അകലക്കുന്നം പഞ്ചായത്തില്‍ മാതൃകാ കൃഷിഭവന്
1594913
Friday, September 26, 2025 6:41 AM IST
അകലക്കുന്നം: അകലക്കുന്നം പഞ്ചായത്തില്‍ മാതൃകാ കൃഷിഭവന്റെ നിര്‍മാണം പൂര്‍ത്തിയായി. പഞ്ചായത്തിന്റെ 2021 മുതലുള്ള പ്ലാന്‍ ഫണ്ടില്‍നിന്ന് 93 ലക്ഷം രൂപ വിനിയോഗിച്ചാണ് നിര്‍മാണം പൂര്‍ത്തീകരിച്ചത്. നേരത്തേ കൃഷിഭവന് പ്രവര്‍ത്തിച്ചിരുന്ന കെട്ടിടം ഉപയോഗയോഗ്യമല്ലാതായതിനെത്തുടര്ന്നാണ് 348.39 ചതുരശ്ര മീറ്റര്‍ വിസ്തീര്‍ണ്ണമുള്ള ഇരുനില കെട്ടിടം നിര്‍മിച്ചത്.
കൃഷി ഓഫീസറുടെ ഓഫീസ്, ഫ്രണ്ട് ഓഫീസ്, കോണ്‍ഫറന്‍സ് മുറി, ഡൈനിംഗ് മുറി, പ്ലാന്റ് ഹെല്‍ത്ത് ക്ലിനിക്, റെക്കോര്‍ഡ് മുറി, രണ്ട് ശൗചാലയങ്ങള്‍, വെയിറ്റിംഗ് ഏരിയ എന്നിവയാണ് ഇവിടെ സജ്ജീകരിച്ചിരിക്കുന്നത്. ജില്ലാ നിര്‍മിതി കേന്ദ്രത്തിനായിരുന്നു നിര്‍മാണച്ചുമതല.
താഴത്തെ നിലയില്‍ പാര്‍ക്കിംഗിനും തൈകളും കാര്‍ഷികോപകരണങ്ങളും സൂക്ഷിക്കുന്നതിനും സൗകര്യമുണ്ട്. ചെടികളിലെ രോഗങ്ങളും കീടബാധയും നിയന്ത്രിക്കുന്നതിനുള്‍പ്പെടെ കര്‍ഷകരെ സഹായിക്കുന്നതിനായി പ്രത്യേക ക്ലിനിക്കുകള്‍ നടത്തുന്നതിന് കൃഷിവകുപ്പില്‍നിന്ന് അനുമതി ലഭിച്ചിട്ടുണ്ട്.
ഒക്ടോബര്‍ ആദ്യവാരം മന്ത്രി പി. പ്രസാദ് കൃഷിഭവന് ഉദ്ഘാടനം ചെയ്യുമെന്ന് പഞ്ചായത്ത് പ്രസിഡന്റ് സിന്ധു അനില്‍കുമാറും വൈസ് പ്രസിഡന്റ് മാത്തുക്കുട്ടി ഞായറുകുളവും അറിയിച്ചു.