കൂടാരം ഭവനപദ്ധതിയിൽ എട്ടാം വീടിന്റെ വെഞ്ചരിപ്പും ഒമ്പതാം വീടിന്റെ തറക്കല്ലിടീലും
1594926
Friday, September 26, 2025 7:00 AM IST
കടുത്തുരുത്തി: നിത്യസഹായകന് ട്രസ്റ്റിന്റെ നേതൃത്വത്തില്‍ നിര്‍മിച്ചു നല്കുന്ന കൂടാരം ഭവന പദ്ധതിയിലെ എട്ടാമത്തെ വീടിന്റെ വെഞ്ചരിപ്പും ഒമ്പതാമത്തെ വീടിന്റെ തറക്കല്ലിടലും 28നു നടക്കും. ഞീഴൂര്‍ വിശ്വഭാരതി സ്കൂളിനു സമീപമാണ് ഭവനങ്ങള്‍. മണിമല എം.സി. ജോസഫ് ജീവിതപങ്കാളി വാഴപ്പറമ്പില്‍ സാറാമ്മ ജോസിന്റെ രണ്ടാം ചരമവാര്‍ഷിക ദിനത്തില്‍ പത്തു സെന്റ് സ്ഥലം ട്രസ്റ്റിന് കൈമാറിയിരുന്നു.
വിദ്യാര്‍ഥികളായ രണ്ട് പെണ്‍കുട്ടികള്‍ക്കും ഇവരുടെ മാതാവായ ഇരവിമംഗലം സ്വദേശിനി സുധയ്ക്കുമാണ് ഇവിടെ പൂര്‍ത്തിയായ ഭവനം കൈമാറുന്നത്. ഒരു കുട്ടിയുടെ പഠനത്തിനു വേണ്ട സഹായങ്ങള്‍ ചെയ്തു നല്‍കിയത് കടുത്തുരുത്തി എസ്കെപിഎസ് സ്കൂള്‍ മാനേജ്മെന്റാണ്. രണ്ടാമത്തെയാള്‍ നഴ്സിംഗ് വിദ്യാഥിനിയാണ്. സുധ വീട്ടുജോലിക്കു പോയാണ് മക്കളെ വളര്‍ത്തുന്നതും പഠിപ്പിക്കുന്നതും.
28ന് കല്ലിടുന്ന ഭവനം ഞീഴൂര്‍ പാറശേരിയില്‍ വാടകയ്ക്ക് താമസിക്കുന്ന രോഗിയും വിധവയും നിര്‍ധനയുമായ കുഞ്ഞുമോള്‍ക്കാണ് നൽകുന്നത്. ട്രസ്റ്റിന്റെ എട്ടാമത്തെ ഭവനത്തിന് പുതുപ്പറമ്പില്‍ ബിജു സിറിയക് രണ്ടു ലക്ഷം രൂപ ട്രസ്റ്റിന് നല്കി. ആറു ലക്ഷത്തോലം രൂപ ചെലവഴിച്ചാണ് ഭവന നിര്‍മാണം പൂര്‍ത്തിയാക്കിയതെന്ന് ട്രസ്റ്റ് അധികൃതര്‍ അറിയിച്ചു.
ഭവനത്തിന്റെ വെഞ്ചരിപ്പിനോടനുബന്ധിച്ച് എം.സി. ജോസഫ് തുടക്കമിട്ട സാറാമ്മ മെമ്മോറിയല്‍ എന്‍ഡോവ്മെന്റ് ഈ വര്‍ഷം നഴ്സിംഗ് വിദ്യാര്‍ഥി ഹന്ന ബേബിക്ക് നല്‍കും.
മന്ന ഭക്ഷ്യ പദ്ധതിയില്‍ 186 കുടുംബങ്ങള്‍ക്ക് എല്ലാ മാസവും ഭക്ഷ്യധാന്യ വിതരണം നടത്തുന്ന നിത്യസഹായകന്, എസ്എസ്എല്‍സി വിദ്യാര്‍ഥികള്‍ക്ക് സൗജന്യ ട്യൂഷന്, ആംബുലന്‍സ് സേവനം, നാല് സര്‍ക്കാര്‍ ആശുപത്രികളില്‍ രോഗികള്‍ക്കും കൂട്ടിരിപ്പുകാര്‍ക്കും കൂടാതെ ഒരു ബഡ് സ്കൂളിലും അമ്മവീട് അഗതിമന്ദിരത്തിലും ഭക്ഷണവിതരണം, ആരും തുണയില്ലാത്ത കിടപ്പായ നിര്‍ധന അമ്മമാരെ ഏറ്റെടുത്തു പരിപാലിക്കുന്ന അമ്മവീട് തുടങ്ങി വിവിധ ശുശ്രൂഷകളാണ് സമൂഹത്തിനായി ചെയ്തുവരുന്നത്.
പൂര്‍ത്തിയായ ഭനത്തിന്റെ വെഞ്ചരിപ്പും പുതിയ ഭവനത്തിന്റെ ശിലാസ്ഥാനവും കടുത്തുരുത്തി വലിയപള്ളി വികാരി ഫാ. ജോണ്സണ് നീലനിരപ്പേല്‍, കാട്ടാമ്പാക്ക് സെന്റ് മേരീസ് പള്ളി വികാരി ഫാ. ജിസ് അമ്മനത്തുകുന്നേല്‍, ഞീഴൂര്‍ ഉണ്ണിമിശിഹാ പള്ളി വികാരി ഫാ. ഫിലിപ് രാമച്ചനാട്ട് എന്നിവര്‍ നിര്‍വഹിക്കും. താക്കോല്‍ദാനം മോന്‍സ് ജോസഫ് എംഎല്‍എ നിര്‍വഹിക്കും. തുടര്‍ന്നു നടക്കുന്ന സമ്മേളനം ഞീഴൂര്‍ പഞ്ചായത്ത് പ്രസിഡന്റ് ശ്രീകല ദിലീപ് ഉദ്ഘാടനം ചെയ്യും. ട്രസ്റ്റ് പ്രസിഡന്റ് അനില്‍ ജോസഫ് അധ്യക്ഷത വഹിക്കും.