവേദി ഭാരവാഹികള്‍ തുടങ്ങിയവർ നേതൃത്വം നല്കി.