ഇരട്ടി വാഗ്ദാനം ചെയ്ത് 1.07 കോടി രൂപ തട്ടിയെടുത്തു
1580805
Sunday, August 3, 2025 4:30 AM IST
കൊച്ചി: നിക്ഷേപം ഇരട്ടിയാക്കാമെന്ന് വാഗ്ദാനം ചെയ്ത് കൊച്ചിയില്‍ 54കാരനില്‍ നിന്ന് 1.07 കോടി രൂപ തട്ടിയെടുത്തു. എളമക്കര സ്വദേശിയായ പരാതിക്കാരനെ ഓണ്‍ലൈനിലൂടെ പരിചയപ്പെട്ട ശേഷമായിരുന്നു തട്ടിപ്പ്.
മുംബൈയിലെ ഒയാസീസ് ടെക്നോളജീസ് പ്രൈവറ്റ് ലിമിറ്റഡ് എന്ന് സ്ഥാപനത്തിലെ ഉദ്യോഗസ്ഥരെന്നാണ് വിശ്വസിപ്പിച്ചാണ് ബംഗളൂരു സ്വദേശികളായ പൂര്‍ണ അഗര്‍വാള്‍, വിക്രം മല്‍ഹോത്ര, ബിവായ് റോയ് ചൗധരി എന്നിവര്‍ പരാതിക്കാരനെ സമീപിച്ചത്. നിക്ഷേപിക്കുന്നതിന്റെ ഇരട്ടി നിശ്ചിത ദിവസത്തിനകം തിരികെ ലഭിക്കുമെന്നായിരുന്നു വാഗ്ദാനം.
ഇതോടെ 10 തവണകളായി 10 ലക്ഷത്തിലധികം രൂപ വീതമാണ് പരാതിക്കാരന് കൈമാറിയത്. കഴിഞ്ഞ മാസം 18 മുതല്‍ 23 വരെയായിരുന്നു സാമ്പത്തിക ഇടപാട്. നിശ്ചിത സമയത്ത് പണം ലഭിക്കാതായതോടെ പ്രതികളെ ഫോണിൽ ബന്ധപ്പെട്ടു. കിട്ടാതായതോടെയാണ് തട്ടിപ്പിനിരയായ കാര്യം ബോധ്യപ്പെട്ടത്. ഇതോടെ പരാതിയുമായി പോലീസിനെ സമീപിക്കുകയായിരുന്നു.