കോട്ടപ്പടിയിൽ കാട്ടാന കിണറ്റിൽ വീണ സംഭവം :പ്രതിഷേധക്കാർക്കെതിരായ കേസ് പിൻവലിക്കാൻ ഉത്തരവായി: എംഎൽഎ
1581187
Monday, August 4, 2025 5:03 AM IST
കോതമംഗലം: കോട്ടപ്പടിയിൽ കാട്ടാന കിണറ്റിൽ വീണതിനെ തുടർന്നുണ്ടായ ജനങ്ങളുടെ പ്രതിഷേധത്തിന്റെ പേരിൽ കോട്ടപ്പടി പോലീസ് എടുത്ത കേസ് പിൻവലിക്കാൻ സർക്കാർ ഉത്തരവായതായി ആന്റണി ജോൺ എംഎൽഎ അറിയിച്ചു.
2024 ഏപ്രിൽ 24ന് പുലർച്ചെ കോട്ടപ്പടി പഞ്ചായത്ത് മൂന്നാം വാർഡിൽ കൂലാത്തി പത്രോസിന്റെ പുരയിടത്തിലെ കിണറ്റിൽ കാട്ടാന വീണതിനെ തുടർന്നുണ്ടായ ജനങ്ങളുടെ സ്വാഭാവിക പ്രതിഷേധത്തിനെതിരെ കോട്ടപ്പടി പോലീസ് രജിസ്റ്റർ ചെയ്ത കേസാണ് പിൻവലിക്കാൻ ഉത്തരവായത്.
പ്രദേശത്ത് നിരന്തരമായി ഉണ്ടാകുന്ന വന്യമൃഗ ശല്യത്തിനെതിരായി സ്വാഭാവികമായ പ്രതിഷേധം മാത്രം ഉയർത്തിയിട്ടുള്ള പ്രദേശ വാസികൾക്കെതിരെയാണ് കേസെടുത്തിരുന്നത്.
കാട്ടാന വീണ കിണർ കുടുംബം മാത്രമല്ല പ്രദേശവാസികളെല്ലാം കുടിവെള്ളത്തിനും മറ്റ് ആവശ്യങ്ങൾക്കുമായി ആശ്രയിച്ചിരുന്നതാണ്. പ്രദേശവാസികളായ ഒന്പതു പേർക്കും കണ്ടാൽ അറിയാവുന്ന പത്തോളം പേർക്ക് എതിരായി ഉണ്ടായിട്ടുള്ള പ്രോസിക്യൂഷൻ നടപടികൾ കോട്ടപ്പടി പോലീസ് സ്റ്റേഷൻ പിൻവലിക്കണമെന്ന് ആവശ്യപ്പെട്ട് മുഖ്യമന്ത്രിക്ക് എംഎൽഎ കത്ത് നൽകിയിരുന്നു.
ഈ അപേക്ഷ പരിഗണിച്ചാണ് കേസ് പിൻവലിക്കാൻ അനുമതി നൽകി സർക്കാർ ഉത്തരവിട്ടത്.