അതിരമ്പുഴ ഡിവിഷനിൽ 1.8 കോടിയുടെ പദ്ധതികൾ പൂർത്തിയാകുന്നു
1594920
Friday, September 26, 2025 7:00 AM IST
ഏറ്റുമാനൂർ: ജില്ലാ പഞ്ചായത്ത് അതിരമ്പുഴ ഡിവിഷനിൽ 1.8 കോടി രൂപയുടെ വികസന പ്രവർത്തനങ്ങൾ ഒക്ടോബർ 31നു മുമ്പ് പൂർത്തീകരിക്കുമെന്ന് ജില്ലാ പഞ്ചായത്ത് അംഗം ഡോ. റോസമ്മ സോണി. ആകെ 7.30 കോടി രൂപയുടെ പദ്ധതികളാണ് ഭരണ കാലാവധിക്കുള്ളിൽ പൂർത്തിയാക്കുന്നത്.
മാന്നാനം സെന്റ് എഫ്രേം ഹയർ സെക്കൻഡറി സ്കൂളിൽ 25 ലക്ഷം രൂപയ്ക്ക് നിർമാണം പൂർത്തീകരിച്ച ടോയ്ലറ്റ് സമുച്ചയം വെള്ളിയാഴ്ച മൂന്നിന് ഉദ്ഘാടനം ചെയ്യും. മെഡിക്കൽ കോളജ് കുട്ടികളുടെ ആശുപത്രിയിൽ പൊതുജനങ്ങൾക്കും രോഗികളുടെ കൂട്ടിരിപ്പുകാർക്കും വേണ്ടി 32 ലക്ഷം രൂപ ചെലവഴിച്ച് നിർമിച്ച ശുചിമുറി സമുച്ചയത്തിന്റെ ഉദ്ഘാടനം ഒക്ടോബർ ആറിന് നാലിന് ഫ്രാൻസിസ് ജോർജ് എംപി നിർവഹിക്കും. ആർപ്പൂക്കര, അയ്മനം, അതിരമ്പുഴ, നീണ്ടൂർ പഞ്ചായത്തുകളിൽ 15 ലക്ഷം രൂപ ചെലവഴിച്ചു സ്ഥാപിച്ച മിനി ഹൈമാസ്റ്റ് ലൈറ്റ് ഒക്ടോബർ നാലിന് ഉദ്ഘാടനം ചെയ്യും.
മുടിയൂർക്കരയിൽ ഏഴു ലക്ഷം രൂപ ചെലവഴിച്ച് നിർമിച്ച വെയ്റ്റിംഗ് ഷെഡിന്റെ ഉദ്ഘാടനം ഒക്ടോബർ ഏഴിന് ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് ഹേമലത പ്രേംസാഗർ നിർവഹിക്കും. അതിരമ്പുഴ പഞ്ചായത്തിലെ 15 കേന്ദ്രങ്ങളിൽ മാലിന്യനിക്ഷേപം തടയാൻ 10 ലക്ഷം രൂപ ചെലവഴിച്ച് സ്ഥാപിക്കുന്ന സിസി ടിവി കാമറകൾ ഒക്ടോബർ ഒമ്പതിന് ഉദ്ഘാടനം ചെയ്യും.
അതിരമ്പുഴ പഞ്ചായത്തിലെ വനിതാ സംരഭകർക്കായി ഡിവിഷൻ വികസന ഫണ്ടിൽനിന്ന് അഞ്ചു ലക്ഷം രൂപ ഒക്ടോബർ 10ന് കൈമാറും. കഴിഞ്ഞ നാലര വർഷം അതിരമ്പുഴ ഡിവിഷനിൽ 5.5 കോടി രൂപയുടെ വികസന പദ്ധതികളാണ് പൂർത്തീകരിച്ചത്.