വിദ്യാര്‍ഥിക്ക് റെയില്‍വേയുടെ ഇലക്ട്രിക് ലൈനില്‍നിന്നു വൈദ്യുതാഘാതമേറ്റു
1590380
Wednesday, September 10, 2025 12:08 AM IST
കടുത്തുരുത്തി: റെയില്‍വേ സ്റ്റേഷനില്‍ പിടിച്ചിട്ടിരുന്ന ഗുഡ്സ് ട്രെയിനിനു മുകളിലൂടെ പാളം മുറിച്ചുകടക്കാന്‍ ശ്രമിച്ച പോളിടെക്നിക്ക് വിദ്യാര്‍ഥിക്ക് റെയില്‍വേയുടെ ഇലക്ട്രിക് ലൈനില്‍നിന്നു വൈദ്യുതാഘാതമേറ്റു. ഗുരുതരമായി പരിക്കേറ്റ വിദ്യാര്‍ഥിയെ മുട്ടുചിറ എച്ച്ജിഎം ആശുപത്രിയിലും തുടര്‍ന്ന് കോട്ടയം മെഡിക്കല്‍ കോളജ് ആശുപത്രിയിലും പ്രവേശിപ്പിച്ചു.
ഇന്നലെ വൈകുന്നേരം 4.30 ഓടെ ആപ്പാഞ്ചിറയിലെ വൈക്കം റോഡ് റെയില്‍വേ സ്റ്റേഷനിലാണ് അപകടം. കടുത്തുരുത്തി ഗവ. പോളിടെക്നിക്കിലെ രണ്ടാം വര്‍ഷ കംപ്യൂട്ടര്‍ എന്‍ജിനിയറിംഗ് വിദ്യാര്‍ഥി എറണാകുളം കുമ്പളം ശ്രീനിലയം വീട്ടില്‍ രതീഷ് കുമാറിന്റെ മകന് എസ്.ആര്. അദ്വൈതി (20) നാണ് പൊള്ളലേറ്റത്.
ക്ലാസ് കഴിഞ്ഞ് വീട്ടിലക്ക് പോകുമ്പോഴാണ് സംഭവം. റെയില്‍വേ സ്റ്റേഷനിലെത്തിയ അദ്വൈത് ട്രാക്കില്‍ കിടന്ന് ഗുഡ്സ് ട്രെയിനിന് മുകളിലൂടെ പാളം മുറിച്ചുകടക്കാന്‍ ശ്രമിക്കുമ്പോളാണ് അപകടം. ഗുരുതരമായി പൊള്ളലേറ്റ വിദ്യാര്‍ഥിയുടെ ശരീരത്തിലും വസ്ത്രത്തിലും തീപിടിച്ചതോടെ നാട്ടുകാര്‍ ചേര്‍ന്ന് തീ തല്ലിക്കെടുത്തുകയായിരുന്നു.
സുഹൃത്തുക്കള്‍ക്കൊപ്പം റെയില്‍വേ പാലത്തിനു താഴെയുള്ള വഴിയിലൂടെ ട്രാക്ക് മുറിച്ച് കടക്കുന്നിടത്ത് നിര്‍ത്തിയിട്ട ഗുഡ്സ് ട്രെയിനിന് മുകളിലൂടെ മറുസൈഡിലേക്ക് ഇറങ്ങാന്‍ ശ്രമിക്കുന്നതിനിടെയിലാണ് ഷോക്കേറ്റതെന്ന് സുഹൃത്തുക്കള്‍ പറഞ്ഞു. പെട്രോള്‍ കയറ്റിവന്ന ഗുഡ്സ് ട്രെയിനിന്റെ മുകളില്‍ കയറുന്നതിനിടെ 25,000 കിലോ വോള്‍ട്ട് കടന്നുപോകുന്ന ലൈനില്നിന്നുമാണ് വൈദ്യുതാഘാതമേറ്റത്.
ഷോക്കേറ്റ് താഴെ വീണ അദ്വൈതിനെ റെയില്‍വേ ജീവനക്കാരും യാത്രക്കാരും ചേര്‍ന്ന് മുട്ടുചിറ എച്ച്ജിഎം ആശുപത്രിയില്‍ എത്തിക്കുകയായിരുന്നു. പിന്നീട് വിദഗ്ധ ചികിത്സയ്ക്കായി കോട്ടയം മെഡിക്കല്‍ കോളജിലേക്ക് മാറ്റി. ദേഹത്ത് ധരിച്ചിരുന്ന വസ്ത്രങ്ങള്‍ കരിഞ്ഞുപോയി. ഈ ഭാഗത്ത് റെയില്‍വേ ട്രാക്കിലൂടെയാണ് ആളുകള്‍ സ്റ്റേഷനിലേക്കെത്തുന്നത്. കുറെ ദിവസങ്ങളായി ഈ ഭാഗത്തെ ട്രാക്കില്‍ ട്രെയിനുകള്‍ പിടിച്ചിടുന്നതിനാല്‍ സ്റ്റേഷനിലേക്കെത്തുന്ന യാത്രക്കാര്‍ ചുറ്റിക്കറങ്ങി വരേണ്ട സ്ഥിതിയായിരുന്നു.