പെൺകുട്ടിയെ തട്ടിക്കൊണ്ടുപോയ കേസിൽ അന്വേഷണം ഊർജിതം
1594922
Friday, September 26, 2025 7:00 AM IST
വൈക്കം: ആസാം സ്വദേശിയായ പതിനഞ്ചുകാരിയെ തട്ടിക്കൊണ്ടുപോയ സംഭവത്തിൽ ഇതരസംസ്ഥാന തൊഴിലാളിയായ യുവാവിനെതിരേ വൈക്കം പോലീസ് കേസെടുത്ത് അന്വേഷ ണം ഊർജിതമാക്കി. ആസാം സ്വദേശിയായ ഗുൽജാർ ഹുസൈനി(24)നെതിരേയാണ് വൈക്കം പോലീസ് കേസെടുത്തത്.
കഴിഞ്ഞ 19നു രാവിലെയായിരുന്നു സംഭവം. വർഷങ്ങളായി കുടുംബസമേതം വൈക്കം ഉദയനാപുരത്ത് വാടകയ്ക്ക് താമസിച്ചുവരികയാണ് പെൺകുട്ടിയും മാതാപിതാക്കളുമടങ്ങുന്ന കുടുംബം. രണ്ടാഴ്ച മുമ്പ് ആക്രിസാധനങ്ങൾ ശേഖരിക്കാൻ വൈക്കത്തെത്തിയ യുവാവ് വീട്ടിൽ ആരുമില്ലാതിരുന്ന നേരത്ത് പെൺകുട്ടിയെ തട്ടിക്കൊണ്ടുപോകുകയായിരുന്നു.
പെൺകുട്ടിയുടെ രക്ഷിതാക്കൾ വൈക്കം പോലീസിൽ പരാതി നൽകിയതിനെത്തുടർന്ന് പോലീസ് യുവാവിന്റെ മൊബൈൽ ഫോൺ ടവർ ലോക്കേഷൻ കേന്ദ്രീകരിച്ചു നടത്തിയ അന്വേഷണത്തിൽ പെൺകുട്ടിയുമായി ഇയാൾ കർണാടകയിൽ എത്തിയതായി വിവരം ലഭിച്ചിട്ടുണ്ട്.