ഞീഴൂര്‍ കമ്യൂണിറ്റി ഹാളിന്റെ സീലിംഗ് തകര്‍ന്ന സംഭവം : അന്വേഷണം വേണം
1594921
Friday, September 26, 2025 7:00 AM IST
മന്ത്രിക്ക് നിവേദനം നല്കി മോൻസ് ജോസഫ് എംഎൽഎ
കടുത്തുരുത്തി: എംഎല്‍എ ഫണ്ട് വിനിയോഗിച്ച് ഞീഴൂർ കമ്യൂണിറ്റി ഹാളില്‍ നടപ്പാക്കിയ നവീകരണ പ്രവര്‍ത്തനങ്ങളില്‍ സീലിംഗ് ഉള്‍പ്പെടെയുള്ള ഭാഗങ്ങള്‍ തകര്‍ന്ന സംഭവത്തെക്കുറിച്ച് സര്‍ക്കാര്‍ തലത്തില്‍ സമഗ്ര അന്വേഷണം നടത്തണമെന്ന് ആവശ്യപ്പെട്ട് മോന്‍സ് ജോസഫ് എംഎല്‍എ തദേശ സ്വയംഭരണ മന്ത്രി എം.ബി. രാജേഷിന് നിവേദനം നല്കി.
നിര്‍മാണ പ്രവര്‍ത്തനങ്ങളില്‍ തകരാറ് സംഭവിച്ചതിന്റെ ഉത്തരവാദിത്വത്തില്‍നിന്ന് ഇടതുമുന്നണി ഭരിക്കുന്ന ത്രിതല പഞ്ചായത്ത് സമിതികളുടെ കീഴിലുള്ള എന്‍ജിനിയറിംഗ് വിഭാഗങ്ങള്‍ക്ക് ഒഴിഞ്ഞുമാറാനാവില്ലെന്ന് എംഎല്‍എ പറഞ്ഞു. പഞ്ചായത്ത് ആവശ്യപ്പെട്ടതനുസരിച്ചാണ് 25 ലക്ഷം രൂപ എംഎല്‍എ ഫണ്ടില്‍നിന്ന് അനുവദിച്ചത്. ജില്ലാകളക്ടര്‍ എംഎല്‍എ ഫണ്ടിന് ഭരണാനുമതി നല്കിയ ശേഷമുള്ള ഒരു കാര്യങ്ങളിലും എംഎല്‍എയ്ക്ക് നേരിട്ട് ഇടപെടേണ്ടിവരുന്നില്ല.
ജില്ലാ പഞ്ചായത്തിനു കീഴിലുള്ള എല്‍എസ്ജിഡി എക്സിക്യൂട്ടീവ് എൻജിനിയര്‍ പരിശോധിച്ച ശേഷം കടുത്തുരുത്തി ബ്ലോക്ക് പഞ്ചായത്തിനു കീഴിലുള്ള എല്‍എസ്ജിഡി എന്‍ജിനിയറിംഗ് വിഭാഗമാണ് പ്രോജക്ടിന്റെ എസ്റ്റിമേറ്റ് തയാറാക്കുന്നതും പ്രവൃത്തി ടെന്‍ഡര്‍ ചെയ്തു നടപ്പാക്കുന്നതും.
പഞ്ചായത്തിന്റെ ഉടമസ്ഥതയിലുള്ളതും ആസ്തിയില്‍ ഉള്‍പ്പെട്ടതുമായ കമ്യൂണിറ്റി ഹാള്‍ നവീകരിക്കുന്നതിൻരെ മോണിറ്ററിംഗ് ചുമതല പഞ്ചായത്തിന്റെ ഉത്തരവാദിത്വമാണ്.
അപാകതകളില്ലാതെ കുറ്റമറ്റ രീതിയില്‍ കമ്യൂണിറ്റി ഹാള്‍ നിര്‍മാണം പൂര്‍ത്തിയാക്കാൻ എന്‍ജിനിയറിംഗ് വിഭാഗങ്ങള്‍ക്കും കരാറുകാരനും സര്‍ക്കാര്‍ കര്‍ശന നിര്‍ദേശം നല്‍കണമെന്ന് മന്ത്രിക്ക് നല്കിയ നിവേദനത്തില്‍ ആവശ്യപ്പെട്ടതായി എംഎല്‍എ പറഞ്ഞു.