ഏറ്റുമാനൂർ കോടതി പിന്നെയും ചുരുങ്ങുന്നു
1594909
Friday, September 26, 2025 6:41 AM IST
ഏറ്റുമാനൂർ, കിടങ്ങൂർ പോലീസ് സ്റ്റേഷൻ പരിധി മാത്രം കേസുകൾ കുത്തനെ കുറഞ്ഞു
അഭിഭാഷകരും ക്ലർക്കുമാരും പ്രതിസന്ധിയിൽ
ഏറ്റുമാനൂർ: ഏറ്റുമാനൂർ ജുഡീഷൽ ഫസ്റ്റ് ക്ലാസ് മജിസ്ട്രേട്ട് കോടതിയുടെ പരിധി പിന്നെയും ചുരുക്കുന്നു. നീണ്ടൂർ പഞ്ചായത്തിൽ ഉൾപ്പെടുന്ന ഓണംതുരുത്ത് വില്ലേജ് പ്രദേശം പുതുതായി സ്ഥാപിക്കുന്ന മാഞ്ഞൂർ പോലീസ് സ്റ്റേഷൻ പരിധിയിലാക്കിയതോടെ വൈക്കം കോടതിയുടെ പരിധിയിലേക്കു മാറ്റി. ഗാന്ധിനഗർ പോലീസ് സ്റ്റേഷൻ പ്രദേശം നേരത്തേ കോട്ടയം ജുഡീഷൽ ഫസ്റ്റ് ക്ലാസ് മജിസ്ട്രേട്ട് കോടതി - രണ്ടിലേക്കു മാറ്റിയിരുന്നു.
ഓണംതുരുത്തും പോയി
ഗാന്ധിനഗർ സ്റ്റേഷൻ പോയതോടെ ഏറ്റുമാനൂർ, കിടങ്ങൂർ പോലീസ് സ്റ്റേഷൻ പരിധി മാത്രമാണ് ഏറ്റുമാനൂർ കോടതിക്കുള്ളത്. ഏറ്റുമാനൂർ സ്റ്റേഷൻ പരിധിയിലായിരുന്ന ഓണംതുരുത്ത് വില്ലേജുകൂടി നഷ്ടമായതോടെ ഏറ്റുമാനൂർ കോടതിയുടെ പരിധി തീർത്തും ശുഷ്കമായി.
വൈക്കം അഞ്ച്, ഏറ്റുമാനൂർ രണ്ട്
അഞ്ച് പോലീസ് സ്റ്റേഷനുകൾ ഉൾപ്പെടുന്ന വിശാലമായ പ്രദേശം വൈക്കം കോടതിയുടെ പരിധിയിൽ വരുമ്പോഴാണ് ഏറ്റുമാനൂർ കോടതിക്കു വെറും രണ്ടു പോലീസ് സ്റ്റേഷനുകളുടെ മാത്രം പരിധിയുള്ളത്. ഇത്ര ശുഷ്കമായ പരിധിയുള്ള വേറെ കോടതികൾ കോട്ടയം ജില്ലയിൽ ഇല്ലെന്നു ചൂണ്ടിക്കാണിക്കപ്പെടുന്നു.
വൈക്കം കോടതിയിൽ വൈകുന്നേരംവരെ കോടതി നടപടി നീളുമ്പോൾ ഏറ്റുമാനൂർ കോടതിയിൽ ഉച്ചയോടെ കോടതി നടപടി തീരുന്നതായി അഭിഭാഷകർ പറഞ്ഞു.
ഗാന്ധിനഗർ സ്റ്റേഷൻ പരിധി മാറ്റിയതോടെ ഏറ്റുമാനൂർ കോടതിയിൽ കേസുകളുടെ എണ്ണം ഗണ്യമായി കുറഞ്ഞത് അഭിഭാഷകരെയും അഭിഭാഷക ക്ലർക്കുമാരെയും പ്രതികൂലമായി ബാധിച്ചിരിക്കുന്ന സാഹചര്യം നിലനിൽക്കുമ്പോഴാണ് ഇപ്പോൾ ഓണംതുരുത്ത് വില്ലേജു കൂടി നഷ്ടമായിരിക്കുന്നത്.
മുഖ്യമന്ത്രിക്കും നിയമമന്ത്രിക്കും കത്ത് നല്‍കിയെന്ന് മന്ത്രി വാസവൻ
ഏറ്റുമാനൂര്‍: നിയോജക മണ്ഡലത്തിലെ അതിരമ്പുഴ, ആര്‍പ്പൂക്കര പഞ്ചായത്തുകളിലെ വ്യവഹാരങ്ങള്‍ ഏറ്റുമാനൂര്‍ ജുഡീഷല്‍ ഫസ്റ്റ് ക്ലാസ് മജിസ്ട്രേറ്റ് കോടതിയുടെ അധികാര പരിധിയില്‍ നിലനിര്‍ത്തണമെന്നാവശ്യപ്പെട്ടു മുഖ്യമന്ത്രിക്കും നിയമ മന്ത്രിക്കും കത്ത് നല്‍കിയതായി മന്ത്രി വി.എന്‍. വാസവന്.
കാലങ്ങളായി ഏറ്റുമാനൂര്‍ ജുഡീഷല്‍ ഫസ്റ്റ് ക്ലാസ് മജിസ്ട്രേറ്റ് കോടതിയുടെ അധികാര പരിധിയില്പ്പെട്ടതായിരുന്ന ഈ സ്ഥലങ്ങള്‍. എന്നാല്‍, അടുത്തിടെ വരുത്തിയ ചില മാറ്റങ്ങള്‍ മൂലം ഗാന്ധിനഗര്‍ പോലീസ് സ്റ്റേഷനു കീഴില്‍ വരുന്ന ഈ പ്രദേശങ്ങളിലെ കേസുകള്‍ കോട്ടയം ജുഡീഷല്‍ ഫസ്റ്റ് ക്ലാസ് മജിസ്ട്രേറ്റ് രണ്ടാം കോടതിയിലേക്കു മാറ്റിയത് അതിരമ്പുഴ, ആര്‍പ്പൂക്കര പഞ്ചായത്തുകളിലെ ജനങ്ങള്‍ക്കു കോടതി വ്യവഹാരങ്ങള്‍ക്കായി പോകുന്നതിനു കൂടുതല്‍ യാത്രാ ബുദ്ധിമുട്ടുകള്‍ ഉണ്ടാക്കുന്നുണ്ട്.
മുന്‍പത്തെ സ്ഥിതി പുനഃസ്ഥാപിക്കണമെന്നാണ് കത്ത് നല്‍കിയിരിക്കുന്നത്. നീണ്ടൂരിലെ കേസുകള്‍ നിലവില്‍ തുടരുന്ന ഏറ്റുമാനൂര്‍ ജുഡീഷല്‍ ഫസ്റ്റ് ക്ലാസ് മജിസ്ട്രേറ്റ് കോടതിയില്‍ത്തന്നെ നിലനിര്‍ത്തണമെന്നും ആവശ്യപ്പെട്ടിട്ടുണ്ടെന്ന് മന്ത്രി പറഞ്ഞു.